കണ്ണൂർ: വിദ്വേഷപ്രചരണം നടത്തിയെന്ന പേരിൽ കണ്ണൂരിൽ യുവമോർച്ച നേതാവിനെതിരെ കേസ്. യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി വി കെ സ്‌മിന്ദേഷിനെതിരെയാണ് പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ തലേദിവസം സ്‌മിന്ദേഷ് സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷപ്രചരണം നടത്തിയെന്നാണ് കേസ്. മതസ്‌പർദ്ധ വളർത്തുന്ന രീതിയിൽ ശബ്ദസന്ദേശം പ്രചരിപ്പിച്ചു എന്നിങ്ങനെയാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
'എസ് ഡി പി ഐക്കാർ കടകളിൽ കയറി നാളെ കട അടയ്ക്കണമെന്ന് പറഞ്ഞിട്ടുണ്ട്.അതിന്റെ പിന്നാലെ സംഘപരിവാർ പ്രവർത്തകർ കടകളിൽ കയറി കട തുറക്കണം. സംരക്ഷണം നൽകും എന്ന് പറഞ്ഞിട്ടുണ്ട്. പാനൂരും പരിസരപ്രദേശത്തുമുള്ള എല്ലാവരും നാളെ എത്തണം. ഇത് നമ്മുടെ അഭിമാനപ്രശ്നമാണ്. ഇതിലും വലിയ കൊടുങ്കാറ്റും പേമാരിയുമെല്ലാം കണ്ടിട്ട് പാനൂരിൽ വളർന്നവരാണ് നമ്മൾ. ആ നമ്മളെയാണ് സുടാപ്പികൾ വെല്ലുവിളിക്കുന്നത്.
വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഒരു തുറന്ന യുദ്ധത്തിന് നമ്മൾ തയ്യാറാകണം. എല്ലാവരും നാളെ ആറരയ്ക്ക് പാനൂരിൽ എത്തിച്ചേരണം. ഏതുരീതിയിലാണോ ഭീകരവാദികൾ നമ്മളോട് പ്രതികരിക്കുന്നത്, അതേ നാണയത്തിൽ തന്നെ തിരിച്ച് മറുപടി നൽകാൻ നമുക്ക് സാധിക്കണം. മുഴുവൻ ദേശസ്നേഹികളെയും പാനൂരിലേയ്ക്ക് ക്ഷണിക്കുന്നു. ഹർത്താലാണെന്ന് കരുതി ആരും വീട്ടിൽ ഇരിക്കരുത്. നമുക്ക് നാളെ ഹർത്താൽ ഇല്ല'-ഇതായിരുന്നു ശബ്ദസന്ദേശത്തിൽ പറയുന്നത്.
അതേസമയം, പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടത്തിയ ഹർത്താൽ പലയിടത്തും അക്രമാസക്തമായി. ഹർത്താലിൽ നിരവധി കെ എസ് ആർ ടി സി ബസുകൾക്ക് കല്ലേറിൽ കേടുപാടുകൾ ഉണ്ടായി.വിവിധയിടങ്ങളിലായി 70 കെ.എസ് ആർ ടി സി ബസുകൾക്കും നാശനഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കി. പൊലീസുകാർക്കും കെ എസ് ആർ ടി സി ഡ്രൈവർമാർക്കും പരിക്കേറ്റു. സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ഹർത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളിൽ സംസ്ഥാനത്ത് ഇന്നലെ 157കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ അക്രമങ്ങളിൽ പ്രതികളായി 170പേർ അറസ്റ്റിലായി. 368പേരെ കരുതൽ തടങ്കലിലാക്കിയെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |