ലീഡ്.... വോയ്സ് ഒഫ് സത്യനാഥനിൽ സുപ്രധാന വേഷം ഇടവേളയ്ക്കുശേഷം ബോളിവുഡ് താരം അനുപം ഖേർ മലയാളത്തിലേക്ക്. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഒഫ് സത്യനാഥൻ എന്ന ചിത്രത്തിലാണ് അനുപം ഖേർ സുപ്രധാന വേഷം അവതരിപ്പിക്കുന്നത്. 200 ലധികം ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച അനുപം ഖേർ ഇംഗ്ളീഷ്, ചൈനീസ്, പഞ്ചാബി, തമിഴ്, കന്നട, ബംഗാളി, ഉർദു ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1990ൽ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചിത്രത്തിലൂടെയാണ് അനുപം ഖേർ മലയാളത്തിൽ എത്തുന്നത്. മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പ്രജയിലും അഭിനയിച്ചു. എന്നാൽ ബ്ളെസി സംവിധാനം ചെയ്ത പ്രണയം സിനിമയിൽ അച്യുതൻനായർ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിന് ഏറെ പ്രിയങ്കരനായി മാറി. മോഹൻലാലിനും ജയപ്രദയ്ക്കും ഒപ്പം മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. നയന എന്ന ചിത്രത്തിൽ മുത്തച്ഛൻ കഥാപാത്രമാകാനും മലയാളത്തിലേക്ക് വന്നു. ബ്ളെസിയുടെ കളിമണ്ണ് സിനിമയിൽ അതിഥി വേഷത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഒൻപതു വർഷത്തിനുശേഷമാണ് മലയാളത്തിലേക്ക് വരുന്നത്.മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ വീണ നന്ദകുമാറാണ് ദിലീപിന്റെ നായിക. ഈ ഷെഡ്യൂളിൽ അനുപംഖേർ ജോയിൻ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |