ലക്‌നൗ: ഉത്തർപ്രദേശിലെ ധീമാൻപുരയ്‌ക്ക് സമീപം ഷാംലിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത് റിപ്പോർട്ട് ചെയ്‌ത ടെലിവിഷൻ ലേഖകനെ ക്രൂരമായി മർദ്ദിക്കുകയും
വായിൽ മൂത്രം ഒഴിക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു. ന്യൂസ് 24 എന്ന ചാനലിന്റെ ലേഖകൻ അമിത് ശർമ്മയാണ് ചൊവ്വാഴ്ച വൈകിട്ട് മർദ്ദനത്തിന് ഇരയായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
റെയിൽവേ പൊലീസിന്റെ ഷാംലി സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാർ ഉപാദ്ധ്യായ, കോൺസ്റ്റബിൾ സഞ്ജയ് പവാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. സംഭവത്തെ പറ്റി അന്വേഷണത്തിന് റെയിൽവേ പൊലീസ് ഉത്തരവിട്ടു. മഫ്‌തിയിലായിരുന്ന പൊലീസുകാർ അമിത് ശർമ്മയെ തുടർച്ചയായി അടിക്കുകയും ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.
അപകടം റിപ്പോർട്ട് ചെയ്യാൻ എത്തിയ അമിത് ശർമ്മയുമായി ഇരുവരും വാക്കേറ്റം നടത്തുകയും മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അവിടെ ഉണ്ടായിരുന്ന പൊലീസുകാരും മർദ്ദിച്ചശേഷം ലോക്കപ്പിൽ അടച്ചു. സംഭവം അറിഞ്ഞ് ഒരു സംഘം മാദ്ധ്യമ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തി അമിത് ശർമ്മയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് ശർമയെ മോചിപ്പിച്ചത്.
ലോക്കപ്പിൽ പൊലീസുകാർ തന്നെ നഗ്നനാക്കുകയും വായിലേക്ക് മൂത്രം
ഒഴിക്കുകയും ചെയ്‌തതായും അമിത് ശർമ്മ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഷാംലി റെയിൽവേ പൊലീസിന്റെ പ്രവർത്തനത്തിലെ കുഴപ്പങ്ങളെ പറ്റി അമിത് ശർമ്മ കുറേ കാലമായി റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ പ്രതികാരമാണ് മർദ്ദനം എന്നാണ് കരുതുന്നത്.
സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പൊലീസുകാർക്കും എതിരെ നടപടി ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ ഇന്നലെ റെയിൽവേ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |