തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിൽ സഞ്ചരിക്കാൻ 72ലക്ഷം രൂപ ചെലവിട്ട് രണ്ടു കാറുകൾ വാങ്ങുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങുന്നത്. പണം അനുവദിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ഗവർണർക്ക് മേഴ്സിഡസ് ബെൻസ് ജി.എൽ.ഇ കാർ വാങ്ങാൻ 85.18ലക്ഷം രൂപ അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കായി 33.31 ലക്ഷം വിലയുള്ള കിയാ കാർണിവൽ കാർ വാങ്ങാൻ കഴിഞ്ഞമാസം ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതടക്കം നാലു വാഹനങ്ങൾ വാങ്ങാൻ 88.69ലക്ഷം ചെലവിട്ടതിനു പിന്നാലെയാണ് ഡൽഹിയിൽ പുതിയ കാറുകൾ വാങ്ങുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ എസ്കോർട്ട് ഡ്യൂട്ടിക്കായി നിയോഗിക്കും. കഴിഞ്ഞ ഡിസംബറിലാണ് മുഖ്യമന്ത്രിക്ക് കെ.എൽ.01 സി.ടി 6683 രജിസ്ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റ വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |