തിരുവനന്തപുരം: പൊതുപരിപാടിയിൽ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ സംഭവത്തിൽ നിയമസഭയിൽ ഖേദം പ്രകടിപ്പിച്ച് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്ന് മന്ത്രി ആരോപിച്ചു.
'ഞാനുൾപ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ മുൻപന്തിയിലുള്ളവരാണ്. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്ക് നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദേശതത്വങ്ങൾക്ക് കൂടുതൽ ശാക്തീകരണം ആവശ്യമാണ്. അല്ലെങ്കിൽ വർദ്ധിച്ചുവരുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാൻ എന്റേതായ വാക്കുകളിൽ പ്രകടിപ്പിച്ചത്. ഒരിക്കൽപോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കുവാനോ എതിരായി കാര്യങ്ങൾ പറയാനോ ഉദ്ദേശിച്ചിട്ടില്ല'- സജി ചെറിയാൻ പറഞ്ഞു.
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറൽ സംവിധാനം എന്നീ തത്വങ്ങൾ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങൾ റദ്ദാക്കിക്കൊണ്ട് ലേബർ കോഡുകൾ രാജ്യത്ത് അടിച്ചേൽപ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവയ്ക്കുമെന്നാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങൾ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങൾ ഭരണഘടനയുടെ അന്തസത്ത തകർക്കുമെന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്- മന്ത്രി വ്യക്തമാക്കി.
'ജനങ്ങൾക്ക് സാമൂഹികനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവർത്തകന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ ബഹുമാനിച്ചുകൊണ്ടും അംഗീകരിച്ചുകൊണ്ടുമുള്ള രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. എന്റേതായ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്തത്. ഞാൻ ഉദ്ദേശിക്കാത്ത കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ ഇടയായിട്ടുണ്ടെങ്കിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു'- മന്ത്രി പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടന എന്നാണ് മന്ത്രി പറഞ്ഞത്. മല്ലപ്പള്ളിൽ നടന്ന 'പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ' എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മന്ത്രി വിവാദ പരാമർശങ്ങൾ നടത്തിയത്. പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. മാത്രമല്ല വിഷയത്തിൽ ഗവർണർ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |