കോഴിക്കോട്: സൈന്യത്തെ കൂടുതൽ യുവത്വമാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കുപ്രചാരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുന്ന യുവജന സംഘടനകൾ കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ അതിനെതിരെ സമരം ചെയ്യുന്നത് വഞ്ചനയാണ്. പദ്ധതിയെ ട്രേഡ് യൂണിയൻ കണ്ണിലൂടെയാണ് കോൺഗ്രസും സി.പി.എമ്മും കാണുന്നത്. സൈന്യമെന്നത് സമർപ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്ന് ഇടതുപക്ഷവും കോൺഗ്രസും മനസിലാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.