കോഴിക്കോട്: കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ ഐ.എം.സി അഡ്വർടൈസിംഗും ബംഗളൂരു ആസ്ഥാനമായ ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയായ ത്രീ പെർസന്റ് കളക്ടീവും പരസ്യമാദ്ധ്യമമേഖലയിൽ യോജിച്ച് പ്രവർത്തിക്കും. ഇടപാടുകാരുടെ എണ്ണമുയർത്താനും ഇന്ത്യയിലാകെ സാന്നിദ്ധ്യം വ്യാപിപ്പിക്കാനും ഇരു ഏജൻസികൾക്കും സഹകരണം സഹായിക്കും.
പ്രധാനമായും പ്രിന്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐ.എം.സിക്ക് ഡിജിറ്റൽരംഗത്ത് ശക്തമായി ചുവടുറപ്പിക്കാനും കഴിയും. ഇതോടെ പരസ്യമേഖലയിലും പബ്ളിക് റിലേഷൻസിലും കണ്ടന്റ് ക്രിയേഷൻസിലും ആധിപത്യവുമായി സമ്പൂർണ ഏജൻസിയായും മാറാനാകും. നിലവിൽ കോഴിക്കോട്ടും ബംഗളൂരുവിലുമാണ് റീജിയണൽ ഓഫീസുകൾ. മുംബയ്, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നടപ്പുവർഷം ഓഫീസ് തുറക്കും.
ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, മലബാർ ഡെവലപ്പേഴ്സ്, ഇഹം ഡിജിറ്റൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യപ്രചാരണം നടത്തുന്നത് ഐ.എം.സി അഡ്വർടൈസിംഗാണ്. കോഴിക്കോട് ആസ്ഥാനമായി 2002ലാണ് ഐ.എം.സിയുടെ തുടക്കം.
ഡിജിറ്റൽ പരസ്യമേഖലയിലെ പ്രമുഖരായ അച്യുത് നായർ, പ്രവീൺ റാവു, പ്രദീപ് സിംഗ് എന്നിവർ ചേർന്നാണ് ത്രീ പെർസെന്റ് കളക്ടീവ് ആരംഭിച്ചത്. ഡിജിറ്റൽ മാർക്കറ്റിംഗ്, എസ്.ഇ.ഒ., സോഷ്യൽ മീഡിയ മാനേജ്മെന്റ്, കണ്ടന്റ് ഡെവലപ്മെന്റ്, ഇ-കൊമേഴ്സ് മാർക്കറ്റിംഗ് എന്നിവയിലാണ് കേന്ദ്രീകരിക്കുന്നത്.
'മലബാർ ഗോൾഡിനെ ആഗോള
ബ്രാൻഡാക്കിയതിൽ വലിയപങ്ക്"
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ ഐ.എം.സി അഡ്വർടൈസിംഗിന് വലിയപങ്കുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. ത്രീ പെർസെന്റ് കളക്ടീവുമായി സഹകരിക്കുന്നതിലൂടെ പ്രവർത്തനം വിപുലീകരിച്ച് ഒരു സമ്പൂർണ ഏജൻസിയായി മാറാൻ ഐ.എം.സിക്ക് കഴിയുമെന്ന് ഐ.എം.സി ഡയറക്ടർ സി.ടി.പി.ഉമ്മർകുട്ടി പറഞ്ഞു. മലബാർ ഗ്രൂപ്പ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ പരസ്യദാതാക്കളായ ഐ.എം.സിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ത്രീ പെർസെന്റ് കളക്ടീവ് സി.ഇ.ഒ പ്രവീൺ റാവു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |