ഏറെനാളായി തന്നെ അലട്ടുന്ന രോഗവിവരം വെളിപ്പെടുത്തി തെന്നിന്ത്യൻ താരം സാമന്ത. മയോസൈറ്റിസ് എന്ന രോഗം മൂലം താൻ ചികിത്സയിലാണെന്ന് സമൂഹമാധ്യമത്തിലൂടെ സാമന്ത അറിയിച്ചു. കൈയിൽ ഐവി ഡ്രിപ്പിട്ട് മുന്നിൽ മൈക്ക് വച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. യശോദയുടെ ട്രെയിലറിന് നൽകിയ പിന്തുണയ്ക്ക് നന്ദി. ഏതാനും മാസങ്ങൾക്കുമുൻപ് തനിക്ക് മയോസൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അത് കുറഞ്ഞതിനുശേഷം എല്ലാവരെയും അറിയിക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുകയാണിപ്പോൾ. സ്വന്തം ദുർബലാവസ്ഥ അംഗീകരിക്കാൻ സാധിക്കുന്നില്ല. ഞാൻ വളരെ വേഗം സുഖംപ്രാപിക്കുമെന്ന് ഡോക്ടർമാർക്ക് ഉറപ്പുണ്ട്. ഇതിനിടെ നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. ഇനിയും ഒരുദിവസംകൂടി താണ്ടാൻ കഴിയില്ലെന്ന് തോന്നുമ്പോഴും എങ്ങനെയോ ആ നിമിഷം കടന്നുപോവുന്നു. അതിനർത്ഥം തിരിച്ചുവരിവിലേക്ക് ഒരുദിവസംകൂടി അടുത്തിരിക്കുന്നു എന്നാണ്. ഇൗ സമയവും കടന്നുപോവും. സാമന്ത കുറിച്ചു.
പേശികളുടെ ബലക്കുറവും എല്ലുകൾക്ക് വേദനയുമാണ് മയോ സൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങൾ. അതേസമയം സാമന്തയ്ക്ക് പിന്തുണയുമായി ഒട്ടേറെ സിനിമ പ്രവർത്തകരും ആരാധകരും കമന്റുകൾ പോസ്റ്റു ചെയ്തു. സാമന്തയുടെ മുൻഭർത്താവ് നാഗചൈതന്യയുടെ സഹോദരനും നടനുമായ അഖിൽ അക്കിനേനിയും ആശംസകൾ നേർന്നു. പ്രിയപ്പെട്ട സാമിന് സ്നേഹവും കരുത്തും ആശംസിക്കുന്നുവെന്ന് അഖിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |