ലണ്ടൻ : തന്റെ നേതൃത്വത്തിലുള്ള സർക്കാർ ബ്രിട്ടനെ മാറ്റിയെടുക്കുമെന്ന് പ്രതിജ്ഞയെടുത്ത് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ്. പ്രധാനമന്ത്രിയായ ശേഷമുള്ള രാജ്യത്തോടുള്ള ആദ്യ അഭിസംബോധനയിലാണ് ലിസിന്റെ പരാമർശം. ' ബോറിസ് ജോൺസൺ ബ്രെക്സിറ്റ് നടപ്പാക്കി, കൊവിഡ് വാക്സിനുകൾ വിതരണം ചെയ്തു, റഷ്യൻ പ്രകോപനത്തിനെതിരെ നിലകൊണ്ടു. ചരിത്രം അദ്ദേഹത്തെ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പ്രധാനമന്ത്രിയായി കാണും. കൊവിഡും യുക്രെയിൻ അധിനിവേശവും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങൾ നാം ഇന്ന് അഭിമുഖീകരിക്കുന്നു. ബ്രിട്ടനെ തിരിച്ചുപിടിക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ട സമയമാണിത്. റോഡുകൾ നിർമ്മിക്കുന്നതിലും മറ്റും കൂടുതൽ നിക്ഷേപത്തിന് വഴിയൊരുക്കും. ഉയർന്ന ശമ്പളത്തോടെയുള്ള ജോലികളും സുരക്ഷിതമായ തെരുവുകളും അർഹിക്കുന്ന അവസരങ്ങളും ലഭിക്കുന്ന ഒരു അഭിലഷണീയ രാജ്യമാക്കി തന്റെ സർക്കാർ ബ്രിട്ടനെ മാറ്റും. നമുക്ക് ഒത്തൊരുമിച്ച് കൊടുങ്കാറ്റിനെ മറികടക്കാനാകും. നികുതിവെട്ടിച്ചുരുക്കലിലൂടെയും പരിഷ്കരണങ്ങളിലൂടെയും സമ്പദ്വ്യവസ്ഥയെ വളർത്തും. " ആരോഗ്യം, ഊർജം തുടങ്ങിയ മേഖലകളിലും സമഗ്ര പദ്ധതികൾ നടപ്പാക്കുമെന്നും ലിസ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |