ഡൽഹി: അരവിന്ദ് കെജ്‌രിവാൾ സർക്കാരിനെതിരെ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ലഫ്. ഗവർണർ. സംസ്ഥാന ഗതാഗത വകുപ്പ് 1,000 ലോ ഫ്‌ളോർ ബസുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.
മദ്യനയത്തെ ചൊല്ലിയുള്ള അഴിമതി ആരോപണത്തിൽ സർക്കാരിനെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മറ്റൊരു കേസ് കൂടി സി ബി ഐക്ക് വിട്ടത്. 2019ൽ ബസുകൾ വാങ്ങിയതിലും വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള 2020ലെ കരാറിലും അഴിമതിയുണ്ടെന്ന പരാതി നേരത്തെ ഗവർണർക്ക് ലഭിച്ചിരുന്നു.
തുടർന്ന് പരാതിയിൽ പരിശോധന നടത്താനും സർക്കാർ വകുപ്പുകളിൽ നിന്ന് വിശദീകരണം തേടാനും ലഫ്.ഗവർണർ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പദ്ധതി നടത്തിപ്പിൽ ചില ക്രമക്കേടുകൾ നടന്നെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയതോടെയാണ് ഗവർണർ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
ഗവർണറുടെ ശുപാർശ പ്രകാരമാണ് മദ്യനയക്കേസിൽ അന്വേഷണം സി ബി ഐ ഏറ്റെടുത്തത്. അതേസമയം, നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണ് ലഫ്. ഗവർണറെന്നും, ഇതിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് സർക്കാരിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതെന്നുമാണ് ആം ആദ് മിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |