SignIn
Kerala Kaumudi Online
Tuesday, 22 July 2025 8.32 AM IST

അപൂർണം ഒളിമ്പ്യന്റെ നാട്ടിലെ സ്റ്റേഡിയം

Increase Font Size Decrease Font Size Print Page
stadium

മൂവാറ്റുപുഴ: ഒളിമ്പ്യന്മാരുടെ നാടായ മൂവാറ്റുപുഴയിൽ 14.41 ഏക്കർ സ്ഥലവും സ്‌റ്റേഡിയവും ഇൻഡോർ സ്‌റ്റേഡിയവുമുണ്ടെങ്കിലും ഒന്നും പൂർണമായും സജ്ജമല്ല. ജില്ലയുടെ കിഴക്കൻ മേഖലയുടെ കായിക പ്രതീക്ഷയായ സ്‌റ്റേഡിയം സജ്ജമാക്കണമെന്ന കായിക പ്രേമികളുടെ ആഗ്രഹത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പട്ടണനടുവിലെ സ്ഥലം സമ്പൂർണ കായികകേന്ദ്രമായി വികസിപ്പിക്കാൻ പദ്ധതിയുണ്ടെങ്കിലും ഇഴയുകയാണ്.

1969ൽ കച്ചേരിത്താഴത്ത് സംഘടിപ്പിച്ച പന്തുകളി മത്സരത്തിൽ നിന്നാണ് നഗരസഭാ സ്‌റ്റേഡിയമെന്ന മോഹം പിറവിയെടുത്തത്. കായികപ്രതിഭകൾക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ച് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് നഗരസഭാ ഭരണാധികാരികൾ സ്റ്റേഡിയത്തിന് തുടക്കം കുറിച്ചത്. എവറസ്റ്റ് സെയ്തു മുഹമ്മദ് ചെയർമാനായിരുന്ന 1973 ലാണ് മൂവാറ്റുപുഴ സ്റ്റേഡിയത്തിനായി 14.41 ഏക്കർ സ്ഥലം നഗരസഭ ഏറ്റെടുത്തത്. ഇതോടെയാണ് മൂവാറ്റുപുഴയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത്. 1974 സെപ്തംബർ രണ്ടിന് ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി.

അന്താരാഷ്ട്ര നിലവാരത്തിലാണ് മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം നിർമ്മിച്ചത്. 400 മീറ്റർ ട്രാക്കുമുണ്ട്. ഇത് പിന്നീട് നവീകരിച്ചിട്ടില്ലെന്ന പോരായ്മ നിലനിൽക്കുകയാണ്. സിന്തറ്റിക്ക് ട്രാക്ക് നിർമ്മിക്കണമെ് ആവശ്യം ഇനിയും നടപ്പാക്കിയിട്ടില്ല. ഫുട്ബാൾ കളിക്കാൻ സൗകര്യമുണ്ട്. പുല്ല് പിടിപ്പിച്ചിട്ടില്ല. സ്റ്റേഡിയത്തിൽ പുല്ല് പിടിപ്പിക്കുന്നതോടൊപ്പം ടർഫാക്കി മാറ്റുകയും ചെയ്താൽ മാത്രമെ ഫുട് ബാൾ കളിക്കാർക്ക് ഗുണകരമാകൂ. സ്റ്റേഡിയത്തിന്റെ ഗ്യാലറി നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. ടോയ്‌ലറ്റ് , ഡ്രസിംഗ് റൂം എന്നവയടക്കമുള്ള അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ചിട്ടില്ല.

അഖിലേന്ത്യാ ഫുട്ബാൾ ടൂർണ്ണമെന്റ് നടന്നിരുന്ന സ്റ്റേഡിയമാണിത്. ഒളിമ്പ്യൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്താണ് ഇൻഡോർ സ്റ്റേഡിയം എന്നതാണ് കായികപ്രേമികളെ ഏറ്റവും ആകർഷിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തിൽ വെള്ളം കയറുന്നതിനാൽ മണ്ണടിച്ച് ഉയർത്തി സ്‌റ്റേഡിയം നവീകരിക്കണം. 14.41 ഏക്കർ സ്ഥലത്ത് നിലനിൽക്കുന്ന ഒളിമ്പ്യൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും സമീപത്തെ ഇൻഡോർ സ്റ്റേഡിയവും ആധുനിക രീതിയിൽ പൂർത്തികരിച്ചാൽ മൂവാറ്റുപുഴയിലെ കായിക പ്രതിഭകൾക്കു മാത്രമല്ല, കിഴക്കൻ മേഖലയിലെ മുഴുവൻ കായിക പ്രതിഭകൾക്കും ഗുണകരമാകും. മികച്ച പരിശീലനത്തിനുള്ള ഇടമായി മാറുമെന്നതിൽ താരങ്ങൾക്കും കായികപ്രേമികൾക്കും സംശയമില്ല.
ക്രിക്കറ്റിനും ഫുട്ബാളിനും പുറമേ രാവിലെയും വൈകിട്ടുമുള്ള നടത്തക്കാർക്കും മറ്റ് വ്യായാമത്തിനും ഉപയോഗിക്കാൻ കഴിയും. ഇന്നത്തെ അവസ്ഥ ഇതിനൊന്നും ഉതകുന്നതല്ല. സ്റ്റേഡിയം മുഴുവൻ കാടുകയറികിടക്കുന്നു. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സന്ധ്യ മയങ്ങിയാൽ സ്റ്റേഡിയം അനാശ്യാസ്യ പ്രവർത്തനങ്ങളുടെയും മദ്യപാനികളുടെയും കേന്ദ്രമായി മാറുകയാണ്. വലിച്ചെറിയുന്ന മാലിന്യങ്ങൾ സ്റ്റേഡിയത്തിൽ കിടക്കുകയാണ്.
സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിന് നഗരസഭയുടെയും സ്‌പോർട്‌സ് കൗൺസിലിന്റെയും സർക്കാരിന്റെയും ഫണ്ടിനോടൊപ്പം എം.പി., എം.എൽ.എ എന്നിവരുടെ ഫണ്ടുകൾകൂടി അനുവദിച്ചാൻ ഒളിമ്പ്യൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയവും അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമ്മിക്കാൻ കഴിയും. അതിന് നഗരസഭ മുൻകൈയെടുക്കണം. സ്റ്റേഡിയത്തിന് സമീപത്ത് മത്സ്യമാർക്കറ്റിനായി നിർമ്മിച്ചകെട്ടിടം കായിക താരങ്ങൾക്കും കോച്ചുകൾക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി സ്റ്റേഡിയത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും കായികപ്രേമികൾ ആവശ്യപ്പെടുന്നു.

കിഴക്കൻ മേഖലയുടെ കായികസ്വപ്നമായ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം കായികമേള നടത്തുന്നതിനും ഫുട്ബാൾ, ക്രിക്കറ്റ് ടൂർണ്ണമെന്റുകളും മറ്റ് കായിക വിനോദങ്ങളുടെ മത്സരങ്ങളും സംഘടിപ്പിക്കുന്നതിന് ആവശ്യമായ നിലയിലേക്ക് മാറുന്ന തരത്തിൽ ആധുനികവത്ക്കരിക്കണം.

രാജൻ ബാബു
മുൻ കായികാ അദ്ധ്യാപകൻ
ഫുട്ബാൾ കോച്ചിംഗ് സെന്റർ ഡയറക്ടർ


മൂവാറ്റുപുഴ സ്റ്റേഡിയം ജില്ലയിലെ വലിയ രണ്ടാമത്തെ സ്റ്റേഡിയമെന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കായികപ്രേമികൾക്ക് മുതൽക്കൂട്ടാവുന്ന സ്റ്റേഡിയത്തിന്റെ ഒട്ടേറെ പ്രവൃത്തികൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. ഒന്നാം പിണറായി വിജയൻ സർക്കാർ അനുവദിച്ച ഒളിമ്പ്യൻ ചന്ദ്രശേഖരൻ നായർ ഇൻഡോർ സ്റ്റേഡിയം കൂടി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞാൽ കിഴക്കൻ മേഖലയിലെ കായികരംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മൂവാറ്റുപുഴയ്ക്ക് കഴിയും.

ആർ. രാഗേഷ്
നഗരസഭ പ്രതിപക്ഷ നേതാവ്

മൂവാറ്റുപുഴയിൽ പേരുകൊണ്ട് മാത്രമാണ് ഒളിമ്പ്യൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമെന്നതുള്ളത്. ഇദ്ദേഹത്തിന്റെ പേരിലുള്ള സ്റ്റേഡിയത്തെ ആധുനികവത്കരിച്ച് അന്താരാഷ്ട്രനിലവത്തിലുള്ള സ്റ്റേഡിയമാക്കി വലിയ കായിക മാമാങ്കങ്ങൾക്ക് വേദിയൊരുക്കുന്നതിന് ബന്ധപ്പെട്ടവർ തയ്യാറാകുമ്പോൾ മാത്രമാണ് പുതിയ പുതിയ കായിക പ്രതിഭകൾ വളർന്നുവരൂ.

എം.ടി. മേരി
മുൻ ഒളിമ്പിക്‌സ് താരം

അന്തർ സംസ്ഥാന കായിക മത്സരങ്ങൾക്ക് ആതിഥ്യമരുളാൻ കഴിയുന്ന മികച്ച സ്റ്റേഡിയമാണ് നഗരസഭ ലക്ഷ്യമിടുന്നത്. 32 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പി.പി. എൽദോസ്
ചെയർമാൻ

TAGS: LOCAL NEWS, ERNAKULAM, MVPA STADIUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.