SignIn
Kerala Kaumudi Online
Saturday, 21 September 2024 2.03 AM IST

റീട്ടെയിൽ വാഹനവില്പന: ജൂലായിൽ നഷ്ടം 8%

Increase Font Size Decrease Font Size Print Page
fada

കൊച്ചി: രാജ്യത്ത് കഴിഞ്ഞമാസം റീട്ടെയിൽ വാഹനവില്പന 7.84 ശതമാനം ഇടിഞ്ഞെന്ന് ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ (ഫാഡ) റിപ്പോർട്ട്. എല്ലാവിഭാഗം ശ്രേണികളിലുമായി 14.36 ലക്ഷം വാഹനങ്ങളാണ് ജൂലായിൽ പുതുതായി നിരത്തിലെത്തിയത്. 2021 ജൂലായിൽ വില്പന 15.59 ലക്ഷം യൂണിറ്റുകളായിരുന്നു.

അതേസമയം, 2020 ജൂലായിലെ 11.60 ലക്ഷം യൂണിറ്റുകളേക്കാൾ 23.79 ശതമാനം വളർച്ച കഴിഞ്ഞമാസമുണ്ട്. എന്നാൽ, കൊവിഡിന് മുമ്പത്തെ 17.94 ലക്ഷത്തെ അപേക്ഷിച്ച് 19.92 ശതമാനം ഇടിവും കഴിഞ്ഞമാസമുണ്ടായെന്ന് ഫാഡ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഉത്സവകാലത്തിന് തുടക്കമാകുന്ന ആഗസ്‌റ്റിന് മുന്നോടിയായുള്ള മാസത്തിൽതന്നെ കനത്ത വില്പനനഷ്‌ടമുണ്ടായത് വിപണിയെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച മോശം മൺസൂൺ, ദക്ഷിണ, പശ്ചിമ, മദ്ധ്യേന്ത്യൻ സംസ്ഥാനങ്ങളിൽ വീശിയടിച്ച മഴക്കെടുതി, തുടരുന്ന സെമികണ്ടക്‌ടർ (മൈക്രോചിപ്പ്) ക്ഷാമം തുടങ്ങിയവയാണ് വിപണിയെ തളർത്തുന്നത്. എങ്കിലും, ഉത്സവകാലത്തോടെ വിപണി നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചുകയറുമെന്നാണ് പ്രതീക്ഷയെന്നും ഫാഡ വ്യക്തമാക്കി.

സമ്മിശ്ര ട്രാക്ക്

കഴിഞ്ഞമാസം ത്രീവീലറുകളും വാണിജ്യവാഹനങ്ങളും വില്പന വളർച്ച രേഖപ്പെടുത്തി. മറ്റ് ശ്രേണികൾ വലിയ നഷ്‌ടത്തിലേക്കും വീണു. വളർച്ചാനിരക്ക് ഇങ്ങനെ:

 2 വീലർ : -10.92%

 3 വീലർ : +80.41%

 കാർ : -4.66%

 വാണിജ്യം : +27.32%

 ട്രാക്‌ടർ : -27.72%

 ആകെ : -7.84%

ഹീറോയാണ് ഹീറോ

ടൂവീലർ വിപണിയിൽ 31.73 ശതമാനം വിഹിതത്തോടെ ഹീറോ മോട്ടോകോർപ്പ് ഒന്നാംസ്ഥാനം ജൂലായിലും നിലനിറുത്തി. 25.96 ശതമാനം വിഹിതവുമായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടേഴ്‌സ് രണ്ടാമതാണ്. ടി.വി.എസ് ആണ് മൂന്നാമത് (16.36 ശതമാനം).

ത്രീവീലറുകളിൽ 25.85 ശതമാനം വിഹിതവുമായി ബജാജ് ഒന്നാമതും 8.27 ശതമാനവുമായി പിയോജിയോ രണ്ടാമതുമാണ്. വാണിജ്യശ്രേണിയിൽ 40.49 ശതമാനവുമായി ടാറ്റാ മോട്ടോഴ്‌സ് മറ്റ് കമ്പനികളേക്കാൾ ബഹുദൂരം മുന്നിലാണ്; രണ്ടാമതുള്ള മഹീന്ദ്രയുടെ വിഹിതം 24.79 ശതമാനം.

ട്രാക്‌ടറുകളിൽ മഹീന്ദ്ര ട്രാക്‌ടർ വിഭാഗം 24 ശതമാനം വിഹിതവുമായി ഒന്നാമതും മഹീന്ദ്ര സ്വരാജ് വിഭാഗം 17.70 ശതമാനവുമായി രണ്ടാമതുമാണ്.

മാരുതിയുടെ തേരോട്ടം

പാസഞ്ചർ വാഹന (കാർ, എസ്.യു.വി., വാൻ) ശ്രേണിയിൽ വിപണിവിഹിതം ഇടിഞ്ഞെങ്കിലും ഒന്നാംസ്ഥാനത്ത് മാരുതി തുടരുന്നു. 2021 ജൂലായിലെ 43.54 ശതമാനത്തിൽ നിന്ന് 39.17 ശതമാനത്തിലേക്കാണ് വിപണിവിഹിതം താഴ്ന്നത്. 15.96 ശതമാനവുമായി ഹ്യുണ്ടായ് രണ്ടാമതുണ്ട്. 9.54ൽ നിന്ന് 14.36 ശതമാനത്തിലേക്ക് വിഹിതം മെച്ചപ്പെടുത്തി ടാറ്റാ മോട്ടോഴ്‌സ് മൂന്നാംസ്ഥാനവും നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, FADA, CAR SALES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.