കൊച്ചി: നാഷണൽ സർവീസ് സ്കീമിലെ പ്രവർത്തനത്തെ അദ്ധ്യാപന പരിചയമായി പരിഗണിക്കാനാവില്ലെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ പ്രിയ വർഗീസ് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
ഹൈക്കോടതി പരാമർശത്തിനെതിരെ, 'കുഴിയല്ല, കക്കൂസ് വെട്ടിയതിൽ അഭിമാനം' എന്നായിരുന്നു പ്രതികരണം. ഇതു പിന്നീട് പ്രിയ പിൻവലിച്ചു. ഇന്നലെ ഹർജിയിൽ വിധി പറയുന്നതിന് മുമ്പ് പ്രിയയുടെ അഭിഭാഷകനെ കോടതി അതൃപ്തി അറിയിച്ചു.
"കഴിഞ്ഞ ദിവസം നടന്നത് അസുഖകരമായ കാര്യമാണ്. കുഴിവെട്ടിനെക്കുറിച്ചു പറഞ്ഞതായി ഓർക്കുന്നില്ല. എൻ.എസ്.എസിലെ പ്രവർത്തനം അദ്ധ്യാപന പരിചയമാണോ എന്നാണ് ചോദിച്ചത്. അതാണ് ചർച്ച ചെയ്തത്. കോടതിയുടെ പരാമർശങ്ങൾ വ്യക്തികൾക്കെതിരെയല്ല. വ്യവഹാരത്തിൽ ഉൾപ്പെട്ട കക്ഷികൾ ഇത്തരത്തിൽ പ്രതികരിക്കുന്നത് അനുവദിക്കാനാവില്ല. കോടതിയിലെ ചർച്ചയുടെ ഭാഗമായാണ് പല കാര്യങ്ങളും പറയുന്നത്. കോടതി നടപടികൾ ആരോടും വൈരാഗ്യമില്ലാതെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടത്. എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഞാനും നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായിട്ടുണ്ട്. എൻ.എസ്.എസിന്റെ പ്രവർത്തനങ്ങളെ വില കുറച്ചു കണ്ടിട്ടില്ല " - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |