SignIn
Kerala Kaumudi Online
Friday, 20 September 2024 1.19 AM IST

ഗോവിന്ദൻ മാഷേ, പറയുമ്പോൾ പാവങ്ങളെക്കൂടി ഓർക്കണേ

Increase Font Size Decrease Font Size Print Page

m-v-govindan

' ഏകപട ത്രിപട ത്രിത പഞ്ചപട, ഡഡ്ഡഡ്ഡാഡഗുണം ഡഗുണം ഡിഗുണം ഗുഡ്ഡഡ്ഡാഡ ഗുഡീം' . ചിലർക്ക് ഇതെന്താണെന്ന് പിടികിട്ടിക്കാണും. മറ്റു ചിലർക്ക് ഒന്നും മനസിലായി കാണുകയുമില്ല. ഒരു കുളത്തിൻ കരയിൽ നിൽക്കുന്ന യുവതിയുടെ കൈയിലെ ചെമ്പുകുടം കൈവഴുതി വീഴുമ്പോൾ കൽപ്പടവുകളിലൂടെ അത് തെന്നിത്തെറിച്ച് വെള്ളത്തിൽ പതിക്കുന്നതും ആടിയുലയുന്ന കുടത്തിൽ വെള്ളം കയറി അത് മുങ്ങിത്താഴുന്നതും സങ്കൽപ്പിച്ചുള്ള ഒരു കസർത്ത്. കഥാപ്രസംഗ കലയിൽ എത്രയോ പതിറ്റാണ്ടുകൾ ചക്രവർത്തിയായി വിരാജിച്ച അന്തരിച്ച വി.സാംബശിവന് തന്റെ പരിപാടികൾക്കിടയിൽ സദസ്സിനെ രസിപ്പിക്കാൻ നിരവധി നമ്പരുകളുണ്ട്. അത്തരത്തിൽ ഒരു നമ്പരാണ് ഇത്. കഥാ സന്ദർഭവുമായി ബന്ധപ്പെടുത്തി ഒട്ടും കല്ലുകടി തോന്നാത്തവിധം അവയെ ഇണക്കി ചേർക്കാനും അദ്ദേഹത്തിന് അനിതര സാധാരണമായ വിരുതുണ്ട്. അതുകൊണ്ട് തന്നെ വി.സാംബശിവൻ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ , മനസിലെ എല്ലാ വേദനയും നിരാശയും മറന്ന് ജനം ആർത്തു ചിരിക്കും. ഇതിന് സമാനമായ എത്രയോ സന്ദർഭങ്ങൾ നമ്മൾ ജീവിതത്തിൽ കണ്ടിരിക്കുന്നു. രാഷ്ട്രീയ, സാഹിത്യ, സാംസ്കാരിക മേഖലകളിലെല്ലാം ഇങ്ങനെ പലരും പലതും പറയാറുണ്ട്. പക്ഷേ പലർക്കും വേണ്ടത്ര അവതരണ ചാതുരി ഉണ്ടാവില്ല. അവർ പറയുന്നതിന്റെ അർത്ഥ വ്യാപ്തിയോ അവതരണ ഭംഗിയോ ഒന്നും പലപ്പോഴും നമുക്ക് മനസിലാകണമെന്നുമില്ല. എല്ലാം കേട്ട് പഴയ അംബാസഡർ കാറിന്റെ ബോണറ്റ് തുറക്കും പോലെ വാ പൊളിച്ച്, വായ്ക്ക് മുന്നിൽ വലതുകൈവിരലുകൾ കൊണ്ട് രണ്ട് ഞൊട്ടും ഞൊട്ടി, ഇടത് കൈ തലയിൽ കളമാന്തി പോലെ പ്രയോഗിച്ച് ആൾക്കാർ എണീറ്റ് പോകും. എല്ലാം മനസിലായെന്ന ഭാവത്തിൽ.

സന്ദേശം സിനിമയിൽ ശങ്കരാടി അവതരിപ്പിക്കുന്ന കുമാരപിള്ള സാർ എന്ന പാർട്ടി ബുദ്ധിജീവി പറയുന്ന സംഭാഷണം വളരെ പ്രസിദ്ധമാണല്ലോ. രാഷ്ട്രീയ നേതാക്കൾ എങ്ങനെ അണികളെ ആശയ പ്രതിസന്ധിയിലാക്കി അമ്പരിപ്പിച്ച് സ്വന്തം ബുദ്ധിജീവി ഇമേജ് ഉറപ്പിക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമാണ് ശങ്കരാടിയുടെ സംഭാഷണം.

'താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനവാദികളുംപ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നുവെന്ന് വേണം കരുതാൻ. ഒന്ന് ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം. ' മനസിലായില്ല' എന്ന് പാർട്ടി അംഗം പറയുമ്പോൾ വീണ്ടും വിശദീകരണം. 'അതായത് വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താഗതികളും. റാഡിക്കലായിട്ടുള്ളൊരു മാറ്റമല്ല. ഇപ്പോൾ മനസിലായോ. 'എന്തുകൊണ്ടു നമ്മൾ തോറ്റു എന്ന് ലളിതമായിട്ടങ്ങു പറഞ്ഞാലെന്താ. പ്രതിക്രിയാവാതകവും കൊളോണിയലിസവും എന്നൊക്കെ പറഞ്ഞ് വെറുതെ കൺഫ്യൂഷനുണ്ടാക്കുന്നതെന്നതെന്തിനാ' . നിസ്സഹായനായ പാർട്ടി അംഗം വീണ്ടും ദയനീയമായി ചോദിക്കുമ്പോൾ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന മറുപടി 'കുമാരപിള്ളസാറ് നമ്മുടെ താത്വികാചാര്യനാണ്'. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം സിനിമയിലെ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന 'കുമ്പിടി' ഓട്ടോറിക്ഷാക്കാരനെ ശപിക്കുമ്പോൾ പറയുന്ന മന്ത്രവും ഇതേ പോലെ ഒന്നും മനസിലാവാതെ ജനം ഏറ്റെടുത്തതാണ്. ഇപ്പോൾ ഇതൊക്കെ ചിന്തിക്കാൻ കാര്യമെന്തെന്ന് വായനക്കാർക്ക് തോന്നാം. കേരളത്തിൽ ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദൻ മാസ്റ്ററുടെ ചില സമയത്തെ താത്വിക വിശദീകരണങ്ങൾ കേട്ടാൽ നമുക്ക് ചിലപ്പോൾ തോന്നിപ്പോകും ഇതെന്താണെന്ന്. ഗോവിന്ദൻ മാസ്റ്റർ നല്ല കറകളഞ്ഞ കമ്മ്യൂണിസ്റ്റാണ്. ഒരുവിധ പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ പാർട്ടി ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് മുഴുവൻ സമയവും പാർട്ടിക്കായി വിയർപ്പൊഴുക്കുന്ന ഉത്തമനായ നേതാവാണ്. സാധാരണക്കാരനോട് സൗമ്യമായി പെരുമാറുന്ന പച്ച മനുഷ്യനാണ്. ഏറെ സങ്കീർണ്ണമായ തദ്ദേശസ്വയംഭരണ വകുപ്പും ഏതുസമയത്തും പഴികേൾക്കാവുന്ന എക്സൈസ് വകുപ്പും ഒരുവിധ പരാതികൾക്കോ ആക്ഷേപങ്ങൾക്കോ ഇട നൽകാതെ മുന്നോട്ടു കൊണ്ടുപോയ നല്ല മന്ത്രിയുമാണ്. സമാനമായ രീതിയിൽ പാർട്ടിയെയും ഏറെക്കാലം മുന്നോട്ടു നയിക്കാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നമുക്ക് നേരാം. എങ്കിലും അദ്ദേഹത്തിന്റെ താത്വിക ലൈനിലുള്ള പ്രസംഗ ശൈലി ഒന്നു മയപ്പെടുത്തിക്കൂടേ എന്ന് സാധാരണക്കാരൻ ചോദിച്ചാൽ കുറ്റം പറയാൻ കഴിയില്ല. സഞ്ചിത മൂലധനം എന്തെന്ന് ചോദിച്ചാൽ കൃത്യമായി അതിന്റെ നാനാവശങ്ങളും അദ്ദേഹം സവിസ്തരം പ്രതിപാദിക്കും. പക്ഷേ ഇത് കേട്ടിരിക്കുന്ന സാധാരണക്കാരന് , മാഷ് പറയുന്നത് മനനം ചെയ്ത് , അതിന്റെ ആശയപരവും പ്രത്യയശാസ്ത്രപരവും കമ്യൂണിസ്റ്ര് വീക്ഷണകോണും സാമ്പത്തിക ഘടനയും ആഗോളവത്കരണവും ഉദാരവത്കരണവുമൊക്കെ കൃത്യമായി ദഹിപ്പിച്ചെടുക്കാൻ ഏറെ പണിപ്പെടേണ്ടിവരും. അത്രമാത്രം വലിയ ബുദ്ധിവ്യായാമത്തിന് അവരൊട്ടു മുതിരുകയുമില്ല.

ലീഗ് വർഗ്ഗീയ പാർട്ടിയാണോ എന്ന് ഒരു മാദ്ധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ നിഷ്കളങ്കമായ മറുപടി ഇങ്ങനെ ' അവരുടെ സ്വഭാവം വച്ച് നിങ്ങൾ തന്നെ വിലയിരുത്തിയാൽ മതി. '

ലീഗ് ഇടതുമുന്നണിയിലേക്ക് വന്നാൽ സ്വീകരിക്കുമോ, അവരെ മതേതര പാർട്ടിയായി കാണാമോ എന്നു ചോദിച്ചപ്പോൾ മാസ്റ്ററുടെ ക്ളാസിക് മറുപടി, 'ഇന്ന് ഇന്ത്യയിലെ കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വർഗ്ഗ താത്പര്യ സംരക്ഷണത്തിന്റെ ഉപകരണമായി നിലകൊള്ളുന്ന, ഭരണകൂട വർഗ്ഗ താത്പര്യ സംരക്ഷണത്തിന് വേണ്ടി നിൽക്കുന്ന വലതുപക്ഷ പാർട്ടിയുടെ പട്ടികയിലാണ് ഇതെല്ലാം ഉള്ളത് '.

ഹാവൂ. ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകന് 'ഗുൽഗുലുതിക്തകം' കഷായം കുടിച്ച സായൂജ്യമായി. പിന്നെ ഒരു ചോദ്യം പോലും ഗോവിന്ദൻ മാസ്റ്ററോട് ചോദിക്കാൻ മാദ്ധ്യമ കേസരിക്ക് ധൈര്യം വന്നില്ല.

ഇതുകൂടി കേൾക്കണേ

നല്ല മനുഷ്യനും നല്ല കമ്മ്യൂണിസ്റ്റും നല്ല നേതാവുമായ എം,വി.ഗോവിന്ദൻ ഒരു സുപ്രധാന ഘട്ടത്തിലാണ് സംസ്ഥാനത്തെ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുന്നത്. അദ്ദേഹത്തിൽ പാർട്ടി പ്രവർത്തകർ വലിയ പ്രതീക്ഷ കാട്ടുന്നു. പൊതു വേദികളിൽ അദ്ദേഹം പ്രസംഗിക്കുമ്പോൾ ഈ പാവങ്ങളെ കൂടി ഒന്നു കണക്കിലെടുക്കണേ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: M V GOVINDAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.