തിരുവനന്തപുരം: കുടിശിക അടച്ച് ഡീസൽ ഉറപ്പാക്കിയെങ്കിലും ഡിപ്പോകളിലേക്കുളള വിതരണം ശരിയാകാത്തതിനാൽ തലസ്ഥാന ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിക്കുറക്കൽ തുടരുന്നു.
വിതരണക്രമം ട്രാക്കിലാകാൻ സമയമെടുക്കും. വരുന്ന ലോഡുകൾ പ്രധാന ഡിപ്പോകൾക്കാണ് നൽകുന്നത്. ചെറിയ ഡിപ്പോകളിലെ ബസുകൾ പ്രധാന ഡിപ്പോകളിൽ ഇന്ധനം നിറയ്‌ക്കാനാണ് നിർദ്ദേശം. ഇത് തിരക്കിനും കാത്തുകിടപ്പിനും ഇടയാക്കി.
സാമ്പത്തിക പ്രതിസന്ധി മൂലം ആഗസ്റ്റ് 1 മുതൽ 10 വരെ ഡിപ്പോകളിൽ ഡീസൽ എത്തിയില്ല. സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചും സർവീസ് വെട്ടിക്കുറച്ചുമാണ് പ്രതിസന്ധി നേരിട്ടത്. ചെറിയ ഡിപ്പോകളിൽ മൂന്ന് ദിവസവും വലിയ ഡിപ്പോകളിൽ രണ്ട് ദിവസവും കൂടുമ്പോഴാണ് ഇന്ധനം എത്തിയത്. കഴിഞ്ഞ പത്ത് ദിവസവും ഈ വിതരണക്രമം നിലച്ചു. വിതരണം പുനഃസ്ഥാപിച്ചെങ്കിലും ആവശ്യത്തിന് ലോഡ് എത്താത്തത് ക്ഷാമമുണ്ടാക്കി.
തിരുവനന്തപുരത്ത് സിറ്റി, വിഴിഞ്ഞം, പൂവാർ, പാറശാല, പേരൂർക്കട, വികാസ് ഭവൻ, വെള്ളറട എന്നിവിടങ്ങളിൽ ഡീസൽ ക്ഷാമം ഉണ്ട്. ഈ ബസുകൾ തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ നിന്നാണ് ഇന്ധനം നിറയ്‌ക്കുന്നത്. ഇതിനായി രാവിലെ മുതൽ ഓവർ ബ്രിഡ്‌ജിലും തമ്പാനൂരിലും ഓർഡിനറി ബസുകൾ കാത്തുകിടക്കുകയാണ്.