SignIn
Kerala Kaumudi Online
Friday, 20 September 2024 4.03 PM IST

കടമെടുപ്പ് പരിധിക്കെതിരെ പ്രക്ഷോഭവും നിയമയുദ്ധവും

Increase Font Size Decrease Font Size Print Page
kiifb

തിരുവനന്തപുരം: ക്ഷേമ, വികസന പദ്ധതികളെ അപ്പാടെ നിശ്ചലമാക്കുന്ന തരത്തിൽ വായ്പാപരിധിയിൽ കേന്ദ്രം പിടിമുറുക്കിയതോടെ പ്രതിസന്ധി തരണം ചെയ്യാൻ ഏതറ്റംവരെയും പോകുമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. രാഷ്ട്രീയ പോരാട്ടം മാത്രമല്ല, സുപ്രീം കോടതിയിൽ നിയമയുദ്ധം നടത്താനുള്ള സാദ്ധ്യതയും കേരളം ആരായുകയാണ്.

ബഡ്ജറ്റിൽ ഉൾപ്പെടുത്താതെ കിഫ്ബി വഴിയും മറ്റും സംസ്ഥാനം വരുത്തിവയ്ക്കുന്ന കടം പൊതുകടമായി കണക്കാക്കുമെന്ന കേന്ദ്രതീരുമാനം ഭരണഘടനാ വിരുദ്ധമെന്ന വാദമാണ് ഇന്നലെ സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉയർത്തിയത്.കേരളം അകപ്പെട്ട പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുത്താൻ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന് അദ്ദേഹം ഇന്നലെ തുറന്ന കത്തെഴുതുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനടപടിയെ പത്രസമ്മേളനത്തിൽ ചോദ്യം ചെയ്തു.

കിഫ്ബിയുടേയും സാമൂഹ്യസുരക്ഷാപെൻഷൻ കമ്പനിയുടേയും പേരിലെടുത്ത വായ്പകൾ പൊതുകടത്തിൽ ഉൾപ്പെടുത്തി ഇൗ വർഷം കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നത് പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനം സാമ്പത്തികമായി പ്രതിസന്ധിയിലാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

ജി.എസ്.ടി.നഷ്ടപരിഹാരം 12000കോടിയും ധനകമ്മി പരിഹാര ഗ്രാൻഡിൽ 7000കോടിയും വെട്ടിക്കുറച്ചതിന് പുറമെയാണ് കിഫ്ബിയുടെ വായ്പയുടെ പേരിൽ 4000കോടിവെട്ടിക്കുറച്ചെന്ന അറിയിപ്പ് കഴിഞ്ഞദിവസം സംസ്ഥാനത്തിന് കിട്ടിയത്. ഇതോടെ നടപ്പ് വർഷം മൊത്തം 23000കോടിയുടെ വരുമാനകുറവുണ്ടാകും.

അതേസമയം, കേന്ദ്രനടപടിയെ ന്യായീകരിച്ച് ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റേതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടാക്സേഷന്റെ പ്രസിദ്ധീകരണമായ `കേരള ഇക്കോണമി'യിൽ വന്ന ലേഖനം സംസ്ഥാനത്തിന് തിരിച്ചടിയാവുകയും ചെയ്തു.ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമാണ്. കേന്ദ്രത്തിന് ഇത്തരം നടപടികൾ സ്വീകരിക്കാനുള്ള ധാർമ്മികാധികാരം ഉണ്ടെന്നാണ് രാജേഷ് കുമാർ സിംഗ് വാദിക്കുന്നത്. അദ്ദേഹം കാസർകോട്ടെ കേന്ദ്രസർവകലാശാലയിലും ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും നടത്തിയ പ്രഭാഷണം ക്രോഡീകരിച്ച് തയ്യാറാക്കിയ ലേഖനം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.

ഒരു വ്യക്തി ചെറിയ തുക വീതം പലരിൽനിന്ന് പലപ്പോഴായി കടം വാങ്ങിയാലും മൊത്തം തുകയും അയാൾ കുടുംബത്തിന് വരുത്തിവയ്ക്കുന്ന ബാദ്ധ്യതയാണെന്ന ലളിതമായ തത്വമാണ് കേന്ദ്ര നടപടിക്ക് ആധാരം.കേന്ദ്രം സ്വന്തം കടങ്ങൾ ഈ നിലയിലേക്ക് മാറ്റിത്തുടങ്ങുകയും ചെയ്തു.

മുൻവർഷങ്ങളിൽ ബഡ്ജറ്റിന് പുറത്തെ സാമ്പത്തിക ബാദ്ധ്യതയായിരുന്ന ഭക്ഷ്യസബ്സിഡി തുകയായ രണ്ടുലക്ഷം കോടിരൂപയാണ് കേന്ദ്രധനമന്ത്രി ഇൗ വർഷം ബഡ്ജറ്റിൽ ഉൾപ്പെടുത്തി കേന്ദ്രത്തിന്റെ വായ്പാബാദ്ധ്യതയാക്കി മാറ്റിയത്. ഈ സുതാര്യത കേരളം അടക്കമുള്ള സംസ്ഥാനങ്ങളും സ്വീകരിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

കേരളത്തിലെ പ്രതിസന്ധി

 ക്ഷേപെൻഷൻ കൊടുക്കാൻ കഴിയില്ല

 പ്രതിമാസം 1500കോടിയോളം ചെലവ് ചുരുക്കണം

 ക്ഷേമപദ്ധതികൾ ഉപേക്ഷിക്കേണ്ടിവരും

 ഭവനപദ്ധതികൾ,ആരോഗ്യപദ്ധതികൾ,വിദ്യാലങ്ങളിലെ സൗകര്യവികസനം തുടങ്ങിയ മുടങ്ങും.

മുന്നിലുള്ള വഴി

 ചർച്ചകളിലൂടെ കേന്ദ്രത്തെ അനുനയിപ്പിക്കുക

 പ്രക്ഷോഭങ്ങളിലൂടെ സമ്മർദ്ദം ചെലുത്തുക

 സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുക

 സംസ്ഥാനങ്ങളെ കൂട്ടുപിടിച്ച് പോരാടുക

ഭരണഘടനാ വിരുദ്ധമെന്നും വാദം

 ഭരണഘടനയുടെ 293(3) അനുസരിച്ച് സംസ്ഥാനങ്ങളുടെ സാമ്പത്തികസ്വയംഭരണസങ്കൽപത്തിന് എതിരാണ് കേന്ദ്രനടപടി

 പൊതുമേഖലയുടെ പേരിൽ കേന്ദ്രത്തിന് വായ്പയാകാമെങ്കിൽ സംസ്ഥാനത്തിനുമാകാം

 കേരളം വായ്പാതിരിച്ചടവിൽ വീഴ്ചവരുത്തിയിട്ടില്ല

 2005ൽ 12.4% കേന്ദ്രസഹായമുണ്ടായിരുന്നെങ്കിൽ 2020ൽ അത് 3.3%ആയി കുറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KIIFB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.