കണ്ണൂർ: തലശേരി ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പാറായി ബാബുവിന്റെ പാർട്ടി ബന്ധം സ്ഥിരീകരിച്ച് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പ്രതികളിൽ ബാബു ഒഴികെ മറ്റാർക്കും പാർട്ടി ബന്ധമില്ലെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കണ്ണൂരിൽ പറഞ്ഞു. ബാബുവിന് ബന്ധം ഉണ്ടെങ്കിലും പാർട്ടി സംരക്ഷിക്കില്ല. പ്രതികളെ ഒറ്റപ്പെടുത്തുന്നതിന് പകരം അവരുടെ രാഷ്ട്രീയം അന്വേഷിക്കുകയാണ് ചിലർ ചെയ്യുന്നത്. അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ലഹരി മാഫിയയെ ഒറ്റപ്പെടുത്തുകയാണ് സി.പി.എം ചെയ്യുന്നത്. പാർട്ടിയിൽ ലഹരി മാഫിയ ബന്ധമുള്ളവരുണ്ടോ എന്ന് പരിശോധിക്കുമെന്നും ജയരാജൻ പറഞ്ഞു.