മലപ്പുറം: ജനങ്ങളുടെ ആശങ്ക പരിഹരിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് കൊണ്ടു വന്ന വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന് വലിയ പ്രതീക്ഷയേകുന്നതായിരുന്നു. എന്നാൽ, ജനങ്ങളെ വെല്ലുവിളിച്ച് നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. മത്സ്യത്തൊഴിലാളികൾക്ക് തുടർന്നും അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവണം. യു.ഡി.എഫ് അതിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ഫണ്ട് നീക്കിവച്ചിരുന്നു. അത് ഉപയോഗപ്പെടുത്തണം.
സമരത്തിൽ നിരോധിത സംഘടനകൾ നുഴഞ്ഞുകയറിയെങ്കിൽ കണ്ടുപിടിക്കേണ്ടത് സർക്കാരും പൊലീസുമാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ മിനിറ്റുകൾ കൊണ്ട് താഴെയിറക്കാനാവുമെന്ന കെ.സുരേന്ദ്രന്റെ വാക്കുകൾക്ക് ചെവി കൊടുക്കേണ്ടതില്ല. മന്ത്രി വി.അബ്ദുറഹ്മാനെതിരായ പരാമർശം ഉന്നത സ്ഥാനീയനായ ഒരാളിൽ നിന്നുണ്ടാവരുതായിരുന്നു. ജനങ്ങൾക്കിടയിൽ സ്നേഹവും രഞ്ജിപ്പും ഐക്യവുമുണ്ടാക്കേണ്ടയാൾ ഇത്ര അപക്വമായ വാക്കുകൾ പറയാതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നെന്നും സലാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |