കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മദ്ധ്യനിരയിലേക്ക് യുക്രെയ്‌നിൽ നിന്നൊരു സൂപ്പർ താരമെത്തുന്നു. യുക്രെയ്ൻ ക്ലബായ എഫ്.സി. ഒലെക്‌സാൻഡ്രിയയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലെത്തുന്ന ഇവാൻ കൽയൂഷ്‌നിയാണ് പുതിയ അതിഥി. ഇതോടെ ബ്ളാസ്റ്റേഴ്സിൽ ഇവാൻമാർ രണ്ടായി; കോച്ച് ഇവാൻ വുകോമനോവിച്ചാണ് ഇവാൻ ഒന്നാമൻ. 24 കാരനായ ഇവാൻ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന മൂന്നാമത്തെ വിദേശതാരമാണ്. മുന്നേറ്റതാരം അപ്പോസ്തലസ് ജിയാനു, ഡിഫൻഡർ വിക്ടർ മോംഗിൽ എന്നിവർ ഇതിനോടകം ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
യുക്രെയ്ൻ ക്ലബ്ബായ മെറ്റലിസ്റ്റ് ഖാർകീവിന്റെ അക്കാഡമിയിൽ പന്തുതട്ടിയാണ് ഇവാൻ കരിയറിന് തുടക്കമിട്ടത്. ഉക്രെയ്നിലെ വമ്പൻ ക്ളബ് ഡൈനാമോ കീവിന്റെ യൂത്ത് ടീമിനായി യുവേഫ യൂത്ത് ലീഗിലും കളിച്ചു. സീനിയർ തലത്തിൽമെറ്റലിസ്റ്റ് ഖാർകീവിനായി ആദ്യ സീസണിൽ 27 മത്സരങ്ങളിൽ കളിച്ചു. പിന്നീട് മറ്റൊരു യുക്രെയ്ൻ ക്ലബ്ബായ റൂഖ് എൽവീവിലേക്ക് വായ്പാ അടിസ്ഥാനത്തിൽ ചേക്കേറി. എൽവീവിനായി 32 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകളും നേടി.
എൽവീവിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഇവാനെ 2021 ഫെബ്രുവരിയിൽ എഫ്.കെ ഒലെക്‌സാന്‍ഡ്രിയ സ്വന്തമാക്കി. ഒലെക്‌സാൻഡ്രിയയ്ക്ക് വേണ്ടി 23 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഇവാൻ നാല് അസിസ്റ്റുകളും രണ്ട് ഗോളുകളും നേടി. എന്നാൽ യുക്രെയ്നിൽ റഷ്യ ആക്രമണം അഴിച്ചുവിട്ടതോടെ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ചു.
ഇതോടെ ഇവാൻ യുക്രെയ്ൻ വിട്ട് ലോൺ അടിസ്ഥാനത്തിൽ ഐസ്‌ലാൻഡിലെ ടോപ് ഡിവിഷന്‍ ക്ലബ്ബായ കെഫ്‌ലാവിക്കിനു വേണ്ടി കളിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ ബ്ലാസ്റ്റേഴ്‌സിലെത്തിയതിൽ സന്തോഷിക്കുന്നു. മഞ്ഞപ്പടയെ കാണാനായി കാത്തിരിക്കുകയാണ് ഞാൻ. ക്ലബിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ പരമാവധി ശ്രമിക്കും - ഇവാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |