ന്യൂഡൽഹി:അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യാൻ വ്യോമസേനയ്ക്ക് ഇതാദ്യമായി വെപ്പൺ സിസ്റ്റം ബ്രാഞ്ച് എന്ന ഒാപ്പറേഷണൽ വിഭാഗം രൂപീകരിക്കാൻ കേന്ദ്ര അനുമതി. ചണ്ഡിഗഡിൽ വ്യോമസേനയുടെ 90-ാം വാർഷികാഘോഷത്തിൽ വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
ആകാശത്തു നിന്ന് ആകാശത്തേക്കും കരയിൽ നിന്ന് ആകാശത്തേക്കും തൊടുക്കാവുന്ന മിസൈലുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് (ഡ്രോണുകൾ), ആയുധ ഓപ്പറേറ്റർമാർ എന്നീ വിഭാഗങ്ങൾ ഉണ്ടാവും. ആയുധങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പറക്കൽ പരിശീലനം നൽകില്ല. അതുവഴി 3,400 കോടി രൂപ ലാഭിക്കും.
ഡിസംബറിൽ 3000 അഗ്നിവീറുകൾ,
വനിതകൾ അടുത്തവർഷം
അഗ്നിപഥ് പദ്ധതിയിൽ ഈ ഡിസംബറിൽ 3000 അഗ്നിവീറുകളെ വ്യോമസേന റിക്രൂട്ട് ചെയ്യും. അടുത്ത വർഷം മുതൽ വനിതാ അഗ്നിവീറുകളെ സേനയിലെടുക്കും.
കര, കടൽ, ആകാശം തുടങ്ങിയ പരമ്പരാഗത മേഖലകൾക്കു പുറമേ ബഹിരാകാശ, സൈബർ ഇടങ്ങളും വന്നതോടെ ഹൈബ്രിഡ് യുദ്ധ തന്ത്രങ്ങൾക്ക് പ്രാധാന്യം കൂടി. അത്യാധുനിക ഡ്രോണുകൾ, സ്വാം ഡ്രോണുകൾ, ഹൈപ്പർസോണിക് ആയുധങ്ങൾ, ഉപഗ്രഹ നിയന്ത്രിത ബഹിരാകാശ പ്രതിരോധം എന്നിവ യുദ്ധത്തിന് പുതിയ മാനം നൽകി. ഇതിനനുസരിച്ച് ആയുധങ്ങളും പരിഷ്കരിക്കണം.
ആത്മനിർഭർ പദ്ധതിയിൽ ആറ് എയർ ബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ എം കെ-2 സംവിധാനങ്ങൾ വികസിപ്പിക്കും. ആളില്ലാ വിമാനങ്ങൾ, ഡ്രോൺ പ്രതിരോധം തുടങ്ങിയവ സേനയ്ക്ക് മുതൽക്കൂട്ടാണ്. ഓട്ടോമേഷൻ, ഡാറ്റാ അനലിറ്റിക്സ്, കൃത്രിമ ബുദ്ധി എന്നിവയുടെ പദ്ധതികൾ പുരോഗമിക്കുന്നു.
ഡൽഹിക്ക് പുറത്ത് ആദ്യമായി നടന്ന സേനാ ദിനാഘോഷത്തിൽ പുതിയ യുദ്ധ യൂണിഫോമും അദ്ദേഹം അവതരിപ്പിച്ചു.
വ്യോമ സേനയ്ക്ക് കോംപാക്ട് യൂണിഫോം
ന്യൂഡൽഹി: യുദ്ധരംഗത്തും പ്രത്യേക ഒാപ്പറേഷനുകളിലും ഗ്രൗണ്ട് ഡ്യൂട്ടിക്കും ധരിക്കാവുന്ന പുതിയ ഡിജിറ്റൽ കോപാക്ട് യൂണിഫോം വ്യോമസേന പുറത്തിറക്കി.
ചണ്ഡിഗഡിൽ നടന്ന 90-ാം വാർഷികാഘോഷ ചടങ്ങിൽ സേനാ മേധാവി എയർചീഫ് മാർഷൽ വിവേക് രാം ചൗധരിയാണ് യൂണിഫോം അവതരിപ്പിച്ചത്. ജനുവരിയിൽ കരസേനയും പുതിയ യൂണിഫോം പുറത്തിറക്കിയിരുന്നു.
മൂന്ന് സായുധ സേനകളും സ്വന്തമായി ഡിജിറ്റൽ കോംപാക്ട് യൂണിഫോമുകൾ രൂപകൽപന ചെയ്ത് അനുകരണങ്ങളും അനധികൃത വിൽപനയും തടയാൻ പേറ്റന്റ് രജിസ്ട്രേഷന് തീരുമാനിച്ചിരുന്നു.
ഡിജിറ്റൽ യൂണിഫോം
ഓർഗാനിക് പാറ്റേണുകൾക്ക് പകരം ചാര നിറത്തിലെ പിക്സലേറ്റഡ് ഡിസൈനുകൾ
മരുഭൂമി, വനം, പർവതം തുടങ്ങി ഏത് ഭൂപ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യം
ഏത് ഭൂപ്രദേശത്തും കൂടുതൽ വഴക്കത്തോടെ നീങ്ങാൻ ഭാരക്കുറവ്
പുരുഷ-സ്ത്രീ സേനാംഗങ്ങൾക്ക് ഒരേപോലെ ഉപയോഗിക്കാവുന്നത്
രൂപകൽപന: നാഷണൽ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |