SignIn
Kerala Kaumudi Online
Saturday, 27 April 2024 5.46 AM IST

മത -ജീവകാരുണ്യ സംഘടനകളുടെ ഭൂമി ഇടപാട് അന്വേഷിക്കണം

high-court

■ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മത, ജീവകാരുണ്യ സംഘടനകളുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷി​ച്ച് കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണം.

കളക്ടർമാർ, മറ്റു റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ ചുമതലയിൽ ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന സമിതികൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ഇതിനായി തേടാം. കൈയേറ്റങ്ങൾ കണ്ടെത്താൻ സർവേ നടത്തി ആറു മാസത്തിനകം റിപ്പോ‌ർട്ട് നൽകണം. ക‌ർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന് നിയമരൂപീകരണം നടത്താം. പൊതുസമൂഹത്തിന്റെ ഭൂമി സംരക്ഷിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുടെ ഉത്തരവാദിത്വമാണെന്നും, എല്ലാ സമുദായ സംഘടനകളുടെയും ഭൂമിയിടപാടുകൾ അന്വേഷിക്കണമെന്നും ജസ്റ്റിസ് പി. സോമരാജൻ വ്യക്തമാക്കി.ഭൂമാഫിയയ്‌ക്കെതിരെ കർശന നടപടിയെടുക്കണമെന്ന നിർദ്ദേശം പാലിക്കാത്തതിന് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു.
കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെട്ട സിറോ മലബാർ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ കർശന നിർദ്ദേശം.സഭയുടെ ഭൂമിയിടപാടു കേസിൽ റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.ഭൂമാഫിയയ്ക്ക് അനുകൂലമായ സാഹചര്യം നിലനിൽക്കുന്നത് ദൗ‌ർഭാഗ്യകരമാണ്. സന്നദ്ധ സേവനത്തിനെന്ന പേരിൽ സ്വത്തുവകകൾ നേടി ചട്ടവിരുദ്ധമായി കൈമാറ്രം ചെയ്യുന്ന രീതികളുമുണ്ട്. സ‌‌ർക്കാ‌ർ, പുറമ്പോക്കു ഭൂമിയിൽ കൈയേറ്രങ്ങൾ തുടരുകയാണ്. സ‌ർക്കാർ സംവിധാനങ്ങളെ നിയന്ത്രിക്കത്തക്കവിധം പല സംഘടനകളും വള‌‌ർന്നു കഴിഞ്ഞു. ജനാധിപത്യ വ്യവസ്ഥയ്ക്കു മുറിവേൽക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉത്തരവി​ൽ പറയുന്നു.

സമുദായ സംഘടനകൾക്ക്

വോട്ട് ബാങ്കിന്റെ ബലം
സമുദായ സംഘടനകൾ സ‌ർക്കാർ ഭൂമി കൈക്കലാക്കി പട്ടയം നേടുന്നത് വോട്ടു ബാങ്കിന്റെ ബലത്തിലാണെന്നും ,രാഷ്ട്രീയക്കാർ ഇതിന് ഒത്താശ ചെയ്യുകയാണെന്നും കോടതി​ കുറ്റപ്പെടുത്തി. ഇത്തരം സ്ഥാപനങ്ങളുടെ വരുമാനം, ചെലവ്, ഇടപാടുകൾ തുടങ്ങിയവ പരിശോധിക്കണം. ഇതിനായി ഏകീകൃത സംവിധാനമേർപ്പെടുത്തുന്നത് കേന്ദ്രസ‌ർക്കാർ പരിഗണിക്കണം.

സംഘടനകളുടെ ആസ്തി നിർണയിക്കാൻ സംവിധാനമില്ലാത്ത സ്ഥിതിയാണ്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. കൂടുതൽ അന്വേഷണവും സുതാര്യ നടപടികളും ആവശ്യമാണ്.നിയമലംഘനങ്ങൾ ജനാധിപത്യ വ്യവസ്ഥയ്ക്കും എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനും സ്വാതന്ത്ര്യത്തിനും വെല്ലുവിളിയായതിനാൽ വിശദ അന്വേഷണം വൈകരുത്. കൈയേറ്റങ്ങളിലും അനധികൃത ഭൂമിയിടപാടുകളിലും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം. വ്യക്തികളുടെയും സ്ഥാപനങ്ങളും പൊതുമുതൽ കൈക്കലാക്കുന്നതിനെക്കുറിച്ച് വിജിലൻസും ആന്റി കറപ്ഷൻ ബ്യൂറോയും അന്വേഷിക്കണം.

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഭൂമി കൈയേറിയ ഒരുപാട് സാമുദായിക - സന്നദ്ധ സംഘടകളുണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നതാണ്. ചിലർ വനഭൂമി കൈയേറി. പിന്നീട് ആ ഭൂമിക്ക് പട്ടയം അനുവദിക്കുന്ന സംസ്ക്കാരമാണ് ഇവിടുള്ളത്. കൈയേറിയ ഭൂമിയെക്കുറിച്ചുള്ള സത്യാവസ്ഥ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും ആ ഭൂമി അർഹരായവരിലേക്ക് തിരികെ എത്തിക്കാനും ഹൈക്കോടതി വിധി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വെള്ളാപ്പള്ളി നടേശൻ,

എസ്.എൻ.ഡി.പി യാേഗം ജനറൽസെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.