SignIn
Kerala Kaumudi Online
Friday, 07 October 2022 12.58 PM IST

പാക് അധീന കാശ്മീരിനെ 'ആസാദ് കാശ്മീ'രെന്ന്  വിശേഷിപ്പിച്ച് കെ ടി ജലീൽ, മോദി സർക്കാർ വെട്ടിമുറിച്ചതിന്റെ അമർഷം ജനങ്ങളിൽ നിന്ന് വായിച്ചെടുക്കാമെന്നും എം എൽ എയുടെ ആക്ഷേപം

kt-jaleel-

ജമ്മു കാശ്മീരിൽ സന്ദർശനം നടത്തവേ ജമ്മുവിൽ കാണാനിടയായ കാഴ്ചകളെ കുറിച്ച് കെ ടി ജലീൽ എം എൽ എ എഴുതിയ കുറിപ്പ് വിവാദമാവുന്നു. കാശ്മീരിന്റെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള വിവരണത്തിൽ എവിടെ നോക്കിയാലും തോക്കേന്തിയ സൈനികരാണുള്ളതെന്നും ചിരിക്കാൻ മറന്ന് പോയ ജനതയായി കാശ്മീരികൾ മാറിയെന്നും അദ്ദേഹം കുറിക്കുന്നു. രണ്ടാം മോദി സർക്കാർ കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ചതിന്റെ അമർഷം ജനങ്ങളുടെ ഭാവത്തിൽ നിന്ന് വായിച്ചെടുക്കുന്നുവെന്നും, അപരവൽക്കരണത്തിന്റെ വികാരം കാശ്മീരിയുടെ ഹൃദയത്തിൽ പറ്റിപ്പിടിച്ച് കിടപ്പുണ്ടെന്നും ജലീൽ അഭിപ്രായപ്പെടുന്നു. എന്നാൽ ഇന്ത്യയുടെ അഭിഭാജ്യഭാഗമായ കാശ്മീരിൽ നിന്നും പാകിസ്ഥാൻ അന്യായമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കാശ്മീരിനെ 'ആസാദ് കാശ്മീർ'' എന്ന് വിശേഷിപ്പിച്ച ജലീലിന്റെ അഭിപ്രായമാണ് ഏറെ വിവാദമാകുന്നത്. പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ജലീൽ അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് എം എൽ എയുടെ ഈ അഭിപ്രായത്തിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. അതേസമയം ഇന്ത്യയുടെ അധികാരത്തിലുള്ള ജമ്മുവും, കാശ്മീർ താഴ്വ‌രയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളെ ജലീൽ വിശേഷിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ അധീന ജമ്മു കാശ്മീർ എന്നുമാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമൃതസറിൽ മലയാളി സംഘടനകളുടെ യോഗം കാലത്ത് പത്ത് മണിക്കാണ് നടന്നത്. പഞ്ചാബിലെ വിവിധ പട്ടണങ്ങളിലായി ഏതാണ്ട് പതിനായിരത്തിനടുത്ത് മലയാളികളുണ്ടെന്നാണ് അറിഞ്ഞത്. ചെയർമാൻ എ.സി മൊയ്തീൻ ആറ്റിക്കുറുക്കി മുഖവുര പറഞ്ഞു. മലയാളി സംഘടനാ പ്രതിനിധികളുടെ ഊഴം അവർ നന്നായി ഉപയോഗിച്ചു. 11.15 നാണ് യോഗം അവസാനിച്ചത്. സമയം കളയാതെ എയർപോട്ടിലേക്ക് വെച്ച്പിടിച്ചു. അമൃതസറിലെ സർക്കാർ സംവിധാനങ്ങൾ അകമഴിഞ്ഞാണ് സഹായിച്ചത്. പഞ്ചാബികളുടെ ജീവിതവും സംസ്കാരവും പരസ്പര ബഹുമാനത്തിൻ്റെതാണ്. ഭക്ഷണമാകട്ടേ ആസ്വാദ്യകരവും. എവിടെച്ചെന്നാലും അവിടുത്തെ ഭക്ഷണമാണ് എനിക്കിഷ്ടം. ഒരു ജനതയുടെ സാംസ്കാരിക പൈതൃകങ്ങളിൽ ആഹാര രീതി പ്രധാനമാണ്. ഒരു നാടിനെ അറിയാൻ ആ നാട്ടിലെ ഭക്ഷണം നല്ല ഉരക്കല്ലാണ്. 45 മിനുട്ട് പറന്ന് അമൃതസറിൽ നിന്ന് ശ്രീനഗറിലെത്തി.

കാശ്മീരിൻ്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. എവിടെ നോക്കിയാലും തോക്കേന്തിയ സൈനികർ. പോലീസുകാരുടെ തോളിലും തോക്കുകൾ തൂങ്ങിക്കിടപ്പുണ്ട്. പതിറ്റാണ്ടുകളായി കാശ്മീരിൻ്റെ നിറം പട്ടാളപ്പച്ചയാണ്. ഒരോ നൂറു മീറ്ററിലും ആയുധധാരികളായ സൈനികരെ പാതയോരങ്ങളിൽ കാണാം. സാധാരണക്കാരുടെ മുഖത്ത് അങ്കലാപ്പൊന്നും കണ്ടില്ല. ചിരിക്കാൻ മറന്ന് പോയ ജനതയായി കാശ്മീരികൾ മാറിയ മട്ടുണ്ട്. പട്ടാള ട്രക്കുകളും സൈനിക സാന്നിദ്ധ്യവും കശ്മീരികളുടെ നിത്യജീവിതത്തിൻ്റെ ഭാഗമായ പ്രതീതി. രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. രാഷ്ടീയ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. മുക്കിലും മൂലയിലും ഒരുതരം നിസ്സംഗത തളംകെട്ടി നിൽപ്പുണ്ട്. രണ്ടാം മോദി സർക്കാർ കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ചതിൻ്റെ അമർഷം ജനങ്ങളുടെ ഭാവത്തിൽ നിന്ന് വായിച്ചെടുക്കാം. അപരവൽക്കരണത്തിൻ്റെ വികാരം കാശ്മീരി യുടെ ഹൃദയത്തിൽ പറ്റിപ്പിടിച്ച് കിടപ്പുണ്ട്. അത് മാറ്റാനുള്ള വ്യവസ്ഥാപിത ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തേണ്ടത്. ആളൊഴിഞ്ഞ ഭൂപ്രദേശങ്ങളല്ല നമുക്ക് വേണ്ടത്. മണ്ണും മനസ്സും നെഞ്ചോട്‌ ചേർന്നു നിൽക്കുന്ന കാശ്മീരാകണം ലക്ഷ്യം.

തെരുവുകൾ വൃത്തിഹീനമല്ല. സർക്കാരിനു വേണ്ടി ലൈസൻ ഓഫീസർ സജാദാണ് വിമാനത്താവളത്തിൽ ഞങ്ങളെ വരവേറ്റ് എം.എൽ.എ ഹോസ്റ്റലിൽ എത്തിച്ചത്. വെജിറ്റേറിയൻ ഉച്ചയൂണും കഴിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാൻ എല്ലാവരും ധൃതി കൂട്ടി. സൗന്ദര്യ വർധക വസ്തുക്കൾക്ക് ചിലവില്ലാത്ത നാടാണ് കശ്മീർ. മനുഷ്യർക്കും പ്രകൃതിക്കും വേണ്ടുവോളം ചന്തം ദൈവം കനിഞ്ഞരുളിയ സ്വപ്ന ഭൂമി.

ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും നടുക്കാണ് കശ്മീരിൻ്റെ കിടപ്പ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ചൈനയും കാശ്മീരിനോട് തൊട്ടുരുമ്മി നിൽക്കുന്നു. 86,000 ചതുരശ്ര മൈൽ ഭൂവിസ്തൃതിയുണ്ട് കശ്മീരിന്. ജനസംഖ്യ 13 ദശലക്ഷം. രാജ്യവിഭജന കാലത്ത് കശ്മീരും രണ്ടായി പകുത്തു. ഇരു കാശ്മീരുകൾക്കും സ്വയം നിർണ്ണയാവകാശം ബ്രിട്ടീഷുകാർ നൽകിയിരുന്നു. ഷേഖ് അബ്ദുല്ലയും അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയോട് ചേർന്നു. അതിനുള്ള സമ്മാനമെന്നോണം പണ്ഡിറ്റ് നഹറു അവർക്ക് നൽകിയ സമ്മാനമാണ് പ്രത്യേക പദവി. അതവരുടെ സമ്മതം കൂടാതെ ദുരെക്കളഞ്ഞതിൽ ജനങ്ങൾ ദു:ഖിതരാണ്. പ്രതീക്ഷിച്ച ഭൗതിക നേട്ടങ്ങൾ കാശ്മീരികൾക്ക് സാദ്ധ്യമാക്കാൻ ഇന്ത്യൻ ഭരണഘടനയുടെ മൂന്നൂറ്റി എഴുപതാം വകുപ്പിനായോ? ഈ ചോദ്യത്തിനുത്തരം കിട്ടാൻ പഹൽഗാമിൽ നിന്ന് ബാരാമുള്ള വരെ യാത്ര ചെയ്താൽ മതി. ഒരു കാര്യം ഉറപ്പ്. അവരുടെ ഗോത്ര സംസ്കാരം അഥവാ കാശ്മീരിയ്യത്ത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കാഴ്ചപ്പണ്ടമെങ്കിലും കഴുത്തിൽ തൂങ്ങിയിരുന്ന അടയാഭരണം ഇരുചെവിയറിയാതെ കേന്ദ്രസർക്കാർ അടിച്ചുമാറ്റിയതിൽ നാട്ടുകാർക്കമർഷമുണ്ട്. പക്ഷെ സ്വസ്ഥത തകർക്കാൻ അവർ ഒരുക്കമല്ല.

ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന 'ദൽ' തടാകത്തിലൂടെയുള്ള സന്ധ്യാ സമയത്തെ ബോട്ട് യാത്ര അവിസ്മരണീയമാണ്. ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വിശ്രമ കേന്ദ്രമാണ് ഇവിടം. കാശ്മീർ താഴ് വരയിലെ നിരവധി തടാകങ്ങളുമായി "ദൽ" ബന്ധിതമാണ്. വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ രൂപകൽപ്പന ചെയ്ത ഇവിടെയുള്ള ഹൗസ് ബോട്ടുകൾ കണ്ണുകളെ ഇക്കിളിപ്പെടുത്തും. തടാകത്തിന് 18 ചതുരശ്രകിലോമീറ്റർ പരപ്പുണ്ട്. മഞ്ഞുകാലത്ത് ദൽ തടാകം മുഴുവൻ മരവിച്ച് മഞ്ഞുകട്ടയായി മാറും. അതിലൂടെ ആളുകൾ നടക്കുകയും കളിക്കുകയും ചെയ്യുമെത്രെ. പ്രവിശാലമായ തടാകത്തിൽ അങ്ങിങ്ങായി പരന്ന് കിടക്കുന്ന പായലുകൾ എടുത്തു മാറ്റുന്ന യന്ത്രത്തോണി സദാസമയം പ്രവർത്തന നിരതമാണ്.

'ദൽ' തടാകത്തിലെ ജലയാത്ര കഴിഞ്ഞ് തൊട്ടടുത്തുള്ള ഷാലിമാർ ഗാർഡനിലേക്ക് നടന്നു. കശ്മീർ താഴ്വരയിലെ മുഗൾ പൂന്തോട്ടമാണ് ഷാലിമാർബാഗ്. 'ഫറാ ബക്ഷ്', 'ഫൈസ് ബക്ഷ്' എന്നീ പേരുകളിലും ഈ ഉദ്യാനം അറിയപ്പെടും. 1619 ൽ മുഗൾ ചക്രവർത്തി ജഹാംഗീർ തന്റെ ഭാര്യ നൂർജഹാനുവേണ്ടി പണികഴിപ്പിച്ചതാണ് ഷാലിമാർ ബാഗ്. ഭാര്യാഭർതൃ പ്രണയത്തിൻ്റെ കശ്മീരിയൻ മാതൃക! പച്ചപുതച്ച് പൂക്കൾ വിരിയിച്ച് പുഞ്ചിരി തൂകി നിൽക്കുന്ന പൂങ്കാവനം അക്ഷരാർത്ഥത്തിൽ "ശ്രീനഗറിന്റെ കിരീട"മാണ്.

മെസപ്പെട്ടോമിയയിൽ നിന്നു വന്ന കാഷ് വർഗ്ഗത്തിൽ‌പ്പെട്ട ആദിവാസികൾ താമസിച്ച കാഷിർ പ്രദേശമാണ് കാശ്മീരായി പരിണമിച്ചത്. 1339 മുതൽ അഞ്ചു നൂറ്റാണ്ടുകൾ തുടർച്ചയായി ഇവിടം ഭരിച്ചത് മുസ്ലിം ചക്രവർത്തിമാരാണ്. 1819 ൽ മഹാരാജാ രഞ്ജിത് സിംഗ് കാശ്മീർ ആക്രമിച്ച് തന്റെ രാജ്യത്തോടു ചേർത്തു. 1846 ലെ ആംഗ്ലോ-സിഖ് യുദ്ധത്തിനു ശേഷം കാശ്മീർ ബ്രട്ടീഷ് അധീനതയിലായി. ബ്രട്ടീഷുകാരിൽ നിന്നാണ് ജമ്മുവിലെ രാജാവായ ഗുലാബ്സിംഗിന്റെ കൈകളിൽ താഴ്വരയുടെ ഭരണം എത്തിയത്. 1947 ൽ കാശ്മീർ മുഴുവനായി ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതുവരെ ഗുലാബിൻ്റെ ഭരണം തുടർന്നു.

പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.

ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ. കശ്മീരിൻ്റെ 90% ഭൂപ്രദേശത്തും ജനവാസമില്ല. പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീർ വാലിയാണ്. ശ്രീനഗർ കശ്മീർ താഴ്വരയിലെ പ്രധാന പട്ടണവും. മരത്തിൽ നിർമ്മിച്ച മൂന്നും നാലും നിലയുള്ള കെട്ടിടങ്ങൾ ഇവിടെ ധാരാളമുണ്ട്. താഴ്വാരത്തിനു പുറമെ ജനവാസ പ്രദേശങ്ങൾ വടക്കുള്ള ഗിൽഗിത് വാലിയും സിന്ധൂ ഇടുക്കുമാണ്. വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീർ താഴ്വരയിലേക്ക് പ്രവേശിക്കാനാവുക. പിർപഞ്ചാൽ മലനിരകളിലുള്ള ബനിഹാൽ ചുരത്തിലൂടെ ജമ്മുവിൽ നിന്ന് ഇവിടെയെത്താം. ബാലകോട്ട് ചുരം വഴി പാകിസ്ഥാനിൽ നിന്നും കാരകോറം ചുരം വഴി ചൈനയിൽ നിന്നും കശ്മീർ താഴ്വരകളിലെത്താനാകും. തടാകങ്ങളുടെ തൊട്ടിൽ എന്നും കശ്മീർ കീർത്തി നേടി. ഇതിൽ ഏറ്റവും വലുതാണ് ദൽ തടാകം.

തണുപ്പുകാലത്ത് കശ്മീർ താഴ്വരയിലെ താപനില മൈനസ് ഒന്ന് ഡിഗ്രിയിലെത്തും. വേനൽക്കാലത്ത് ഊഷ്മാവ് 24 ഡിഗ്രി വരെ ഉയരും. കേരളത്തിലെ കാലാവസ്ഥയാണ് ഇപ്പോൾ കാശ്മീരിൽ. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് മഴ. മഞ്ഞുകാലത്തെ ഹിമപാതം കാശ്മീരിനെ അതിസുന്ദരിയാക്കും.

തദ്ദേശവാസികളിൽ ഭൂരിഭാഗവും കൃഷിക്കാരാണ്. നദികളുടെയും വലിയ അരുവികളുടെയും കരകളിൽ നെൽപ്പാടങ്ങൾ വിളഞ്ഞത് കാണാം. കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ ചെരുവുകൾ തട്ടുതട്ടാക്കിയാണ് കർഷകർ കൃഷി നടത്തുന്നത്. ചോളമാണ് പ്രധാനകൃഷി. ഉയർന്ന പ്രദേശങ്ങളിൽ തിബറ്റൻ ബാർലിയുടെ വകഭേദവും വിളയിക്കുന്നു.

അരി, പഴ വർഗങ്ങൾ, പച്ചക്കറികൾ, പുകയില തുടങ്ങിയവയും ഇവിടുത്തെ പ്രധാന കൃഷികളാണ്. കുങ്കുമപ്പൂവും ധാരാളം വിളയിക്കുന്നു.

കശ്മീരിൻ്റെ മാത്രം പ്രത്യേകതയാണ് ഒഴുകുന്ന തോട്ടങ്ങൾ. ചങ്ങാടം നിർമ്മിച്ച് അതിനു മുകളിൽ മണ്ണും ചവറും ഇട്ടാണ് ഈ തോട്ടങ്ങൾ തയ്യാറാക്കുക. അതിനു മുകളിൽ തക്കാളി, മത്തൻ, വെള്ളരി, പുകയില തുടങ്ങിയവ നട്ടു വളർത്തുന്നു. ചലിക്കുന്ന തോട്ടങ്ങൾ തടാകങ്ങളുടെ ആഴം കുറഞ്ഞയിടങ്ങളിൽ കെട്ടിയിടും.

രുചികരമായ പഴങ്ങളുടെ പറുദീസയാണ് ഭൂമിയിലെ ഈ സ്വർഗ്ഗം. ആപ്രിക്കോട്ട്, ആപ്പിൾ, വീഞ്ഞുമുന്തിരി, വാൾനട്ട് എന്നിവക്ക് പേരുകേട്ട ഇടവും കാശ്മീർ തന്നെ. വാൾനട്ടിൽ നിന്നും എടുക്കുന്ന എണ്ണ പ്രദേശ വാസികൾ വിളക്കുകളിൽ ഇന്ധനമായും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്നു.

കശ്മീരികൾ ക്രൊകൂസിൽ (Crocuse) നിന്ന് ചായത്തിനായുള്ള കുങ്കുമമുണ്ടാക്കും. ആടുമാടുകളെ വളർത്തിയും ജനങ്ങൾ ഉപജീവനത്തിന് വഴി തേടുന്നു. തണുപ്പുകാലത്ത് മൃഗങ്ങൾ വീടിനടിയിലുള്ള തൊഴുത്തുകളിലായിരിക്കും വസിക്കുക. തണുപ്പിൽ നിന്നും ഇത് മൃഗങ്ങളെ രക്ഷിക്കും. മുകളിൽ വസിക്കുന്ന ഉടമക്ക് ചൂട് പകരുകയും ചെയ്യും. വേനൽക്കാലങ്ങളിൽ ആടുമാടുകളെ പുറത്ത് മേയാൻവിടും.

കമ്പിളി നിർമ്മാണമാണ് കശ്മീരിലെ പ്രധാന വ്യവസായം. ഏതാണ്ട് രണ്ടര ലക്ഷം ആളുകളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. പുതപ്പുകൾ, പരവതാനികൾ, ഷോളുകൾ തുടങ്ങിയവ ശ്രീനഗറിന് ചുറ്റുമുള്ള വീടുകളിലാണ് ഉണ്ടാക്കുന്നത്. കശ്മീരിലെ കനമുള്ള കൈത്തറിപ്പരവതാനികൾ ഗുണത്തിലും ചിത്രപ്പണിയിലും പൊലിമയിലും പേർഷ്യൻ പരവതാനികളോട് കിടപിടിക്കും. ഇതിനുപയോഗിക്കുന്ന നിറങ്ങൾ ചെടികളിൽ നിന്നും മറ്റും പ്രകൃതിദത്തമായാണ് രൂപപ്പെടുത്തുന്നത്. കാശ്മീരിൽ ഉൽപ്പാദിപ്പിക്കുന്ന "ഗഭ" എന്ന തുണി പരവതാനി നെയ്ത്തിൽ മിച്ചം വരുന്ന കമ്പിളി ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്. കനം കുറഞ്ഞതും ആകർഷണീയവുമാണവ. കശ്മീരികൾ കിടപ്പുമുറികളിൽ നിലത്തു വിരിക്കാനാണ് ഇതുപയോഗിക്കുക.

മഞ്ഞുമലകളുടെ നാട്ടിലെ തുകലും തുകലുൽപ്പന്നങ്ങളും പേരുകേട്ടതാണ്. പട്ട്, കരകൌശല വസ്തുക്കൾ, മരത്തിലുള്ള കൊത്തുപണികൾ തുടങ്ങിയവയും കാശ്മീരിൻ്റെ മൊഞ്ചേറ്റുന്ന ജീവനോപാധികളാണ്. ടൂറിസമാണ് ഈ താഴ്വരയുടെ ജീവനാഢി. ലക്ഷോപലക്ഷം സന്ദർശകരാണ് കശ്മീരിൽ ഓരോ വർഷവും എത്തുന്നത്.

സമാധാന പ്രിയരായ സുന്ദരികളെയും സുന്ദരൻമാരെയും വറുതിയുടെ ഇരുട്ടിലേക്ക് തള്ളിവിട്ടത് തീവ്രവാദ ചിന്തകളാണ്. പാകിസ്ഥാൻ്റെ പ്രേരണയിൽ മുളപൊട്ടിയ വികാരം ഒരു ന്യൂനാൽ ന്യൂനപക്ഷത്തെ സ്വാധീനിച്ചു. മഹാഭൂരിഭാഗം കാശ്മീരികളും അതിനോട് വിയോജിച്ചു. രാജ്യാതിർത്തി സംഘർഷഭരിതമായി. ഇന്ത്യാ-പാക്ക് സൈന്യങ്ങൾ പരസ്പരം ഏറ്റുമുട്ടി. ഇരുഭാഗത്തും കനത്ത ആൾനഷ്ടങ്ങളുണ്ടായി. ഭൂമിയിലെ സ്വർഗ്ഗമായ കശ്മീർ നരകമായി മാറി. ജനജീവിതം ദുസ്സഹമായി. പട്ടാളം പട്ടണങ്ങളിലും നാട്ടിൻ പുറങ്ങളിലും വിന്യസിക്കപ്പെട്ടു. നുഴഞ്ഞു കയറ്റക്കാർ ഉണ്ടാക്കിയ പ്രശ്നങ്ങളുടെ പ്രാരംഭ കാലത്ത് സിവിലിയൻസും സൈനികരും ശത്രുതയിൽ വർത്തിച്ചു. കാലം മുറിവുണക്കവെയാണ് ശനിപാതം പോലെ പുതിയ നിയമം നിപതിച്ചത്. കാശ്മീർ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ വെമ്പുന്നുണ്ട്. ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കാശ്മീർ. ഭീതി പൂർണ്ണമായും വിട്ടുമാറിയതിൻ്റെ ലക്ഷണങ്ങളല്ല അങ്ങാടികളിലും തെരുവുകളിലും കണ്ടത്. പഴയ സന്തോഷവും ചൈതന്യവും ജനങ്ങൾ വീണ്ടെടുക്കാൻ നോക്കുന്നുണ്ട്. ഇന്ത്യൻ പട്ടാളം സൗഹൃദത്തോടെയാണ് ഇപ്പോൾ ജനങ്ങളോട് പെരുമാറുന്നതെന്ന് ഞങ്ങളെ അനുഗമിച്ച ഒരാൾ അഭിപ്രായപ്പെട്ടു. തൊണ്ണൂറുകൾ മുതൽക്കേ (1990) ഇത്തരമൊരു സമീപനം സ്വീകരിച്ചിരുന്നെങ്കിൽ കാശ്മീർ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാശ്മീരി അവൻ്റെ പഴയ ജീവിതം തിരിച്ചു പിടിക്കണം. വിനോദ സഞ്ചാരികളുടെ തിരക്കേറിയ ദർബാറായി കാശ്മീർ വീണ്ടും മാറണം. ജനമനസ്സുകൾ കിഴടക്കാൻ യന്ത്രത്തോക്കുകൾക്കാവില്ലെന്ന് ഭരണകൂടവും ഭീകരവാതികളും തിരിച്ചറിയണം. സ്നേഹവും സഹിഷ്ണുതയും ഐക്യവും ഇനിയും കളിയാടണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K T JALEEL FB POST, AZADI KASHMIR, POK, MODI, LADAKH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.