SignIn
Kerala Kaumudi Online
Saturday, 03 December 2022 1.08 AM IST

സംസ്ഥാനത്ത് വരുന്ന നാല് ദിവസം അതിതീവ്രതയോടെയുള‌ള മഴ; 2018ലെ അനുഭവ പശ്ചാത്തലത്തിൽ എല്ലായിടത്തും മുൻകരുതൽ നടപടിയെന്ന് മുഖ്യമന്ത്രി

cmo

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് അതിതീവ്ര സ്വഭാവമുള‌ള മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2018ലെതടക്കം അനുഭവ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എല്ലായിടത്തും മുൻകരുതൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 55 വീടുകൾ ഭാഗികമായും അഞ്ച് വീടുകൾ പൂർണമായും തകർന്നു. ആറ് മരണവും റിപ്പോർട്ട് ചെയ്‌തെന്ന് മുഖ്യമന്ത്രി അറിയിച്ചു.ദുരന്ത നിവാരണ അതോറിറ്റി സന്ദർശിച്ച് സ്ഥിതിഗതി നേരിട്ട് വിലയിരുത്തി.

തെക്കൻ കേരളത്തിൽ ഇന്നലെ വൈകിട്ട് മുതൽ ആരംഭിച്ച മഴ നാളെ തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും കേന്ദ്രീകരിക്കും തുടർന്ന് അത് വടക്കൻ കേരളത്തിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ടാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമെർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കാൻ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

മഴ ശക്തമാവുകയാണ്. അടുത്ത നാല് ദിവസത്തേക്ക് അതിതീവ്രതയോടെയുള്ള മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. 2018 ലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. തുടർന്നുള്ള വർഷത്തിലും രൂക്ഷമായ കാലവർഷക്കെടുതി ഉണ്ടായി. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ്.
സംസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണ്ണമായും 55 വീടുകൾ ഭാഗികമായും തകർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായിട്ടുണ്ട്.

ഇന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു. അത് കഴിഞ്ഞ വൈകീട്ട് ജില്ലാ കളക്ടർമാരുടെയും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

ഇന്നലെ വൈകീട്ട് മുതൽ തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നാളെ വരെ അതിതീവ്ര മഴ പ്രധാനമായും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കുമെന്നും നാളെ കഴിഞ്ഞ് അത് വടക്കൻ കേരളത്തിലേക്ക് കൂടി വ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിലുള്ളത്.

അതിതീവ്രമഴ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായ 4 ദിവസം ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കിൽ അത് പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പു
മാണ് നടത്തുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പുകളും ആവശ്യമാണ്.

മഴക്കാല കെടുതികളെ നേരിടുന്നതിനായി വളരെ മുൻകൂട്ടി തന്നെ അവശ്യമായ മുന്നൊരുക്കം ആരംഭിച്ചിരുന്നു. മാർച്ച് 14, 16 തീയതികളിലായി എല്ലാ ജില്ലകളേയും പങ്കെടുപ്പിച്ച് തദ്ദേശസ്ഥാപനതലത്തിൽ മോക്ക് ഡ്രില്ലുകൾ നടത്തി. മെയ് 14ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. മെയ് 16 നു തദ്ദേശ വകുപ്പിലെ ജില്ലാ തലം വരെ ഉള്ള ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് മൂന്നോരുക്കം സംബന്ധിച്ച് വിലയിരുത്തി.

അതിനു ശേഷം മഴക്കാലം മുന്നിൽ കണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ യോഗം ചേർന്നു. മെയ് 18നു മുഖ്യമന്ത്രി എന്ന നിലയിൽ കാലവർഷതുലാവർഷ മുന്നൊരുക്ക യോഗം വിളിച്ചുചേർത്തു ചേർന്നു. മെയ് 25നു ഓറഞ്ച് ബുക്ക് പുതുക്കി പ്രസിദ്ധീകരിക്കുകയും അതു കണിശമായി പാലിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് എല്ലാ ജില്ലകളിലും ഓറഞ്ച് ബുക്ക്, ഐ ആർ എസ് എന്നിവയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.

1 കോടി രൂപ വീതം മഴക്കാല തയ്യാറെടുപ്പിനായി ജില്ലകൾക്ക് അനുവദിക്കുകയും ജില്ലകളിൽ, അംഗീകാരം ഉള്ള എൻ.ജിഒകളുടെ സേവനം ഏകോപിപ്പിച്ച് ഇന്റർ ഏജൻസി ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്തു.

ജൂലൈ 8നു കാലവർഷതുലാവർഷ മുന്നൊരുക്കം വീണ്ടും വിലയിരുത്തി. അണക്കെട്ടുകളിലെ റൂൾ കർവ്വ് നിരീക്ഷണ യോഗം രണ്ടുവട്ടം നടത്തി. ഇന്ന് (ആഗസ്റ്റ് 1) റവന്യൂ മന്ത്രി അടിയന്തിര സാഹചര്യം വിലയിരുത്തി ജില്ലകൾക്ക് ആവശ്യമായ നിർദേശം നല്കിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമെർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കാൻ സജ്ജമാക്കി. ഇതുനുപുറമെ എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കും.

ഉരുൾപൊട്ടൽ സാധ്യതയുള്ള ഇടങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ മുൻകരുതലിന്റെ ഭാഗമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഉടനെ പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ 4 സംഘങ്ങൾ മുൻകൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. എൻ ഡി ആർ എഫിന്റ 4 അധിക സംഘങ്ങളെ കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിൽ വിന്യസിക്കും.
ജലസേചന വകുപ്പിനു കീഴിലുള്ള 17 ഓളം അണക്കെട്ടുകളിൽ നിന്നും വെള്ളം പുറത്തു വിടുന്നുണ്ട്. കെ.എസ്.ഇ.ബി യുടെ വലിയ അണക്കെട്ടുകളിൽ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. ചെറിയ ഡാമുകളായ കല്ലാർകുട്ടി, പൊന്മുടി, ലോവർപെരിയാർ, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നീ ഡാമുകളിൽ നിന്നും ജലം തുറന്നുവിട്ടിട്ടുണ്ട്.

അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡാം മാനേജ്മന്റ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുള്ളതാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാന്റെ അനുമതിയോടെ റൂൾ കർവ് അനുസരിച്ച് ചെറിയ അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കും.

അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും പോലീസിന്റെ പ്രത്യേക കൺട്രോൾ റൂമും ആരംഭിക്കാൻ നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെ സി ബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലും തയ്യാറാക്കി വെയ്ക്കും.

പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പോലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി എം.ആർ.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ്.സാക്കറെയെയും നിയോഗിച്ചു.

അടിയന്തര ഇടപെടലുകൾക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും. യോഗത്തിൽ ജില്ലാ തല വകുപ്പ് മേധാവികളെ കൂടാതെ തദ്ദേശ സ്ഥാപന മേധാവികളെയും, എം.എൽ.എ, എം.പി മാരെയും കൂടി പങ്കെടുപ്പിക്കും.

ജില്ലാ, താലൂക്ക് തല ഇൻസിഡന്റ് റെസ്‌പോൺസ് ടീം അംഗങ്ങൾ നിർബന്ധമായും അതാത് സ്ഥലങ്ങളിൽ ആഗസ്റ്റ് അഞ്ചാം തീയതി വരെ ഉണ്ടാകണം. തദേശ സ്ഥാപനങ്ങളുടെ സെക്രട്ടറി, പി.എച്.സി/സി.എച്.സി ഡോക്ടർമാർ, വില്ലേജ് ഓഫീസർ എന്നിവർ അതാത് ഡ്യൂട്ടി സ്റ്റേഷനിൽ ഉണ്ടാകണം.

എല്ലാ ജില്ലകളിലും ജെസിബി, ഹിറ്റാച്ചി, ടോറസ് ലോറി എന്നിവ അതാത് താലൂക്കുകളിൽ നിന്നും വാഹൻ പോർട്ടൽ മുഖാന്തരം കണ്ടെത്തി ലഭ്യത ഉറപ്പ് വരുത്തണം. ദുരന്ത ആഘാതം ഏറ്റവും കൂടുതൽ ഉണ്ടാകുവാൻ സാധ്യതയുള്ള വിഭാഗങ്ങൾക്ക് ഒഴിപ്പിക്കൽ സമയത്ത് മുൻഗണന നൽകാനും കണ്ടെത്തിയവരെ മാറ്റി പാർപ്പിക്കാനും നിർദ്ദേശം നൽകി.

ട്രോളിങ് അവസാനിച്ചിരിക്കുകയാണ്. എന്നാൽ കടൽ അതിപ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ഈ ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പ് വരുത്തണം.

സിവിൽ ഡിഫൻസ്, സന്നദ്ധ സേന, ആപത് മിത്ര എന്നിവരെ ദുരന്ത പ്രതികരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം. മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ അതിനാവശ്യമായ ക്യാമ്പുകൾ തുടങ്ങാൻ വേണ്ട സ്ഥലങ്ങൾ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തണം.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായാൽ വറ്റിക്കുവാൻ ആവശ്യമായ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന് കൃഷി, ജല സേചന വകുപ്പ്, തദ്ദേശ വകുപ്പ്, അഗ്നി രക്ഷാ വകുപ്പ് എന്നിവർ ഉറപ്പ് വരുത്തണം. പാലങ്ങൾ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ട ചുമതല തദ്ദേശ എൻജിനിയറിങ് വകുപ്പ്, പൊതു മരാമത്ത് വകുപ്പ് എന്നിവർക്കാണ്.

വനപ്രദേശങ്ങളിലും, ഊരുകളിലും, ലയങ്ങളിലും താമസിക്കുന്ന ആൾക്കാർക്ക് മുന്നറിയിപ്പുകൾ എത്തിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കണം
ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കുകയും വേണം.

വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി പൂർത്തീകരിക്കണം. സ്‌കൂളുകൾ, ഹോസ്പിറ്റലുകൾ എന്നിവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയാക്കുകയും, അപകട സാധ്യതകൾ ഉണ്ടെങ്കിൽ അവ ഉടൻ പരിഹരിക്കുകയും വേണം.

ഒഴിപ്പിക്കലിന് ബോട്ടുകൾ ആവശ്യമായ സ്ഥലങ്ങളിൽ അവ തയ്യാറാക്കി നിർത്തേണ്ടതുണ്ട്. കടത്ത് തോണികൾ, ഹൌസ് ബോട്ടുകൾ എന്നിവയുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നത് പരിഗണിക്കണം. കടത്ത് തോണിക്ക് പകരം മഴക്കാലത്തേക്ക് ഇത്തരം സ്ഥലങ്ങളിൽ ബോട്ടുകൾ വാടകയ്ക്ക് എടുത്ത് ലഭ്യമാക്കുന്നത് പരിഗണിക്കണം

സംസ്ഥാനത്താകെ ഏഴ് ക്യാംപുകളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കൊല്ലം 1, പത്തനംതിട്ട 1, ഇടുക്കി 1, കോട്ടയം 2, തൃശ്ശൂർ 1, വയനാട് 1. വിവിധ ജില്ലകളിലായി ആകെ 90 ആളുകളെ ഇതുവരെ ക്യാംപുകളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. ഇതിൽ 19 പുരുഷൻമാരും 23 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. ദുരന്തനിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ, സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ എന്നിവ പഞ്ചായത്ത് വാർഡ്തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ഉറപ്പ് വരുത്തണം.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറും തുറന്നു. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാ ജില്ലാ കളക്ട്രേറ്റുകളിലും താലൂക്കോഫീസുകളിലും തുറന്ന കൺട്രോൾ റൂമുകൾക്ക് പുറമേ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറും തുറന്നിട്ടുണ്ട്. നമ്പർ 807 8548 538

മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിക്കണം. കൺട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കൺട്രോൾ റൂമുകളുമായി ചേർന്നു കൊണ്ടായിരിക്കണം തദ്ദേശസ്ഥാപന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്.

എൻ ഡി ആർ എഫ്, ഇന്ത്യൻ ആർമി, എയർഫോഴ്സ്, സി ആർ പി എഫ്, ബി എസ് എഫ്, കോസ്റ്റ്ഗാർഡ്, ഐ ടി ഡി പി എന്നീ സേനാവിഭാഗങ്ങളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതതു പ്രദേശത്തെ സാഹചര്യം പരിഗണിച്ച് ജില്ലാ കളക്ടർമാർക്ക് സ്‌കൂളുകൾക്ക് അവധി നൽകാവുന്നതാണ്. തെക്കൻ ജില്ലകളിൽ ഇപ്പോൾ തന്നെ അവധി നൽകിയിട്ടുണ്ട്. മണ്ണൊലിപ്പ് സാധ്യത മുൻകൂട്ടി കണ്ട് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നുണ്ട്. ഫണ്ട് ദൗർലഭ്യം മൂലം ഒരു പ്രവർത്തനങ്ങളും മുടങ്ങാൻ പാടില്ലെന്ന് ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകി.
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് കോർപ്പറേഷനുമായി ആലോചിച്ച് കാര്യങ്ങൾ ചെയ്യണം എന്ന് നിർദേശം നൽകി.

തിരുവല്ലയ്ക്ക് സമീപം വെണ്ണിക്കുളത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കുമളി സ്വദേശികളായ അച്ഛനും രണ്ട് പെൺമക്കളും മരിച്ചത് അതീവ ദുഃഖകരമായ സംഭവമാണ്. ചർച്ച് ഓഫ് ഗോഡ് പാസ്റ്ററായ വി.എം.ചാണ്ടിയും മക്കളായ ഫേബ, ബ്ലസി എന്നിവരുമാണ് മരിച്ചത്. ഇവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

അതോടൊപ്പം ഇതുമായി ചേർത്ത് പറയാനുള്ളത് മഴ രൂക്ഷമായ സാഹചര്യത്തിൽ ഇത്തരം അപകട സാധ്യതകൾ കൂടുതലാണ്. ഇത് മനസിലാക്കി കാൽനട യാത്രക്കാരടക്കം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഈ ദിവസങ്ങളിൽ മലയോര മേഖലകളിൽ രാത്രിയാത്ര കഴിവതും ഒഴിവാക്കാനും ശ്രമിക്കുക. ശക്തമായ കാറ്റ് ഉള്ളതിനാൽ മരങ്ങൾ കടപുഴകാനും ഇലക്ട്രിക്ക് പോസ്റ്റുകൾ റോഡിലേക്ക് വീഴുവാനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളിൽ ജാഗ്രതപാലിച്ച് സഞ്ചരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ഇത്തരം ഘട്ടങ്ങളിൽ എല്ലാവരും കൈകോർത്ത് രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുന്ന ശീലമാണ് നമ്മുടെ നാടിന്റേത്. ഇപ്പോൾ പറയാനാവില്ലെങ്കിലും അസാധാരണമായ മഴ തീവ്രമായ തോതിൽ വരുന്നു എന്ന് തന്നെയാണ് കാണേണ്ടത്. അങ്ങനെയാണ് മുന്നറിയിപ്പുകൾ. അത് കൊണ്ട് തന്നെ മുൻകരുതലുകൾ എടുക്കേണ്ടതും രക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതും നമ്മുടെയാകെ ഉത്തരവാദിത്തമായി കരുതേണ്ടതുണ്ട്. ഓരോരുത്തർക്കും തങ്ങളുടേതായ സംഭാവന ഇതിൽ നൽകാനാകും. ഒരു തരത്തിലുമുള്ള ഭേദ ചിന്തയുമില്ലാതെ മുഴുവനാളുകളും കൈകോർത്ത് ഈ പ്രയാസങ്ങൾ തരണം ചെയ്യാൻ മുന്നിട്ടിറങ്ങണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM PINARAI, PRESSMETT, RAIN ALERT, RED ALERT, FIVE DAYS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.