SignIn
Kerala Kaumudi Online
Monday, 05 December 2022 10.59 AM IST

ഓണത്തിന് അനുഭവപ്പെട്ടതിന്റെ മൂന്നിരട്ടി തിരക്ക്, തമിഴ്നാട്ടുകാരെ കൊണ്ട് നിറഞ്ഞ് കേരളത്തിലെ ഈ ടൂറിസ്‌റ്റ് മേഖല

tourist-bus

2018ലെ പ്രളയം മുതൽ പ്രതിസന്ധി നേരിടുന്ന മേഖലയായിരുന്നു വിനോദസഞ്ചാരം. 2019ലെ പ്രളയത്തിന് പിന്നാലെ കൊവിഡ് കൂടി എത്തിയതോടെ തകർച്ച പൂർണമായി. കഴിഞ്ഞ രണ്ട് വർഷത്തോളമായി ലക്ഷങ്ങളുടെ ജീവിതോപാധിയായ ഈ മേഖല നിശ്ചലമായിരുന്നു. ചെറുകിട വ്യവസായ സംരംഭങ്ങൾ മുതൽ വൻ മുടക്കുമുതലുള്ള റിസോർട്ടുകളും ഹോട്ടലുകളും വരെ അടഞ്ഞ് കിടന്നു. ടൂറിസം മേഖലയിലെ ഭൂരിഭാഗം സംരംഭകരും വൻ കടബാധ്യതയിലെത്തിയിരുന്നു. ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗൈഡുകൾ, ഹോംസ്റ്റേ, റിസോർട്ട്, ഹോട്ടൽ നടത്തിപ്പുകാർ, സ്‌പൈസസ് മേഖലയിലുള്ളവർ, ചെറുകിട കച്ചവടക്കാർ എന്നിവരടക്കം ആയിരങ്ങൾ ആത്മഹത്യയുടെ വക്കിലായിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധിപ്പേർ ഇതിനകം ജീവനൊടുക്കി.

ലോക്ക്ഡൗൺ കാലത്ത് അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ മൂന്നാറിൽ മാത്രം ദിനംപ്രതി 35 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് വിനോദ സഞ്ചാരമേഖലയിലുള്ളവർ പറയുന്നു. ചെറുതും വലുതുമായി 700 ലേറെ റിസോർട്ടുകൾ മൂന്നാറിലും പരിസരങ്ങളിലുമുണ്ട്. 17,000 ത്തിലധികം പേരാണ് മൂന്നാറിനെ ചുറ്റിപ്പറ്റി തൊഴിൽ ചെയ്ത് ജീവിക്കുന്നത്. കൊവിഡ് ഭീതിയൊഴിഞ്ഞതോടെ ഇപ്പോൾ വിനോദസഞ്ചാര മേഖല മെല്ലെ ഉണർവിലാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നാർ, രാമക്കൽമേട്, തേക്കടി, വാഗമൺ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടുക്കി ഹിൽവ്യൂ പാർക്ക് തുടങ്ങിയ പ്രമുഖകേന്ദ്രങ്ങൾക്ക് പുറമെ വെള്ളച്ചാട്ടങ്ങളും നീലക്കുറിഞ്ഞി മലകളുമടക്കം സഞ്ചാരികൾ ഇഷ്ടപ്പെടുന്ന നിരവധിയിടങ്ങൾ ജില്ലയിലുണ്ട്. ജില്ലയിലാകെ ഡി.ടി.പി.സിയുടെ കീഴിൽ 12 ടൂറിസം കേന്ദ്രങ്ങളാണുള്ളത്. ഡി.ടി.പി.സിയുടെ കീഴിലുള്ള എല്ലാ കേന്ദ്രങ്ങളും ഇക്കോ ടൂറിസം സെന്ററുകളും സഞ്ചാരികൾക്കായി തുറന്ന് പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. സ്‌പൈസസ് പാർക്കുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, റെഡി ഫോട്ടോഗ്രാഫി തുടങ്ങി വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നേരിയ ഉണർവ് വ്യക്തമാണ്. മാസങ്ങളോളം പുറത്ത് പോലും ഇറങ്ങാനാകാതെ വീടുകളിൽ തളയ്ക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ഇളവ് വലിയ ആശ്വാസമാവുകയാണ്.

ഓണാവധിക്ക് വൻ തിരക്കാണ് പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. അതിന്റെ രണ്ടിരട്ടി തിരക്കാണ് പൂജാ അവധിക്ക് ജില്ലയിലുണ്ടായത്. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികൾ മൂന്നാറും വാഗമണ്ണും തേക്കടിയുമടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിതോടെ ഇടുക്കി അക്ഷരാർത്ഥത്തിൽ ഹൗസ് ഫുള്ളായി. മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലെ പ്രധാന ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറികളെല്ലാം രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ ദിവസങ്ങൾക്ക് മുമ്പ് ബുക്കിംഗ് പൂർണമായിരുന്നു. കൂടുതൽ പേരും രണ്ട് ദിവസത്തെ യാത്ര ക്രമീകരിച്ച് എത്തുന്നവരാണ്. തിങ്കളാഴ്ച ലീവ് എടുത്ത് ഞായറാഴ്ച വൈകിട്ട് മുതൽ ബുധനാഴ്ച വരെ അടിച്ചുപൊളിച്ചവരും കുറവല്ല. സാധാരണ പൂജാ അവധിക്ക് ഉത്തരേന്ത്യക്കാരാണ് കൂടുതലായി എത്തിയിരുന്നത്. ഇത്തവണ തമിഴ്‌നാട്ടിൽ ഒരാഴ്ചയോളം അവധിയുള്ളതിനാൽ തമിഴ്‌നാട് സ്വദേശികളാണ് സഞ്ചാരികളിലേറെയും.

കൊവിഡ് ഭീതി ഒഴിഞ്ഞതോടെ ടൂറിസം കേന്ദ്രങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ പൊതുവേ സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്. കഴിഞ്ഞ ശനിയും ഞായറും പതിനായിരത്തിലധികം പേരാണ് മൂന്നാറിലെത്തിയത്. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിലെ പ്രധാന ആകർഷണമായ ബോട്ടിംഗിന് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. സാധാരണ ശനി, ഞായർ അവധി ദിവസങ്ങളിൽ 1500 പേരിലേറെയാണ് ഒരു ദിവസം എത്തിയിരുന്നതെങ്കിൽ കഴിഞ്ഞ ദിവസങ്ങളിലത് ഇരട്ടിയിലധികമായി. ബോട്ടിങ്ങിന് സീറ്റ് റിസർവ് ചെയ്യാൻ കിട്ടാത്ത നിലയിലേക്ക് സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു.

കൊവിഡ് പ്രതിസന്ധിക്ക് അയവു വന്നശേഷം ടൂറിസം മേഖല തിരിച്ചു കയറുന്നതിന്റെ സൂചനയാണ് അവധി ദിനങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക്.

ഹർത്താൽ കൂടി താങ്ങാൻ വയ്യ

ഒരുവിധം കരകയറി വരുമ്പോൾ അനാവശ്യ സമരങ്ങളും ഹർത്താലുകളും ടൂറിസം മേഖലയ്ക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. രണ്ടാഴ്ച മുമ്പുണ്ടായ പോപ്പുലർ ഫ്രണ്ട് ഹർത്താലും അക്രമങ്ങളും സഞ്ചാരികളെ വലിയ തോതിൽ അകറ്റി. ഇതിന് തൊട്ടുപിന്നാലെ പല ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും ബുക്കിംഗ് ട്രാവൽ ഏജൻസികൾ റദ്ദു ചെയ്തതായി ടൂറിസം മേഖലയിലുള്ളവർ പറയുന്നു. ടൂറിസം കേന്ദ്രങ്ങളിലേക്ക് അന്വേഷണങ്ങളും കുറഞ്ഞു. ഇതെല്ലാം അടുത്ത മാസങ്ങളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. പൂജാ അവധിയുടേയും ദീപാവലിയുടെയും സമയമായതിനാൽ മെല്ലെ ഉണർന്നു വരികയായിരുന്നു മേഖല. ഉത്തരേന്ത്യൻ സ്വദേശികളും വിദേശികളും ധാരാളമെത്തി തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഇത്തരം പ്രതിസന്ധികൾ. ജൂണിൽ ഒരാഴ്ചയ്ക്കിടെ രണ്ട് ഹർത്താലുകൾ ജില്ലയിൽ അരങ്ങേറിയിരുന്നു. ഇതെല്ലാം മേഖലയ്ക്ക് വളരെ ദോഷം ചെയ്തു. സമാധാന അന്തരീക്ഷം പുലരുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്‌തെങ്കിൽ മാത്രമേ ഇനി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയുള്ളൂ. വൻതുക വാടകയും വൈദ്യുതി ചാർജും മറ്റും നൽകി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നിലനില്പ് തന്നെ പരുങ്ങലിലാകും. ഇത്തരം ഹർത്താലുകൾ ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശങ്ക. ടൂറിസം മേഖലയെ മാത്രം ആശ്രയിച്ച് നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് കുടുംബങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളിൽ കഴിയുന്നത്. വഴിയോരക്കച്ചവടക്കാർ, ട്രക്കിംഗ്, ആന സഫാരി തുടങ്ങി മേഖലയെ ആശ്രയിച്ച് ജോലി ചെയ്യുന്ന അമ്പതിനാരായിരത്തിലേറെ പേർ ജില്ലയിലുണ്ട്. മാസങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് കൊവിഡ് ശമിച്ചതിനെ തുടർന്ന് ടൂറിസം മേഖലയിലെ നിയന്ത്രണം സർക്കാരും ജില്ലാ ഭരണകൂടവും ഒഴിവാക്കിയത്. തുടർന്ന് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിംഗ് ആരംഭിക്കുകയും സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ എത്തിതുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ തുടർച്ചയായ ഹർത്താലിനോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പലതും വീണ്ടും പ്രതിസന്ധിയിലായി. ടൂറിസ്റ്റ് ബസുകളുടെയും ടാക്‌സി ഉടമകളുടെയും ഗൈഡുകളുടെയും മറ്റും സ്ഥിതിയും വ്യത്യസ്തമല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TRAVEL, MUNNAR, KERALA, POOJA HOLIDAYS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.