തിരുവനന്തപുരം: രാജ്യാന്തര ബന്ധമുള്ള സ്വർണ്ണക്കള്ളക്കടത്തിലും ബാലഭാസ്‌കറിന്റെ അപകടമരണക്കേസുമായി ബന്ധപ്പെട്ടും ഡി.ആർ.ഐയും ക്രൈംബ്രാഞ്ച് സംഘവും നാടാകെ പരതുന്ന വിഷ്ണു സോമസുന്ദരമെവിടെ? സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കെ കേസിലെ പ്രധാന പ്രതിയായ വിഷ്ണുവിന്റെ തിരോധാനം അന്വേഷണ സംഘത്തെ വലയ്ക്കുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇനിയുള്ള ചോദ്യങ്ങൾക്ക് വിഷ്ണുവിൽ നിന്നാണ് ഡി.ആർ.ഐയ്ക്ക് മറുപടി ലഭിക്കേണ്ടത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ മാസം 13ന് കള്ളക്കടത്ത് സംഘത്തിൽപ്പെട്ട സെറീന ഷാജിയും തിരുമല സ്വദേശി സുനിൽകുമാറും 25 കിലോ സ്വർണ്ണ ബിസ്‌ക്കറ്റുമായി പിടിയിലായെന്ന വിവരം ലഭിച്ചപ്പോൾ തിരുമലയിലെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട വിഷ്ണു എവിടെയാണെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല. മുൻകൂർ ജാമ്യത്തിന് എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കോടതിയിൽ വിഷ്ണു സമർപ്പിച്ച ഹർജി തള്ളിയിരുന്നു. കള്ളക്കടത്തുകൾ മൂടോടെ ഡി.ആർ.ഐ പുറത്ത് കൊണ്ടുവരികയും ബാലഭാസ്‌കറിന്റെ അപകട മരണക്കേസും പൊന്തിവന്നതോടെയാണ് വിഷ്ണു ഒളിവിൽ പോയത്. ഫോണുപയോഗിക്കാത്തതും ആരുടെയും സഹായം തേടാത്തതുമാണ് വിഷ്ണുവിനെ തെരയുന്നതിൽ അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. കാരിയർമാരെ 25 കിലോ സ്വർണവുമായി പിടികൂടിയതിന് പിന്നാലെ ഡി.ആർ.ഐ കേരളത്തിലും ദുബായിലുമായി നടത്തിയ അന്വേഷണത്തിൽ, വിഷ്ണുവിന്റെയും തന്റെ സുഹൃത്തായിരുന്ന ജിത്തുവിന്റെയും നേതൃത്വത്തിൽ ഗൾഫിൽ നിന്ന് കോടികളുടെ സ്വർണ്ണമാണ് കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കേരളത്തിലേക്ക് കടത്തിയതായി വെളിപ്പെട്ടത്.
ഗൾഫിൽ സെറീനയെ പരിചയപ്പെടുത്തിയത് പാക് പൗരനാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ എൻ.ഐ.എയും സ്വർണക്കടത്ത് സംഘത്തെ അന്വേഷിച്ചുവരികയാണ്. സ്വർണക്കടത്ത് കേസിൽ വിഷ്ണുവിന്റെയും പ്രകാശ് തമ്പിയുടെയും ബന്ധം പുറത്തായതോടെയാണ് ബാലഭാസ്‌കറിന്റെ അപകടമരണം സംബന്ധിച്ച പിതാവിന്റെ പരാതിയിൽ തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നത്. നിയമ ബിരുദധാരിയായ വിഷ്ണുവിന് കേസുകളുടെ ഗൗരവം ബോദ്ധ്യമുള്ളതിനാലാകാം മാറിനിൽക്കുന്നതെന്നാണ് ഡി.ആർ.ഐയുടെ നിഗമനം. കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിരവധി തവണ വിദേശ യാത്രകൾ വിഷ്ണു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
കള്ളക്കടത്ത് കേസിലെ പ്രധാനികളായ പി.പി.എം ജൂവലറി ഗ്രൂപ്പിലെ ഡയറക്ടർമാരും ഒളിവിലാണ്. വിഷ്ണുവിനെയും സംഘത്തെയും കിട്ടിയാൽ മാത്രമേ ഡി.ആർ.ഐയ്ക്ക് ഇനി അന്വേഷണവുമായി മുന്നോട്ട് പോകാനാകൂ. പ്രകാശ് തമ്പിയ്ക്കും പാലക്കാട്ടെ ഡോക്ടർക്കുമൊപ്പം വിഷ്ണുവുമായുള്ള സാമ്പത്തിക ഇടപാടിലും ബാലഭാസ്‌കറിന്റെ പിതാവ് സംശയം പ്രകടിപ്പിക്കുകയും ബാലഭാസ്‌കറിന്റെ ഫ്ളാറ്റ് ബാലഭാസ്‌കർ അറിയാതെ വാടകയ്ക്ക് നൽകിയതിന്റെ പേരിൽ ബാലുവും വിഷ്ണുവുമായി വഴക്കുണ്ടായതായ അമ്മാവൻ ബി.ശശികുമാറിന്റെ വെളിപ്പെടുത്തലിനുമെല്ലാം ഉത്തരം ലഭിക്കേണ്ടത് ഇനി വിഷ്ണുവിൽനിന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |