SignIn
Kerala Kaumudi Online
Saturday, 20 April 2024 2.27 AM IST

അക്രമഹർത്താൽ നാട്ടുകാരുടെ നെഞ്ചത്തോ?

pf

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എൻ.ഐ.എ സംഘം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്തതിന് കേരളത്തിൽ അക്രമ ഹർത്താൽ നടത്തി കെ.എസ്.ആർ.ടി.സി ബസിന്റെയും നാട്ടുകാരുടെയും നെഞ്ചത്ത് പൊങ്കാല ഇട്ടതെന്തിനെന്ന് ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ. തീവണ്ടിക്കിട്ടോ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് നേരെയോ കല്ലേറ് നടത്തിയിരുന്നെങ്കിൽ കേന്ദ്രം ഭരിക്കുന്നവർക്കെതിരായ പ്രതിഷേധമെന്ന് പറയാമായിരുന്നു. ശമ്പളമോ പെൻഷനോ കൊടുക്കാൻ കാൽ കാശില്ലാത്ത കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരേ കല്ലേറ് നടത്തി അമ്പതു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം വരുത്തിയത് നാടൻ ഭാഷയിൽ പറഞ്ഞാൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന ചൊല്ല് പോലായി.

ഹർത്താൽ ആഹ്വാനം ചെയ്യുന്നവർ ഏഴു ദിവസം മുമ്പ് പൊതുനോട്ടീസ് നൽകി അക്കാര്യം അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില നൽകി നാട്ടുകാരുടെ നെഞ്ചത്ത് അരങ്ങേറിയ പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ അക്രമ ഹർത്താലായി മാറിയപ്പോൾ പൊലീസും ഭരണകൂടവും കാഴ്ചക്കാരായി നിന്നതാണ് കേരളത്തിൽ മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിൽ അക്രമം അരങ്ങേറാൻ കാരണം.

സഞ്ചിയിൽ കല്ലുമിട്ട് തലയിൽ ഹെൽമറ്റും വെച്ച് ബൈക്കിൽ കറങ്ങി യാത്രക്കാരെന്ന വ്യാജേന കെ.സ്.ആർ.ടി.സി ബസിന് കൈ കാണിച്ച ശേഷം സഞ്ചിയിൽ സൂക്ഷിച്ച കല്ലെടുത്ത് ചില്ല് എറിഞ്ഞ് പൊട്ടിച്ച ശേഷം ബൈക്കിൽ പായുന്ന ഗറില്ലാ സ്റ്റൈൽ ആക്രമണമായിരുന്നു നടത്തിയത്. അക്രമം തടയാൻ ജില്ലയിലെ മുഴുവൻ പൊലീസ് പടയെ ഇറക്കിയിട്ടും അക്രമികൾ വ്യാപകമായി അഴിഞ്ഞാടി. പലയിടത്തും പൊലീസ് കാഴ്ചക്കാരായി

മിന്നൽ ഹർത്താൽ പ്രഖ്യാപനം ഉണ്ടായിട്ടും നേരത്തേ ഹർത്താൽ നിരോധിക്കാതെ വ്യാപക അക്രമങ്ങൾ അരങ്ങേറിയ ശേഷമായിരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്നു പ്രഖ്യാപിച്ച് കടകൾ തുറക്കാനും കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കാനും ഡി.ജി.പി ആഹ്വാനം ചെയ്തത് വിശ്വസിച്ച് നിരത്തിൽ ഇറങ്ങിയവരും കട തുറന്നവരും കല്ലേറിൽ പരിക്കേറ്റപ്പോൾ വല്യ ഏമാന്റെ സന്തതി പരമ്പരകളുടെ തന്തക്കു വിളിക്കാനേ നാട്ടുകാർക്ക് കഴിഞ്ഞുള്ളൂ. പറച്ചിലുമാത്രമേ ഉള്ളുവെന്ന് അനുഭവത്തിലൂടെ മനസിലാക്കിയ സ്വകാര്യബസുകൾ നിരത്തിലിറങ്ങാത്തതിനാൽ അവർക്ക് നഷ്ടമുണ്ടായില്ല. പണ്ടേ ദുർബല പിന്നെ ഗർഭിണി എന്ന അവസ്ഥയിലായി കെ.എസ്.ആർ.ടി.സി പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രമായ ഈരാറ്റുപേട്ടയിൽ നൂറോളം പേരെ തലേന്നേ ആറസ്റ്റു ചെയ്തു കരുതൽ തടങ്കലിലാക്കിയിട്ടും ശക്തി കേന്ദ്രങ്ങളിലും അല്ലാത്തിടത്തും അക്രമികൾ അഴിഞ്ഞാടി. ആർക്കും സംരക്ഷണം നൽകാൻ പൊലീസിന് കഴിഞ്ഞില്ല.

അക്രമം നടത്തിയ 225 പേരേ കോട്ടയത്ത് അറസ്റ്റു ചെയ്തുവെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. ഇനിയും പിടികൂടാനുണ്ട്. കോട്ടയത്ത് മാത്രം കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലുകൾ തകർന്നതിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ട്. ഹർത്താൽ അനുകൂലികളിൽ നിന്ന് ഇത് ഈടാക്കുമെന്നാണ് പറയുന്നത്. ഹർത്താലിൽ പിടിയിലായാൽ ജാമ്യം കിട്ടണമെങ്കിൽ നാശനഷ്ടം വരുത്തിയതിന്റെ നഷ്ടപരിഹാരതുക നൽകണമെന്ന് കോടതി നേരത്തേ വിധിച്ചത് നന്നായി. നാട്ടുകാരുടെ നെഞ്ചത്ത് അക്രമഹർത്താൽ നടത്താൻ ഭയക്കുന്ന തരത്തിൽ ഉയർന്ന നഷ്ടപരിഹാര തുക ഈടാക്കുന്നതിന് പുറമേ ഗുണ്ടാലിസ്റ്റിലുള്ളവരെ നാടുകടത്തുന്ന നടപടിയും അക്രമികൾക്കെതിരെ ഉണ്ടാകണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.