തിരുവനന്തപുരം: സി.പി.എമ്മിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പുതിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും ഇന്നലെ സന്ദർശിച്ചു. എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറിയായി തീരുമാനിച്ചതിന് പിന്നാലെ ബാർട്ടൺഹില്ലിലെ വീട്ടിൽ വൈകിട്ട് നാലരയോടെയാണ് നേതാക്കൾ എത്തിയത്. ഏറെ നാളുകളായി വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വി.എസിന്റെ ആരോഗ്യകാര്യങ്ങൾ നേതാക്കൾ ചോദിച്ചറിഞ്ഞു. വി.എസിന്റെ മകൻ അരുൺകുമാർ നേതാക്കളെ സ്വീകരിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ ചികിത്സയിലുള്ള ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി കേന്ദ്രകമ്മിറ്റി അംഗം മുരളിയെയും നേതാക്കൾ സന്ദർശിച്ചു.