SignIn
Kerala Kaumudi Online
Thursday, 21 May 2026 5.59 PM IST

നിറപുത്തരി ആഘോഷങ്ങൾക്ക് ശബരിമല നട ഇന്ന് തുറക്കും

mala

പത്തനംതിട്ട: നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട‌ ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും.പൂജകൾക്കുള്ള നെൽക്കതിരുകൾ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെ നേതൃത്വത്തിൽ ഇന്നലെ സന്നിധാനത്ത് എത്തിച്ചു.നാളെ പുലർച്ചെ 5.40നും ആറിനും ഇടയിലാണ് നിറപുത്തരി ചടങ്ങുകൾ.പതിനെട്ടാംപടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും പരികർമ്മികളും ചേർന്ന് പടി ചവിട്ടി സന്നിധാനത്ത് കിഴക്കേ മണ്ഡപത്തിൽ എത്തിക്കും.തന്ത്രി കണ്ഠരര് മഹേശ്വരുടെ കാർമ്മികത്വത്തിൽ ദേവീ ചൈതന്യം ആവാഹിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിലിൽ പ്രവേശിക്കും.പൂജിച്ച നെൽക്കതിർ ശ്രീകോവിലിന് മുന്നിലും ഉപദേവതാ ക്ഷേത്രത്തിനു മുന്നിലും കെട്ടിത്തൂക്കിയ ശേഷം പുന്നെല്ല് കൊണ്ടുണ്ടാക്കിയ അവിൽ നിവേദ്യമായി സമർപ്പിക്കും.തുടർന്ന് ഭക്തർക്ക് പ്രസാദമായി നൽകും.

പമ്പാസ്നാനം വിലക്കി

നിറപുത്തരി പൂജയ്ക്ക് ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ പമ്പാ സ്നാനം ഒഴുക്ക് ശക്തമായതിനാൽ വിലക്കി.ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.നദിയിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം ഉയർന്നിരുന്നു.ഇന്നലെ നേരിയ തോതിൽ വെള്ളം താഴ്ന്നെങ്കിലും ഒഴുക്ക് ശക്തമാണ്.

പാർക്കിംഗ് അനുവദിക്കില്ല

മഴയെ തുടർന്ന് മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതിനാൽ പമ്പയിൽ തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.തീർത്ഥാടകരെ പമ്പയിൽ ഇറക്കിയ ശേഷം വാഹനങ്ങൾ തിരികെ നിലയ്ക്കലിലെത്തി പാർക്ക് ചെയ്യണം.അല്ലെങ്കിൽ നിലയ്ക്കലിൽ പാർക്ക് ചെയ്ത ശേഷം തീർത്ഥാടകർ കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിൽ എത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA