SignIn
Kerala Kaumudi Online
Sunday, 17 May 2026 4.47 PM IST

ചീറ്റപ്പുലികൾക്ക് ആശ്വാസമായി, കുനോ നാഷണൽ പാർക്കിൽ നായകളെ എത്തിക്കാൻ തീരുമാനം

cheetah

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റപ്പുലികളെ രക്ഷിക്കുന്നതിനായി പരിശീലനം സിദ്ധിച്ച ആനകൾക്ക് പുറമേ സ്നിഫർ ഡോഗ് സ്‌ക്വാഡും. ഹരിയാനയിലെ പഞ്ച്കുളയിലുള്ള ഇൻഡോടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിന്റെ പരിശീലനം സിദ്ധിച്ച നായകളാണ് ചീറ്റകളെ കാക്കാൻ എത്തുന്നത്. ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ നായകളെയാവും എത്തിക്കുക.

ചീറ്റപ്പുലികളെ മറ്റ് വന്യമൃഗങ്ങളിൽ നിന്നും രക്ഷിക്കുക എന്ന ചുമതലയാണ് നായകൾക്കുള്ളത്. ചീറ്റകളുടെ ശത്രുക്കളായ കടുവ, പുലി എന്നിവയുടെ സാന്നിദ്ധ്യം മനസിലാക്കാനുള്ള പരിശീലനമാണ് നായകൾക്ക് നൽകുന്നത്.


ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയുമായി (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യ) സഹകരിച്ചാണ് നായകളെ എത്തിക്കുന്നത്. ഐടിബിപിയാണ് നായ്ക്കളെ പരിശീലിപ്പിക്കുന്നതെന്ന് ഐജി ഈശ്വർ സിംഗ് ദുഹാൻ പറഞ്ഞു. ഏഴ് മാസത്തെ പരിശീലനമാണ് നായകൾക്ക് നൽകുന്നത്. അടുത്ത വർഷം ഏപ്രിലിൽ നായകൾ കുനോയിൽ ഡ്യൂട്ടിക്ക് ഹാജരാകും.


ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നുമാണ് കൊണ്ടു വന്നത്. എട്ടു ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജന്മദിനമായ സെപ്തംബർ 17ന് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്ന് വിട്ടത്.


കാവലിന് ആനകളും

ചീറ്റകളെ സംരക്ഷിക്കാൻ രണ്ട് കരുത്തരായ ആനകളെയും അധികൃതർ കൊണ്ടു വന്നിട്ടുണ്ട്. നർമ്മദാപുരത്തെ സത്പുര ടൈഗർ റിസർവിലെ രണ്ട് ആനകളെയാണ് ഇതിനായി എത്തിച്ചത്. ലക്ഷ്മി, സിദ്ധനാഥ് എന്നീ ആനകളെ ഇവിടേയ്ക്ക് എത്തിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണ്.

കഴിഞ്ഞ മാസമാണ് ലക്ഷ്മി, സിദ്ധനാഥ് എന്നീ ആനകളെ കനോയിൽ എത്തിച്ചത്. ഈ മേഖലയിൽ അഞ്ചോളം പുള്ളിപ്പുലികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ചീറ്റപ്പുലികൾക്കായി തിരിച്ച മേഖലയിൽ അടുത്തിടെ എത്തിയ അഞ്ച് പുള്ളിപ്പുലികളിൽ നാലെണ്ണത്തെയും ഈ രണ്ട് ആനകൾ ഇടപെട്ടാണ് തുരത്തിയത്. ദേശീയ ഉദ്യാനത്തിലെ സുരക്ഷാ സംഘത്തോടൊപ്പം രണ്ട് ആനകളും ഇപ്പോൾ രാവും പകലും പട്രോളിംഗ് നടത്തുന്നുണ്ട്. രണ്ട് ആനകളും വനപാലകരോടൊപ്പം പട്രോളിംഗ് നടത്തി മറ്റ് വന്യമൃഗങ്ങളൊന്നും ചുറ്റുമതിലിലേക്കോ പരിസരത്തോ വരുന്നില്ലെന്ന് ഉറപ്പാക്കുന്നു.

ഇവയിൽ സിദ്ധനാഥ് എന്ന ആനയ്ക്ക് കടുവകളെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ അംഗീകാരം നേടിയിട്ടുണ്ടെങ്കിലും രണ്ട് പാപ്പാൻമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ്. 2010 ലായിരുന്നു ഈ സംഭവം. എന്നാൽ മറ്റൊരു ആനയായ ലക്ഷ്മി ശാന്ത സ്വഭാവമുള്ളവളാണ്. ജംഗിൾ സഫാരി, ജംഗിൾ പട്രോളിംഗ് എന്നിവയിൽ ലക്ഷ്മി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇന്ത്യയിലെത്തിയ ചീറ്റകൾ ഇപ്പോൾ ക്വാറന്റൈനിലാണ്. ഒരു മാസം താത്കാലിക നിരീക്ഷണ സംവിധാനത്തിൽ കഴിയേണ്ടി വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CHEETAH, DOGS, CHEETAH FOOD, CHEETAH SECURITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360