നെടുമ്പാശേരി: പണംകൈപ്പറ്റി സ്വർണക്കള്ളക്കടത്തുകാരെ സഹായിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് സൂപ്രണ്ടുമാരായി ജോലിചെയ്യുന്ന അനീഷ്, ഉമേഷ് കുമാർ സിംഗ് എന്നിവർക്കെതിരെയാണ് നടപടി.
ജിദ്ദയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കൈക്കൂലി വാങ്ങി സ്വർണം കടത്താൻ സഹായിച്ചെന്നാണ് ആരോപണം. യാത്രക്കാരൻ സ്വർണവുമായി വിമാനത്താവളത്തിൽനിന്ന് പുറത്തെത്തിയപ്പോൾ രഹസ്യവിവരത്തെത്തുടർന്ന് കൊച്ചിയിൽ നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇയാളിൽനിന്ന് ഒരു കോടിയിലേറെ രൂപവിലവരുന്ന സ്വർണം പിടിച്ചെടുത്തു. തുടർന്ന് പ്രിവന്റീവ് ഉദ്യോഗസ്ഥർ യാത്രക്കാരനുമായി വിമാനത്താവളത്തിലെത്തി ബന്ധപ്പെട്ട എയർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തെളിവെടുപ്പ് നടത്തി. 10,000രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ യാത്രക്കാരൻ കാണിച്ചുകൊടുത്തു. അവരുടെ സാന്നിദ്ധ്യത്തിൽ പ്രിവന്റീവ് ഉദ്യോഗസ്ഥർ യാത്രക്കാരന്റെ മൊഴിയെടുത്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കമ്മീഷണർ നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |