കൊച്ചി: ലോഡ്‌ജിൽ അവശനിലയിൽ കണ്ടെത്തിയ യുവതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്‌ജിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനിയായ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്.
യുവതി ഉപയോഗിച്ചത് എം ഡി എം എ ആണെന്ന് കണ്ടെത്തിയിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവതി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് പിന്നീട് ഉണ്ടാവും.
ബുധനാഴ്ച രാത്രിയാണ് ലോഡ്‌ജിൽ രണ്ട് യുവതികളെ അവശനിലയിൽ കണ്ടെത്തിയത്. ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി 27ന് എറണാകുളത്ത് എത്തിയതായിരുന്നു ഇവർ. യുവതിയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ വ്യാഴാഴ്ച മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് വിട്ടയച്ചു. ചികിത്സയിൽ കഴിയുന്ന യുവതിയും യുവാക്കളും കുടുംബസുഹൃത്തുക്കളാണെന്നാണ് വിവരം.