തിരുവനന്തപുരം: റെയിൽവേയുടെ സാധനങ്ങൾ ലോറിയിൽ മോഷ്ടിച്ച് കടത്തിയ മൂന്നംഗസംഘത്തെ റെയിൽവേ സംരക്ഷണസേന പിടികൂടി. തമിഴ്നാട് സ്വദേശികളായ അരുണാചലം, ജെബസ്റ്റ്യൻ ബാബു, സിൽബ ദുരൈ എന്നിവരാണ് പിടിയിലായത്. റെയിൽവേ സംരക്ഷണ സേന സീനിയർ ഡിവിഷണൽ സെക്യൂിറ്റി കമ്മിഷണറായ തൻവി പ്രഫുൽ ഗുപ്തയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിള്ളിപ്പാലം അട്ടക്കുളങ്ങര ബൈപ്പാസ് റോഡിൽ തിരുവനന്തപുരം സെൻട്രൽ ആർ.പി.എഫ് ഇൻസ്പെക്ടർ ജെ. അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലോറിയിൽ കടത്തിയ സാധനങ്ങൾ പിടിച്ചെടുത്തത്. 30,000 രൂപ വിലവരുന്ന മോഷണമുതലുകളാണ് ലോറിയിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് ചാലയിലെ അനീഷ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഏകദേശം 20,000 രൂപ വിലവരുന്ന റെയിൽവേ വക സാധനങ്ങളും കണ്ടെത്തി. കളവ് മുതലുകളും അവ കടത്തിക്കൊണ്ടുപോകാനുപയോഗിച്ച ലോറിയും കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |