SignIn
Kerala Kaumudi Online
Wednesday, 25 September 2024 9.54 PM IST

ക്രമം തെറ്റി എത്തിയ മഴ, പിന്നാലെ കാത്തിരിപ്പുണ്ട് രോഗങ്ങൾ; ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ ചികിത്സ തേടൂ

Increase Font Size Decrease Font Size Print Page
fever

ഇത്തവണ കേരളത്തില്‍ ക്രമംതെറ്റി എത്തിയ മഴക്കാലമാണ്. മഴക്കാലം വളരെയധികം സാംക്രമിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയില്‍ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും നമുക്ക് പരിചയപ്പെടാം.

1. വെള്ളത്തില്‍ കൂടി പകരുന്ന രോഗങ്ങള്‍

വയറിളക്ക രോഗങ്ങള്‍ - സാധാരണ അക്യൂട്ട് ഡയേറിയല്‍ ഡിസീസ് എന്നറിയപ്പെടുന്നവ, വൈറസ്, പലതരം ബാക്ടീരിയകള്‍ (സാല്‍മൊണല്ല, ഇ-കോളി) തുടങ്ങിയവ കൊണ്ടും മറ്റ് പരാദങ്ങള്‍ കൊണ്ടുംഉണ്ടാകാം. അസുഖമുള്ള ആളുടെ വിസര്‍ജ്യം കുടിക്കുന്ന വെള്ളത്തിലോ കഴിക്കുന്ന ഭക്ഷണത്തിലോ കലരുന്നതിലൂടെ രോഗം മറ്റൊരാളിലേയ്ക്ക് പകരുന്നു.
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഈ രോഗം രണ്ട് മുതൽ എട്ട് ദിവസം വരെ നീണ്ടുനില്‍ക്കാം. രക്തം കലര്‍ന്ന മലം, അമിതമായ ക്ഷീണം, ബോധം മറയുക തുടങ്ങി മാരകമായേക്കാവുന്ന ലക്ഷണങ്ങളും ഉണ്ടാകുന്നു.


രോഗനിര്‍ണയത്തിന് രക്തവും മലവും പരിശോധന നടത്തേണ്ടതാണ്. ആന്റിബയോട്ടിക് മരുന്നുകളാണ് ബാക്ടീരിയല്‍ വയറിളക്ക രോഗങ്ങളുടെയും ടൈഫോയ്ഡ് തുടങ്ങിയവയുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.


2. കൊതുക് ജന്യ രോഗങ്ങള്‍

(a) ഡങ്കിപ്പനി, മലമ്പനി എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്ന കൊതുകു ജന്യ രോഗങ്ങളില്‍ മുഖ്യം. ഡങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ഏഡിസ് ഈജിപ്തി എന്ന ഗണത്തില്‍ പെടുന്നവയാണ്. ശുദ്ധജല സംഭരണികളില്‍ മുട്ടയിട്ട് പെരുകുന്ന ഇവയുടെ ശരീരത്തില്‍ നിന്നും ഡങ്കി വൈറസുകള്‍ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. പനി, തലവേദന, കണ്ണിന്റെ പുറകിലുള്ള വേദന, അതിയായ സന്ധിവേദന, രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവം (തൊലിപ്പുറമെയും ആന്തരിക അവയവങ്ങളുടെയും) ശരീരത്തിലെ രക്തക്കുഴലുകളുടെ ചോര്‍ച്ച കൊണ്ട് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഉണ്ടായേക്കാവുന്ന ഡങ്കി ഷോക്ക് സിന്‍ഡ്രോം എന്നിങ്ങനെ പല തീവ്രതയില്‍ ഡങ്കിപ്പനി മനുഷ്യരില്‍ കാണപ്പെടാം.


രോഗനിര്‍ണയത്തിനായി രക്തത്തിലെ ശ്വേതരക്താണുക്കളുടെയും പ്ലേറ്റ്‌ലെറ്റുകളുടെയും അളവും മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പരിശോധിക്കുന്ന Liver Function Test, Kidney Function Test തുടങ്ങിയ പരിശോധനകളും പിന്നെ വൈറസിന്റെ സാന്നിദ്ധ്യത്തെ കണ്ടുപിടിക്കുന്ന ആന്റിജന്‍ ആന്റിബോഡി ടെസ്റ്റുകളും ഉപയോഗിക്കുന്നു. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയില്‍ ഒന്നര ആഴ്ചയ്ക്കുള്ളില്‍ അസുഖം ഭേദമാകുന്നതാണ്. ഈ അസുഖം പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ ലഭ്യമല്ല.


(b) മലമ്പനി / മലേറിയ കേരളത്തില്‍ അത്രയ്ക്ക് കാണപ്പെടുന്ന ഒരു കൊതുകുജന്യ രോഗമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നു താമസിക്കുന്ന ആള്‍ക്കാര്‍ക്കിടയില്‍ ഇത് കാണപ്പെടാം. ചുവന്ന രക്താണുക്കള്‍ക്ക് ഉണ്ടാകുന്ന നാശം നിമിത്തം ശരീരത്തിന്റെ പല അവയവങ്ങളെയും ബാധിച്ച് ഉദാഹരണത്തിന് മസ്തിഷ്‌കം, ശ്വാസകോശം, വൃക്കകള്‍, കരള്‍ തുടങ്ങിയവയെ ബാധിക്കുന്ന മാരകമായ മലേറിയയും കാണപ്പെടുന്നുണ്ട്. അനോഫിലസ് ഗണത്തില്‍പ്പെടുന്ന കൊതുകുകളാണ് ഈ രോഗത്തിന്റെ വാഹകരായി പ്രവര്‍ത്തിക്കുന്നത്. ആന്റി മലേറിയല്‍ മരുന്നുകള്‍ രോഗനിവാരണത്തിന് ഉപയോഗിക്കുന്നു.


(c) മറ്റു ജന്തുജന്യ രോഗങ്ങളായ എലിപ്പനി, ചെള്ള് പനി മുതലായവയും മഴക്കാലത്ത് മലിന ജലത്തില്‍ കൂടിയും ജന്തുക്കളില്‍ നിന്നും മനുഷ്യരിലേക്കും പകരാം. ലെപ്‌റ്റോസ്‌പൈറ എന്ന രോഗാണു എലിയുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കൂടി മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാം. പനി, മഞ്ഞപ്പിത്തം, വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനക്കുറവ്, മറ്റു ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. മലിനജലത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റും ഇത് കൂടുതലായി ബാധിക്കാം. ആന്റിബയോട്ടിക് മരുന്നുകളാണ് ഈ രോഗത്തിന്റെ ചികിത്സ. അവയവ വ്യവസ്ഥകള്‍ക്ക് പ്രവര്‍ത്തനക്കുറവ് ഉണ്ടെങ്കില്‍ അസുഖം ഭേദമാകാന്‍ നാല് മുതൽ ആറ് ആഴ്ച വരെ എടുത്തേക്കാം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവുമാണ് ഇത്തരം രോഗം തടയാനുള്ള വഴി.


പ്രതിരോധ മാര്‍ഗങ്ങള്‍: കുടിക്കാൻ തിളപ്പിച്ച് ആറിയ ശുദ്ധജലം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കി ഉപയോഗിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകംചെയ്യുന്ന ഭക്ഷണങ്ങളും പഴച്ചാറുകളും ഒഴിവാക്കുക, തുടങ്ങിയവ വയറിളക്ക രോഗങ്ങളില്‍ നിന്നും രക്ഷപെടാനുള്ള മാര്‍ഗങ്ങളാണ്.


കൊതുകുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടാനായി കൊതുക് പ്രജനനം ചെയ്യുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. അതായത്, പരിസരശുചിത്വം ശീലമാക്കുക. Mosquito net, Mosquito repellents, കൊതുകുതിരി തുടങ്ങിയവ വ്യക്തിപരമായ ശുചിത്വത്തിന് ഉപയോഗിക്കാം.


മലിനജലവുമായുള്ള സമ്പര്‍ക്കത്തില്‍ ജോലി ചെയ്യുന്ന ആളുകള്‍ സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രോഗബാധ ഏല്‍ക്കാതെ സൂക്ഷിക്കുക. രോഗ പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം സ്വീകരിക്കേണ്ടതാണ്. മഴക്കാലം ആരോഗ്യത്തിന്റെ മഴക്കാലം ആകട്ടെ എന്ന് ആശംസിക്കുന്നു.

ഡോ. ഹേമലത പി

കൺസൾട്ടന്റ് ഇൻ മെഡിസിൻ

എസ് യു ടി ഹോസ്‌പിറ്റൽ, പട്ടം

തിരുവനന്തപുരം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, FEVER, DISEASES IN RAINY SEASON, MONSOON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.