SignIn
Kerala Kaumudi Online
Saturday, 27 April 2024 9.39 AM IST

മൂന്ന് വർഷം കൃത്യമായി ചെയ്‌തെങ്കിൽ മാത്രമേ ഫലമുള്ളൂ, നായ്‌ക്കളെ വളർത്തുന്നവർ അറിയാൻ

pets

ജ്വരമുദ്രകൾ ചാർത്തിക്കൊണ്ട് ചെള്ളുപനി, വെസ്റ്റ്‌നൈൽ രോഗം, റാബീസ്, കുരങ്ങുപനി, വാനര വസൂരി തുടങ്ങി മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങൾ പടരുകയാണ്. വർഷംതോറും 250 കോടി മനുഷ്യരിൽ ജന്തുജന്യരോഗങ്ങളുണ്ടാവുകയും 27ലക്ഷം പേർ മരിക്കുകയും ചെയ്യുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. ജന്തുജന്യരോഗങ്ങളിൽ ഏറ്റവും ഭീകരം പേവിഷബാധ തന്നെയാണ്. ലോകത്ത് ഓരോ 10 മിനിറ്റിലും ഒരാൾ പേവിഷബാധയേറ്റു മരിക്കുന്നു. ഇന്ത്യയിൽ ചുരുങ്ങിയത് 25000 പേരെങ്കിലും വർഷംതോറും മരണപ്പെടുന്നു. ഇന്ത്യയിൽ ഓരോ രണ്ടുസെക്കന്റിലും ഒരാളെ നായകടിക്കുന്നു. വാക്‌സിനേഷനെടുത്തിട്ടും പാലക്കാട് മങ്കരയിൽ യുവതി മരിച്ച വാർത്ത കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടിൽ വളർത്തുന്ന ഒരുമാസം മാത്രം പ്രായമുള്ള നായക്കുട്ടി കടിച്ച് ഒരാൾകൂടി മരണപ്പെട്ടപ്പോൾ ആശങ്ക ഇരട്ടിയായി. 1885 ജൂലൈ ആറിന് ലൂയിപാസ്‌ചറാണ്‌ ലോകത്താദ്യമായി ഒരു വാക്‌സിൻ മനുഷ്യനിൽ പരീക്ഷിച്ച് വിജയം കണ്ടത്. വാക്‌സിന്റെ വീര്യക്കുറവ്, സൂക്ഷിച്ച താപനിലയിലെ അപാകത, അസാധാരണമായി വ്യക്തികളിൽ വാക്‌സിൻ പ്രതികരിക്കാതിരിക്കുക എന്നിവ പ്രതിരോധ കുത്തിവെയ്പ്പിന് പരാജയ ഭീഷണി ഉയർത്തും. ഒരുവാക്‌സിനും 100 ശതമാനം ഫലപ്രദമാവില്ലെന്ന സത്യം മുന്നിലുണ്ട്. ഗർഭാവസ്ഥയിൽ അമ്മയിൽനിന്ന് പൊക്കിൾക്കൊടിയിലൂടെയും കുഞ്ഞിന് റാബീസ് പകരാം.

പേടിപ്പെടുത്തുന്ന പേവിഷ മരണങ്ങൾ

ഒരിയ്ക്കൽ റാബീസ് ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ വൈദ്യശാസ്ത്രത്തിന് രോഗിയെ രക്ഷിക്കാനാവില്ലെന്നതാണ് ഭീകരമായ കാര്യം. 2015 ൽ റാബീസ് ചികിത്സയ്ക്ക് പേറ്റൻസി നേടിയ കോഴിക്കോട് ശിവരാമൻ നായരുടെ മരണത്തോടെ പുതിയ ചുവടുവയ്പ്പുകളുണ്ടായില്ല. ചർമ്മത്തിനു കീഴെചെയ്യുന്ന ആധുനിക ടിഷ്യൂകൾച്ചർ വാക്‌സിൻ ലഭ്യമായിക്കഴിഞ്ഞിരിക്കുന്നു. കൈവിരൽത്തുമ്പുകൾ, നെഞ്ച്, നെഞ്ചിന് മുകളിൽ തലച്ചോറുമായി അടുത്തഭാഗം എന്നിവിടങ്ങളിലെ നായകടി അപകടസാദ്ധ്യത കൂട്ടുന്നു. ആവശ്യമെങ്കിൽ ഇമ്യൂണോ ഗ്ലോബുലിൻ കൂടി ആദ്യദിവസം കുത്തിവയ്ക്കുന്നു. അമിതമായ കായികാദ്ധ്വാനം ഒഴിവാക്കണമെന്നല്ലാതെ പ്രത്യേക പഥ്യക്രമങ്ങളില്ല. നാരങ്ങ, കുമ്പളങ്ങ, കരിപ്പട്ടി, വെള്ളം, കോഴിയിറച്ചി ഇവയ്‌ക്കൊന്നും പേവിഷബാധയുമായി ബന്ധമില്ല.

മുറിവിന്റെ പരിചരണം
നായ കടിച്ചാലുണ്ടാകുന്ന റാബീസ് ഹിസ്റ്റീരിയ കടിയേറ്റയാളെ കടുത്ത മാനസിക ക്ലേശത്തിലേയ്ക്ക് നയിച്ചേക്കാം. കടിയേറ്റ ഭാഗം കാർബോളിക്‌ സോപ്പുപയോഗിച്ച് തണുത്ത വെള്ളത്തിൽ 15 മിനിട്ടെങ്കിലും കഴുകിവൃത്തിയാക്കുക. മുറിവ്‌ സങ്കീർണ്ണമാക്കാതെ വേഗം ആശുപത്രിയിലെത്തിക്കുക. മണിക്കൂറിൽ 1 മി.മീറ്റർ എന്ന വേഗതയിലാണ്‌ വൈറസ് തലച്ചോറിലെത്തുന്നത്. ഇതിനിടയിൽ വാക്‌സിനെടുക്കണം.

മൃഗങ്ങൾക്കും വാക്‌സിനെടുക്കാം

മനുഷ്യനും മൃഗങ്ങൾക്കും പ്രത്യേക വാക്‌സിനുകളാണ്. നായകളെ മൂന്നുമാസം പ്രായത്തിൽ ആദ്യ വാക്‌സിനേഷനെടുക്കണം. പിന്നീട് ഒരു മാസത്തിനുശേഷം ബൂസ്റ്റർ, തുടർന്ന്‌ വർഷം തോറും കുത്തിവെയ്പ്പുകൾ വേണം. തുടർച്ചയായി മൂന്നുവർഷം കുത്തിവയ്‌പ്പെടുത്ത നായകൾ മാത്രമാണ് സുരക്ഷിതർ. കന്നുകാലികൾക്ക് കടിയേറ്റാൽ കുത്തിവെയ്പ്പെടുത്തിട്ട് കാര്യമില്ലെന്ന ധാരണ കേരള മൃഗസംരക്ഷണ വകുപ്പാണ് തിരുത്തിയത്. അതിന് ലോകാരോഗ്യസംഘടന അംഗീകാരവും നൽകി.

ലക്ഷ്യം കാണാത്ത പദ്ധതികൾ

തെരുവ് നായകളുടെ ക്രമാതീതമായ വംശവർദ്ധനവ് പ്രതിസന്ധിതന്നെയാണ്. ഒരു നായയും അതിൻെറ പരമ്പരകളും കൂടി ആറുവർഷം കൊണ്ട് 66000 ആയി വർദ്ധിക്കുന്നു. നായകളുടെ വംശവർദ്ധന തടയാൻ പ്രചാരത്തിലുള്ള Animal Birth Cotnrol പ്രോഗ്രാമും END (Early Neutering Dogs) പദ്ധതിയുമൊന്നും ലക്ഷ്യം കാണുന്നില്ല. രാത്രി 10 ന് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പും തെരുവ് കീഴടക്കുന്ന മാംസദാഹികളായ തെരുവ് നായകളെ അധികൃതർ പാടെ അവഗണിച്ചിരിക്കുന്നു. ബന്ധുക്കളോ പിഞ്ചോമനകളോ നായകടിയ്ക്ക് ഇരയാകുമ്പോൾ മാത്രം പ്രതിഷേധിച്ചിട്ട് കാര്യമില്ല. തെരുവ് നായകൾ കേരളത്തെ കടിച്ചുകീറാതിരിക്കാൻ, അടിയന്തരമായ ഇടപെടലുകൾ അനിവാര്യമാണ് .

മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടറാണ് ലേഖകൻ - 9447324846

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PET DOGS, VACCINATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.