SignIn
Kerala Kaumudi Online
Wednesday, 30 November 2022 5.09 PM IST

 ഒപ്പിട്ടത് ജനക്ഷേമം പരിഗണിച്ചെന്ന് രാജ്ഭവൻ ഗവർണർ ഒപ്പിട്ടു, വിവാദത്തിൽ കുരുങ്ങാത്ത 5 ബില്ലുകളിൽ

bill

 ബില്ലുകളിൽ ഒപ്പിടുമെന്ന് 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു

തിരുവനന്തപുരം: നിയമപരമായും ഭരണഘടനാപരമായും നിലനിൽക്കുന്ന അഞ്ച് ബില്ലുകളിൽ ഉപാധികളില്ലാതെ ഗവർണർ ഇന്നലെ ഒപ്പിട്ടു. ആറ് ബില്ലുകളിലാണ് ഒപ്പിടാത്തത്. ബില്ലുകൾ നിയമമാകേണ്ട സാഹചര്യം രാജ്ഭവനിലെ ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വൈകിട്ട് ഗവർണറെ ധരിപ്പിച്ചതിന് പിന്നാലെ ഇന്നലെ രാവിലെ ഒമ്പതോടെയാണ് ബില്ലുകളിൽ ഒപ്പുവച്ചത്. ഇക്കാര്യം രാവിലെ ഒമ്പതരയോടെ രാജ്ഭവൻ മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു. മന്ത്രിമാരോ വകുപ്പുസെക്രട്ടറിമാരോ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിലല്ല, ജനങ്ങളുടെ ക്ഷേമം പരിഗണിച്ചാണ് ഒപ്പുവച്ചതെന്ന് രാജ്ഭവൻ വ്യക്തമാക്കി. 11 ബില്ലുകളിൽ വിവാദമില്ലാത്തവയിൽ ഒപ്പിടുമെന്ന് 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

മാരിടൈം ബോർഡ് (ഭേദഗതി), പബ്ലിക് സർവ്വീസ് കമ്മിഷൻ (ചില കോർപ്പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) രണ്ടാം ഭേദഗതി, ധനഉത്തരവാദിത്വ ഭേദഗതി, ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി), തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് എന്നീ ബില്ലുകൾക്കാണ് അംഗീകാരം നൽകിയത്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കാനുള്ള ബില്ലിന്റെ ഇംഗ്ലീഷ് കരടിൽ മാത്രമാണ് ഒപ്പിട്ടതെന്നും ബില്ലിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും രാജ്ഭവൻ അറിയിച്ചു. ഇതുൾപ്പെടെ രണ്ട് ബില്ലുകളിൽ ബന്ധപ്പെട്ട മന്ത്രിമാർ നേരിട്ടെത്തി ബില്ലിന്റെ സാഹചര്യം വിശദീകരിച്ചാൽ ഒപ്പിടും.

ഒപ്പിടാത്ത ബില്ലുകൾ

ബില്ലുകളിൽ മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള സഹകരണ സംഘം ഭേദഗതി, ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി, വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി, പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ്, വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി), പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ)റദ്ദാക്കൽ എന്നീ ബില്ലുകൾക്കാണ് അനുമതി നൽകാത്തത്.

6 ബില്ലുകളുടെ ഗതി ഇങ്ങനെ

 വ്യവസായ ഏകജാലക ക്ലിയറൻസ് ബിൽ, വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കൽ ബിൽ, പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ബിൽ എന്നിവയിൽ ബന്ധപ്പെട്ട മന്ത്രിമാർ നേരിട്ടെത്തി സാഹചര്യം വിശദീകരിച്ചാൽ ഒപ്പിടും.

 മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ബില്ല് ഭരണഘടനാവിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. മന്ത്രി വിശദീകരിച്ചാൽ ഒപ്പിട്ടേക്കും.

ലോകായുക്ത ഭേദഗതിബിൽ നിയമവിരുദ്ധവും ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും സ്വന്തം കേസിൽ സ്വന്തമായി വിധിപറയാൻ സാഹചര്യമൊരുക്കുന്നതാണെന്നുമാണ് ഗവർണർ പറയുന്നത്. അതിനാൽ ഒപ്പിടില്ല.

 വി.സി നിയമന ഭേദഗതി നിയമമായാൽ, സർക്കാർ പറയുന്നവരെ വി.സിയാക്കേണ്ടിവരും. സർവകലാശാലകൾ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലാവും, അതിനാൽ ഈ ബില്ലിലും ഒപ്പിടില്ല.

''മന്ത്രിമാരെ, ഞാനൊന്ന് കാണട്ടെ, പേഴ്സണൽ സ്റ്റാഫ് വേണ്ട''

ചുരുക്കം മന്ത്രിമാരാണ് രാജ്ഭവനിലെത്താറുള്ളതെന്നും എല്ലാ മന്ത്രിമാരെയും കാണണമെന്നും ആശയവിനിമയം നടത്തണമെന്നും ഗവർണർ ഉദ്യോഗസ്ഥരോട് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരായ പി.രാജീവ്, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു എന്നിവരുമാണ് തന്നെ കാണാനെത്തിയതെന്നും പറഞ്ഞു. പേഴ്സണൽസ്റ്റാഫിനെ ഒഴിവാക്കി, വകുപ്പ് സെക്രട്ടറിമാരുമായി എത്താനാണ് നിർദ്ദേശം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.