SignIn
Kerala Kaumudi Online
Wednesday, 07 January 2026 2.52 PM IST

ഓറഞ്ച് പെട്ടിയിൽ 1476 കോടി​യുടെ മയക്കുമരുന്ന് , കൊച്ചിക്കാരൻ മുംബയിൽ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

kk

കാലടി ഓഫീസിൽ റെയ്ഡ്
മലപ്പുറത്തെ കൂട്ടാളി ഒളിവിൽ

കൊച്ചി:ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഓറഞ്ച് പെട്ടികളിൽ ഒളിപ്പിച്ച 1476 കോടിയോളം രൂപ വിലവരുന്ന 198 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റമിനും ഒമ്പത് കിലോ കൊക്കെയ്‌നും മുംബയിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലി​ജൻസ് (ഡി​.ആർ.ഐ) പിടികൂയതിനുപിന്നാലെ കൊച്ചി കേന്ദ്രീകരിച്ച് അന്വേഷണം മുറുകി. എറണാകുളം കാലടിയിലെ യമ്മി​റ്റോ ഇന്റർനാഷണൽ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലി​മി​റ്റഡ് മാനേജിംഗ് ഡയറക്ടർ കാലടി അയ്യമ്പുഴ അമലപുരം കിലുക്കൻ വീട്ടിൽ വിജിൻ വർഗീസ് മുംബയിൽ അറസ്റ്റിലാതോടെയാണ് കൊച്ചിയിലെ അന്വേഷണം മുറുക്കിയത്.

ജോഹന്നാസ് ബർഗിലും ദുബായിലും മുംബയിലും ഓഫീസുള്ള യമിറ്റോയുടെ രജിസ്റ്റേർഡ് ഓഫീസ് കാലടിയിലാണ്. യമിറ്റോയുടെ മേൽവിലാസത്തിലാണ് ഓറഞ്ച് ഇറക്കുമതി ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്നുകേസുകളിലൊന്നാണിത്.

വിജിൻ വർഗീസിന്റെ പങ്കാളി ദക്ഷിണാഫ്രിക്കയിലെ മോർ ഫ്രെഷ് എക്‌സ്‌പോർട്‌സ് ഉടമ മലപ്പുറം കോട്ടയ്ക്കൽ ഇന്ത്യനൂരിലെ തച്ചമ്പറമ്പൻ മൻസൂർ റവന്യു ഇന്റലിജൻസിന്റെ വലയിലായെന്ന് സൂചനയുണ്ട്.

മൻസൂറിന്റെ മലപ്പുറത്തെ വീട്ടിലും യമ്മി​റ്റോ ഇന്റർനാഷണൽ ഫുഡ്സി​ന്റെ കാലടി​ പൊലീസ് സ്റ്റേഷനു സമീപത്തെ ആസ്ഥാനത്തും വി​ജി​ന്റെ വീട്ടി​ലും ഡി.ആർ.ഐ, എക്സൈസ് ഉദ്യോഗസ്ഥർ പരി​ശോധന നടത്തി​യി​രുന്നു. യമ്മി​റ്റോ ജീവനക്കാരുടെയും വി​ജി​ന്റെ അനുജൻ ജി​ബി​ൻ വർഗീസി​ന്റെയും ഫോണുകളും ഫയലുകളും കസ്റ്റഡി​യി​ലെടുത്തി​ട്ടുണ്ട്. യമ്മി​റ്റോയുടെ ഡയറക്ടറാണ് ജി​ബി​ൻ.

ചെറിയൊരു പഴക്കടയും ജ്യൂസ് കടയുമാണ് ജി​ബി​ൻ നടത്തുന്നത്.

മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ച് മറ്റു രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ വർഷം കയറ്റുമതിക്കായി വിജിൻ മാനേജിംഗ് ഡയറക്ടറും ജിബിൻ ഡയറക്ടറുമായി മോർ ഫ്രഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയൊരു കമ്പനി കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരുന്നു. വിജിന്റെയും ജിബിന്റെയും ഇവരുമായി​ ബന്ധപ്പെട്ടവരുടെയും ഫോൺവിളികൾക്കു പിന്നാലെയാണ് ഡി​.ആർ.ഐയുടെ കണ്ണ്.

ഇന്നലെ എക്സൈസ് കാലടിയിലെയും ആലുവയിലെയും യമ്മിറ്റോ സംഭരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നാല് ഫോണുകളും ഇടപാട് രേഖകളും സ്വയ്‌പിംഗ് മെഷിനുകളും പിടിച്ചെടുത്തു. എക്സൈസ് അസി. കമ്മിഷണർ ബി. ടെനിമോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മയക്കുമരുന്ന് കണ്ടെത്തി​യ ഓറഞ്ച് കണ്ടെയ്‌നർ യമ്മി​റ്റോ ഇന്റർനാഷണൽ ഫുഡ്സ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. മുംബയ് വാഷിയിലെ ശീതീകരിച്ച ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കണ്ടെയ്നർ വെള്ളിയാഴ്ച രാത്രി ട്രക്കിൽ കടത്തുമ്പോഴാണ് റവന്യു ഇന്റലിജൻസ് പിടികൂടിയത്.

കൊവിഡ് കാലത്ത് മാസ്ക്

ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് പഴങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനിയാണ് യമ്മിറ്റോ. 2018ൽ രജിസ്റ്റർ ചെയ്ത കമ്പനി 313 ഷിപ്പ്മെന്റുകൾ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ചിലത് കൊച്ചി തുറമുഖം വഴി കാലടിയിലും കൊണ്ടുവന്നിട്ടുണ്ട്. കൊവിഡ് കാലത്ത് മാസ്കുകളും കൊവിഡ് കിറ്റുകളും ദുബായിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

പുരോഹിതനാവാതെ വിജിൻ

നാട്ടിൽ പത്താംക്ളാസ് കഴിഞ്ഞ് ബംഗളൂരുവിലെ സെമിനാരിയിൽ ചേർന്ന് ആറുവർഷം പഠനം പൂർത്തിയാക്കിയ വിജിൻ പൗരോഹിത്യം സ്വീകരിക്കാതെ, ബിസിനസിലേക്ക് നീങ്ങുകയായിരുന്നു. നാട്ടിൽ മാതാപിതാക്കൾ ഇപ്പോഴും രണ്ടുമുറി മാത്രമുള്ള ചെറിയ വീട്ടിലാണ് താമസം. വിജിൻ നാട്ടിലെത്തിയാലും ഇവിടെയാണ് താമസിക്കുന്നത്.

TAGS: NARCOTIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY