കൊച്ചി: നിപ ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള വിദ്യാത്ഥിയുടെ രക്തത്തിൽ വൈറസിന്റെ സാന്നിദ്ധ്യം ഇല്ലാതായതായി പരിശോധനയിൽ കണ്ടെത്തി. വിദ്യാർത്ഥിയുടെ തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിദ്ധ്യം ഇല്ലാതായതായി കണ്ടെത്തിയിട്ടുണ്ട്. . കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കേരളത്തിന് ആശ്വസിക്കാവുന്ന വിവരമുള്ളത്.
നിപ രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്തം അടക്കമുള്ള സാമ്പിളുകൾ പരിശോധിക്കുന്നതിന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം കളമശ്ശേരി മെഡിക്കൽ കോളേജിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവർ നടത്തിയ പരിശോധനയിലാണ് രോഗിയിൽ നിപ വൈറസിന്റെ സാന്നിദ്ധ്യം കുറഞ്ഞതായി കണ്ടെത്തിയത്.
പരിശോധിച്ച നാലു സ്രവങ്ങളിൽ മൂത്രത്തിൽ മാത്രമാണ് വൈറസ് സാന്നിദ്ധ്യം ഉള്ളത്. വൈറസ് പൂർണമായും ഇല്ലാതായതായി സ്ഥിരീകരിക്കാൻ സാമ്പിളുകൾ പൂനെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
ഇതിനിടെ കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന നാലു പേരെ ഡിസ്ചാർജ് ചെയ്തിരുന്നു.
നിലവിൽ 325 പേരാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. ഇതിൽ തീവ്ര നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയ 52 പേരിലും ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |