തൃശൂർ: 90കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന കേസിലെ പ്രതി പാലക്കാട് വടക്കഞ്ചേരി അവിഞ്ഞിക്കാട്ടിൽ 'സൈക്കോ ബിജു' (വിജയകുമാർ - 36) പിടിയിൽ. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഇരിങ്ങാലക്കുട മാപ്രാണത്തായിരുന്നു സംഭവം. വാതിൽ തള്ളിത്തുറന്ന് ഒറ്റയ്ക്കായിരുന്ന വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വൃദ്ധ നിലവിളിച്ചപ്പോൾ മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപെട്ടു. കവർച്ചാശ്രമത്തിന്റെ രീതി കണ്ടാണ് അന്വേഷണം വിജയകുമാറിലേക്കെത്തിയത്. മൊഴി മാറ്റി രക്ഷപെടാൻ നോക്കിയെങ്കിലും അന്വേഷണ സംഘം കുറ്റം തെളിയിക്കുകയായിരുന്നു. ഒമ്പത് സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ.
പഠനകാലം മുതൽ അടിപിടി, ലൈംഗികവൈകൃത കേസുകളിൽ വിജയകുമാർ ഉൾപ്പെട്ടിട്ടുണ്ട്. ലൈംഗികമായി ഉപദ്രവിക്കൽ, മാല പൊട്ടിക്കൽ,കവർച്ച,വാഹന മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാൾ ബിജു എന്ന കള്ളപ്പേരിലാണ് അറിയപ്പെടുന്നത്. പല തവണ ജയിലിൽ കിടന്നിട്ടുണ്ട്. മദ്യത്തിന്റെയും കഞ്ചാവിന്റെയും ഉപയോഗമാണ് കൂടുതൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാക്കിയെന്ന് പൊലീസ് പറഞ്ഞു.
മോഷ്ടിച്ച മാല വടക്കഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു. ഇയാൾ മറ്റെവിടെയെങ്കിലും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |