ആലുവ: ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിൽ വീഴാതെ രക്ഷിച്ച ആലുവ ഡിപ്പോയിലെ ഡ്രൈവർ പി.ആർ. സ്മിതോഷ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരമായി. സ്മിതോഷ് നിറുത്തിക്കൊടുത്ത കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിച്ചാണ് ആന്ധ്രാ ബസ് നിന്നത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നാല്പതോളം അയ്യപ്പഭക്തർ സഞ്ചരിച്ച ബസിന് എരുമേലി - പമ്പ റോഡിൽ കണ്ണമല ഭാഗത്താണ് ബ്രേക്ക് പോയി നിയന്ത്രണം നഷ്ടമായത്. സ്മിതോഷിന്റെ ബസ് ഇതിന് തൊട്ടു മുന്നിൽ പോവുകയായിരുന്നു. പിന്നിലുണ്ടായിരുന്ന ബസ് രണ്ടു തവണ തട്ടുകയും ഭക്തരുടെ കൂട്ടക്കരച്ചിൽ കേൾക്കുകയും ചെയ്തപ്പോഴാണ് സ്മിതോഷിന് അപകടം മനസ്സിലായത്. തുടർന്നാണ് ബസ് നിറുത്തി, ബ്രേക്ക് പോയ ബസിനെ ഇടിപ്പിച്ച് നിറുത്തിയത്. 300 അടി ആഴമുള്ള കൊക്കയായിരുന്നു റോഡിന്റെ ഒരു ഭാഗത്ത്.
എറണാകുളം ബ്രാഹ്മണസമൂഹം ചാർട്ടർ ചെയ്ത സൂപ്പർഫാസ്റ്റ് ബസിൽ 40 യാത്രക്കാരുണ്ടായിരുന്നെങ്കിലും പിന്നിലെ സീറ്റുകൾ ഒഴിവാക്കി ഭക്ഷണ സാമഗ്രികളും മറ്റും സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനാൽ ആർക്കും പരിക്കേറ്റില്ല. കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗത്തും ആന്ധ്രാ ബസിന്റെ മുൻഭാഗത്തും കേടുപാടുണ്ടായി. പമ്പയിൽ നിന്ന് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ വരുത്തിയാണ് ഭക്തരെ ശബരിമലയിൽ എത്തിച്ചത്.
എടയപ്പും സ്വദേശിയായ സ്മിതോഷ് 12 വർഷമായി ആലുവ ഡിപ്പോയിൽ ഡ്രൈവറാണ്. ചിഞ്ചുവാണ് ഭാര്യ. മക്കൾ: നിരഞ്ജൻ, ദേവനന്ദ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |