ബീജിംഗ് : അന്തരിച്ച ചൈനീസ് മുൻ പ്രസിഡന്റ് ജിയാങ് സെമിന്റെ ( 96 ) മൃതദേഹം സംസ്കരിച്ചു. പ്രസിഡന്റ് ഷീ ജിൻപിംഗ് അടക്കം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ബീജിംഗിലെ ബബാവോഷാൻ റെവല്യൂഷണറി സെമിത്തേരിയിൽ അദ്ദേഹത്തിന്റെ സംസ്കാരം നടന്നത്.
1993മുതൽ 2003 വരെ പ്രസിഡന്റായിരുന്ന അദ്ദേഹം ഷാങ്ങ്ഹായിയിലെ ആശുപത്രിയിൽ രക്താർബുദത്തിന് ചികിത്സയിൽ കഴിയവേ നവംബർ 30നാണ് അന്തരിച്ചത്. കഴിഞ്ഞാഴ്ച ഷാങ്ങ്ഹായിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ബീജിംഗിലെത്തിച്ച സെമിന്റെ ഭൗതികശരീരം ഷീ ജിൻപിംഗ് അടക്കമുള്ള നേതാക്കൾ ചേർന്നാണ് ഏറ്റുവാങ്ങിയത്.
സെമിന്റെ ഓർമയ്ക്കായി ഇന്ന് പ്രാദേശിക സമയം രാവിലെ 10ന് ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഒഫ് ദ പീപ്പിളിൽ പ്രത്യേക അനുസ്മരണ ചടങ്ങ് നടത്തും. ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാക്കളും സൈന്യവും ചടങ്ങിൽ സെമിന് ആദരമർപ്പിത്തും. ചടങ്ങ് നടക്കുമ്പോൾ രാജ്യത്തെ ദേശീയ പതാക താഴ്ത്തിക്കെട്ടും.
പൊതുവിനോദ പരിപാടികൾ ഒരു ദിവസത്തേക്ക് നിറുത്തിവയ്ക്കും. രാജ്യത്ത് ജനങ്ങൾ മൂന്ന് മിനിറ്റ് മൗനാചരണം നടത്തും. ചൈനയെ ആഗോള സാമ്പത്തിക ശക്തിയാക്കി മാറ്റിയ പ്രസിഡന്റാണ് സെമിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |