SignIn
Kerala Kaumudi Online
Thursday, 24 September 2026 8.59 AM IST

കത്ത് വിവാദം: മഹിളാമോർച്ചയുടെയും യുവമോർച്ചയുടെയും മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോ‌ർച്ചയും യുവമോ‌ർച്ചയും സംയുക്തമായി നടത്തിയ നഗരസഭാ മാ‌ർച്ച് സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെ പ്രകടനമായാണ് പ്രവർത്തകരെത്തിയത്.

നഗരസഭയ്ക്ക് മുന്നിൽ ബാരിക്കേഡ് കെട്ടി സമരക്കാരെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാത്ത പ്രവർത്തകർക്കു നേരെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചതിൽ പ്രകോപിതരായ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ജലപീരങ്കി പ്രയോഗത്തിൽ ദേഹാസ്വസ്ഥ്യമുണ്ടായ മഹിളാ മോർച്ച പ്രവർത്തകയെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാർച്ച് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ.പദ്മനാഭൻ ഉദ്ഘാടനം ചെയ്‌തു. അടുക്കും ചിട്ടയോടും കൂടി അഴിമതി നടത്താൻ പരിശീലനം സിദ്ധിച്ചിട്ടുള്ളൊരു പാർട്ടിയാണ് സി.പി.എമ്മെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫും എൽ.ഡി.എഫും അഴിമതിയുടെ കാര്യത്തിൽ പങ്കുകച്ചവടമാണ് നടത്തുന്നത്. തൊഴിലിനുവേണ്ടി കോൺഗ്രസുകാർ കൊടുത്ത കത്തുകളുമായാണ് മന്ത്രി നിയമസഭയിലെത്തിയത്. അനർഹരെ തിരുകിക്കയറ്റുന്ന കാര്യത്തിൽ ഇരുകൂട്ടരും നടത്തുന്ന ഒത്തുകളിക്ക് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

യു.ഡി.എഫ് സമരം

യു.‌ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തുന്ന സത്യഗ്രഹ സമരം ഇന്നലെ കോൺഗ്രസ് നേതാവ് വർക്കല കഹാർ ഉദ്ഘാടനം ചെയ്‌തു. അഴിമതിയുടെ കൂത്തരങ്ങായ നഗരസഭയിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റി യുവജനങ്ങളെ വഞ്ചിക്കുന്ന മേയർ രാജിവയ്‌ക്കുംവരെ യു.ഡി.എഫ് സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.‌

ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ജി.എസ്.ബാബു,​കരുമം സുന്ദരേശൻ,​കടകംപള്ളി ഹരിദാസ്,​ചെമ്പഴന്തി അനിൽ,​പി.പദ്മകുമാർ,​ആക്കുളം സുരേഷ്,​ശ്യാംകുമാ‌ർ തുടങ്ങിയവർ പങ്കെടുത്തു. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL