പാലക്കാട്: ജനങ്ങൾക്കാവശ്യമായ വാർത്തകൾ ചെയ്യാനും ചർച്ചാവിഷയമാക്കാനും മാദ്ധ്യമങ്ങൾക്ക് കഴിയണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.പാലക്കാട് ഹോട്ടൽ ഗസാലയിൽ നടന്ന കെ.എസ്.ഇ.ബി പ്രഥമ മാദ്ധ്യമ പുരസ്കാരം 2021 വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
മികച്ച വാർത്ത/ലേഖനത്തിനുള്ള അവാർഡ് കേരള കൗമുദി തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക ലേഖകൻ പി.എച്ച്.സനൽകുമാർ,മികച്ച വാർത്താ ചിത്രത്തിനുള്ള അവാർഡ് മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ ബി. മുരളികൃഷ്ണൻ,മികച്ച ടെലിവിഷൻ റിപ്പോർട്ടർ അവാർഡ് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ ജി.പ്രസാദ് കുമാർ,മികച്ച നവമാധ്യമ റിപ്പോർട്ടിനുള്ള അവാർഡ് ട്രൂകോപ്പി തിങ്ക് അസോസിയേറ്റ് എഡിറ്റർ ടി.എം ഹർഷൻ എന്നിവർ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.25,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
പരിപാടിയിൽ സംസ്ഥാന സർക്കാരിന്റെ 'നോ ടു ഡ്രഗ്സ് 'കാമ്പെയിനിന്റെ ഭാഗമായി കെ.എസ്.ഇ.ബി തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു.കെ.എസ്.ഇ.ബിയുടെ 65-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്റ്റാൻഡ്അപ് കോമഡി മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |