SignIn
Kerala Kaumudi Online
Monday, 28 September 2026 4.30 PM IST

ജപ്തിയിലായ സീപ്ളെയിൻ അമേരിക്കയിലേക്ക്

seabird

 കൈമാറ്റ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകും

കൊച്ചി: വായ്‌പ കിട്ടാക്കടമായതിനെ തുടർന്ന് ഇന്ത്യയിൽ ആദ്യമായി ജപ്‌തി ചെയ്യപ്പെട്ട സീപ്ലെയിൻ ശിഷ്ടകാലം കഴിക്കാൻ അമേരിക്കയിലേക്ക്. മലയാളി പൈലറ്റുമാരായ ക്യാപ്‌ടൻ സുധീഷ് ജോർജും ക്യാപ്ടൻ സൂരജും ചേർന്ന് 2014ൽ കൊച്ചി ആസ്ഥാനമായി തുടക്കമിട്ട സീബേർഡ് എന്ന കമ്പനിയുടെ സീപ്ളെയിനാണ് ലേലത്തിലൂടെ സ്വന്തമാക്കിയ അമേരിക്കക്കാരൻ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

2015ൽ അമേരിക്കൻ വിമാനനിർമ്മാണക്കമ്പനിയായ ക്വസ്‌റ്റിൽ നിന്ന് 15 കോടി രൂപയ്ക്കാണ് സീബേർഡ് കമ്പനി 'കോഡിയാക് 100" എന്ന 9-സീറ്റർ സീപ്ളെയിൻ വാങ്ങിയത്. ഇതിനായി ഫെഡറൽ ബാങ്കിൽ നിന്ന് 4.15 കോടിവായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുങ്ങിയതോടെ പലിശയും പിഴപ്പലിശയും സഹിതം ആറുകോടിയിലധികം ബാദ്ധ്യതയായി. ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷനിൽ (ഡി.ജി.സി.എ)​ നിന്ന് പറക്കൽ അനുമതി കിട്ടാതിരുന്നതാണ് സീബേർഡിന് തിരിച്ചടിയായത്.

ബാങ്ക് ചെന്നൈയിലെ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിനെ സമീപിച്ച് കണ്ടുകെട്ടൽ നടപടിക്ക് തുടക്കമിട്ടു. ട്രൈബ്യൂണൽ നിയമിച്ച ലിക്വിഡേറ്ററാണ് വിമാനം ഏറ്റെടുത്ത് ലേലത്തിന് വച്ചത്. ഈവർഷം ജനുവരിയിൽ അമേരിക്കൻ പൗരൻ 3.10 കോടി രൂപയ്ക്ക് സീപ്ളെയിൻ സ്വന്തമാക്കുകയായിരുന്നു.

വിമാനത്തിന്റെ കൈമാറ്റ അനുമതി അമേരിക്കക്കാരന് കൈമാറിക്കഴിഞ്ഞെന്ന് ബാങ്കും ലിക്വിഡേറ്ററും വ്യക്തമാക്കി. മറ്റു സാങ്കേതിക നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകും.

 പറക്കില്ല,​ പൊളിക്കും!

സീപ്ളെയിൻ നിലവിൽ കൊച്ചി വിമാനത്താവളത്തിലാണുള്ളത്. അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചശേഷം വിമാനം ഒരിക്കൽ ശ്രീലങ്കയിലേക്ക് പറന്നതല്ലാതെ പിന്നീട് ആകാശം കണ്ടിട്ടില്ല. അതുകൊണ്ട് നിലവിൽ, പറക്കാവുന്ന സ്ഥിതിയിലുമല്ല. എൻജിൻ അറ്റകുറ്റപ്പണി നടത്തണം. ടയറുകൾ മാറണം. സോഫ്‌റ്റ്‌വെയറിലും മാറ്റംവേണം. ഇതിനുള്ള ചെലവുകഴിച്ചുള്ള തുകയ്ക്കായിരുന്നു ലേലം. വിമാനത്തിന്റെ യന്ത്രം,​ മറ്റുഭാഗങ്ങൾ തുടങ്ങിയവ പൊളിച്ച് ഘടകങ്ങളാക്കി കണ്ടെയ്‌നറിലാണ് അമേരിക്കയിലെത്തിക്കുക. അവിടെ അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് വീണ്ടും പറക്കുക.

 പൊലിഞ്ഞ പദ്ധതി

ലക്ഷദ്വീപിലെ ദ്വീപസമൂഹങ്ങളെ ബന്ധിപ്പിച്ച് ഗതാഗതവും ടൂറിസവുമായിരുന്നു സീബേർഡ് കമ്പനിയുടെ ലക്ഷ്യം. ദ്വീപുകാർക്ക് ഇത് വലിയ നേട്ടമാകുമായിരുന്നു. എയർ ആംബുലൻസായും ഉപയോഗിക്കാമായിരുന്നു. വലിയ പ്രവർത്തനലാഭവും ലഭിക്കുമായിരുന്ന പദ്ധതി പക്ഷേ,​ ലൈസൻസ് കിട്ടാതായതോടെ പൊലിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, SEAPLANE, FEDERAL BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360