SignIn
Kerala Kaumudi Online
Friday, 03 May 2024 9.20 PM IST

സംസ്ഥാന മുന്നേറ്റത്തിനുള്ള പദ്ധതികൾ പൂർത്തീകരണത്തിലേക്ക് : മുഖ്യമന്ത്രി

p

തിരുവനന്തപുരം: കേരളത്തിന്റെ മുന്നേറ്റത്തിന് പ്രാധാന്യമുള്ള പല പദ്ധതികളും പൂർത്തീകരണത്തോടടുക്കുകയാണെന്നും പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്ന ഇടതു മുന്നണിയുടെ ഭരണസംസ്കാരത്തിന്റെ ഭാഗമായി ഇതിനെ കാണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ഇക്കുറി 900 വാഗ്ദാനങ്ങളാണ് ഇടതുപക്ഷം മുന്നോട്ടുവച്ചത്. അതിൽ 85 ശതമാനത്തിലും പ്രാഥമിക നടപടികളിലേക്കു കടന്നു. 2026ഓടെ 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മൂല്യവർദ്ധിത വ്യവസായങ്ങൾക്കു പ്രാധാന്യം നൽകിയും നൂതന സാങ്കേതികവിദ്യാ രംഗത്ത് മുന്നേറ്റം നടത്തിയും ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരിച്ചും കേരളത്തെ പുരോഗമനോന്മുഖമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും കേരളപ്പിറവി ദിനത്തോടനുബന്ധിച്ചുള്ള ലേഖനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

2016 ൽ ഇടതു മുന്നണി അധികാരത്തിലെത്തുമ്പോൾ കേരളത്തിലെ മൂന്ന് ഐ.ടി പാർക്കുകളിലായി 640 കമ്പനികളും 78,068 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഒന്നരക്കോടി ചതുരശ്രയടിയായിരുന്നു ഐ.ടി പാർക്കുകളുടെ വിസ്തീർണ്ണം. 9,753 കോടിയുടെ ഐ. ടി കയറ്റുമതിയാണ് അന്നുണ്ടായിരുന്നത്. ഇന്നിവിടെ 1,106 കമ്പനികളും 1,35,288 ജീവനക്കാരുമുണ്ട്. ഐ. ടി പാർക്കുകളുടെ വിസ്തീർണ്ണം 2 കോടിയിലേറെ ചതുരശ്രയടിയായി. 17,356 കോടി രൂപയുടെ ഐ.ടി കയറ്റുമതിയാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്.
ദേശീയപാത 66 ന് സമാന്തരമായി നാല് ഐ. ടി ഇടനാഴികൾ സ്ഥാപിക്കുകയാണ്. ഐ. ടി കേന്ദ്രങ്ങളിൽ നിന്നാണ് ഇവ ഉത്ഭവിക്കുക. തിരുവനന്തപുരം ടെക്‌നോപാർക്ക് ഫേസ് ത്രീ മുതൽ കൊല്ലം വരെയും ചേർത്തല മുതൽ എറണാകുളം വരെയും എറണാകുത്ത് നിന്ന് കൊരട്ടി വരെയും കോഴിക്കോട് മുതൽ കണ്ണൂർ വരെയുമാണ് ഇടനാഴികൾ. ദേശീയ പാതയ്ക്ക് സമാന്തരമായി ഐ. ടി പാർക്കിന് അനുയോജ്യമായവിധം 15 മുതൽ 25 ഏക്കർ വരെ ഭൂമി ഏറ്റെടുക്കും. ഏറ്റെടുക്കുന്ന ഭൂമിയിൽ 50,000 മുതൽ 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള 20 ചെറിയ സാറ്റ്‌ലൈറ്റ് ഐ. ടി പാർക്കുകൾ സ്ഥാപിക്കും.
ഈ സർക്കാരിന്റെ കാലത്ത് 90,168 ചെറുകിട ഇടത്തരം സംരംഭങ്ങളാണ് ആരംഭിച്ചത്. ആദ്യത്തെ 200ദിനം കൊണ്ടുതന്നെ 75,000 സംരംഭങ്ങൾ തുടങ്ങാനായി. ഇതിലൂടെ 4,694 കോടി രൂപയുടെ നിക്ഷേപങ്ങൾ സംഭരിക്കാനും 1,65,301 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി. ഇതിൽ 25,000 സംരംഭങ്ങൾ വനിതകളുടേതാണ്.

ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. ആ അവകാശം എല്ലാവർക്കും പ്രാപ്യമാക്കാനാണ് കെഫോൺ പദ്ധതി. എല്ലാവർക്കും സൗജന്യമായോ കുറഞ്ഞനിരക്കിലോ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കും. 30,000 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയാണ് നിലവിൽ വരുന്നത്. 1,611 കോടി ചെലവഴിക്കുന്ന പദ്ധതിയുടെ 85 ശതമാനത്തോളം പൂർത്തിയായി. കേരളത്തിന്റെ വ്യാവസായിക മുന്നേറ്റവും വികസനവും ലക്ഷ്യംവെച്ചുള്ള പരിപാടികൾ ആവിഷ്‌കരിക്കുമ്പോഴും ക്ഷേമ പദ്ധതികളിൽ നിന്നും ഒരിഞ്ച് പിന്നോട്ടുപോയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ മാത്രം 1,406 കോടി രൂപ വിതരണം ചെയ്തു. ലൈഫ് മിഷൻ മുഖേന 50,650 വീടുകൾ നിർമ്മിച്ചു നൽകി. 3,828 കോടി രൂപയാണ് ഇതിന് ചെലവഴിച്ചത്. തീരദേശ മേഖലയിലെ പാർപ്പിട പ്രശ്നം പരിഹരിക്കാനുള്ള പുനർഗേഹം പദ്ധതി മുഖേന 1,704 വീടുകൾ നിർമ്മിച്ചു നൽകി. 390 കുടുംബങ്ങൾക്ക് ഫ്ളാറ്റ് നിർമ്മിച്ചു നൽകി. 556 ഫ്ളാറ്റുകൾ നിർമ്മാണ ഘട്ടത്തിലാണ്.

നവകേരള സൃഷ്ടിയിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് സമാധാനപൂർണ്ണമായ സാമൂഹ്യാന്തരീക്ഷം. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വലിയ ജാഗ്രത പുലർത്തണം. മറ്റൊരു മഹാവിപത്താണ് മയക്കുമരുന്ന്. ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്ന ലഹരി വിപത്തിനെ നാട്ടിൽ നിന്നും ഇല്ലാതാക്കാൻ അതിവിപുലമായ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഈ പോരാട്ടത്തിൽ നാം ഓരോരുത്തരും കണ്ണിചേരണം.
നവോത്ഥാന കാലഘട്ടത്തിന്റെ സംഭാവനയായ ശാസ്ത്രബോധവും യുക്തിചിന്തയും നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടായിക്കൂടാ. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് നമ്മുടെ നാട് പുരോഗതിയിലേക്കെത്തിയത്. അതിൽനിന്നുള്ള മടങ്ങിപ്പോക്ക് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. ജനങ്ങളുടെ ബോധമണ്ഡലത്തെ മലീമസമാക്കുന്ന അത്തരം ശക്തികൾക്കെതിരെ ഒരേ മസ്സോടെ അണിചേരുമെന്ന് ദൃഢപ്രതിജ്ഞ കൈക്കൊള്ളേണ്ട സന്ദർഭം കൂടിയാണ് ഈ കേരളപ്പിറവി ദിനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.