SignIn
Kerala Kaumudi Online
Thursday, 28 March 2024 10.01 PM IST

കായിക വികേന്ദ്രീകരണം വിളിച്ചറിയിച്ച മേള

sports

തിരുവനന്തപുരം : രണ്ടുവർഷത്തെ കൊവിഡിന്റെ ഇടവേള വരുത്തിയ നിലവാരത്തകർച്ച കൗമാര കായിക വേദിയു‌ടെ പ്രകടനങ്ങളിൽ ദൃശ്യമായിരുന്നെങ്കിലും തിരുവനന്തപുരത്ത് ഇന്നലെ സമാപിച്ച സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് മീറ്റ് ചില നല്ല സൂചനകളും മുന്നോട്ടുവയ്ക്കുന്നുണ്ട്.

ചില പ്രത്യേക സ്കൂളുകളും അക്കാഡമികളും കേന്ദ്രീകരിച്ച് നടന്നിരുന്ന കായിക പ്രവർത്തനങ്ങൾക്ക് പകരം നഗര -ഗ്രാമീണ മേഖലകളിൽ രൂപം കൊണ്ട ചെറു ചെറു കായികപരിശീലന കേന്ദ്രങ്ങളുടെ മികച്ച പ്രകടനമാണ് ഇതിൽ പ്രധാനം. ചാമ്പ്യൻഷിപ്പിന്റെ കുത്തകാവകാശത്തിന് വേണ്ടി കച്ചമുറുക്കിയിരുന്നവരുടെ പോര് ഇത്തവണ ദൃശ്യമായിരുന്നില്ല.അതേസമയം ഇതുവരെ കേൾക്കാത്ത സ്ഥലങ്ങളിൽ നിന്ന് ചുരുങ്ങിയ സൗകര്യങ്ങളിൽ പരിശീലനം നേടിയെത്തിയവർ വിജയഗാഥകൾ രചിക്കുകയും ചെയ്തു. ബെസ്റ്റ് സ്കൂൾ പട്ടത്തിന് വേണ്ടി കേരളമൊട്ടാകെ,ചിലപ്പോൾ അന്യ സംസ്ഥാനങ്ങളിലേക്ക് വരെ; മത്സരബുദ്ധിയോടെ വലവിരിച്ച് മികച്ച കുട്ടികളെ സ്വന്തമാക്കുന്ന വലിയ സ്കൂളുകളെയെല്ലാം നിഷ്പ്രഭമാക്കി പ്രാദേശികമായ പ്രതിഭകളുടെ കരുത്തിൽ കാസർകോട് നിന്നുപോലും സാധാരണ സ്കൂളുകളെത്തിയതാണ് ഈ മേളയുടെ ഏറ്റവും വലിയ വിജയവും.

വമ്പൻമാർ വീണതിങ്ങനെ

കൊവിഡ് കാലത്ത് കുട്ടികൾക്ക് കൃത്യമായ പരിശീലനം നൽകാൻ വലിയ സ്കൂളുകൾക്കും അക്കാഡമികൾക്കും സാധിക്കാതിരുന്നതാണ് പ്രകടനത്തിലെ നിലവാരത്തകർച്ചയ്ക്ക് കാരണം. സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകൾ കൊവിഡ് കാലത്ത് മരവിച്ച സ്ഥിതിയിലായിരുന്നു. ഇവിടെ പരിശീലനം നടത്തിയിരുന്ന കുട്ടികൾ വീട്ടിലേക്ക് മടങ്ങുകയും അവിടെ പരിശീലനമോ മികച്ച ഭക്ഷണമടക്കമുള്ള സൗകര്യങ്ങളോ കിട്ടാതെ മുരടിക്കുകയും ചെയ്തു. ഇതിന് പരിഹാരം കണ്ടെത്തുന്നതിൽ തികഞ്ഞ നിസംഗത പുലർത്തിയ സ്പോർട്സ് കൗൺസിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന ഹോസ്റ്റലുകൾ നിറുത്തുകകൂടി ചെയ്‌തതോടെയാണ് നമ്മുടെ ജൂനിയർ കായികരംഗം തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. ഒരു കാലത്ത് ദേശീയ ജൂനിയർ-സീനിയർ അത്‌ലറ്റിക് മീറ്റുകളിൽ കിരീടം കുത്തകയാക്കിയിരുന്ന കേരളം ഇപ്പോൾ അഞ്ചാമതും ആറാമതുമൊക്കെയാവുന്നത് ഇതിന്റെ ഫലമായാണ്.

ഇവരാണ് താരങ്ങൾ

സ്പോർട്സ് കൗൺസിലിനും മറ്റ് സർക്കാർ -സ്വകാര്യ സ്ഥാപനങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയാതെ വന്നപ്പോൾ സ്വന്തം ചെലവിൽ ചുറ്റുവട്ടത്തെ കുട്ടികളെക്കൂട്ടി കായികപരിശീലനം തുടങ്ങിയ ചില മുൻതാരങ്ങളും പരിശീലകരും കായികാദ്ധാപകരുമൊക്കെയാണ് ഈ മേളയിലെ താരങ്ങൾ. കാസർകോട്ടെ കെ.സി ത്രോസ്അക്കാഡമിയും നാട്ടികയിലെ അക്കാഡമിയും മലപ്പുറത്തെ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസും കോഴിക്കോട് പുല്ലൂരാം പാറയിലെ മലബാർ അക്കാഡമിയു‌മൊക്കെ പ്രാദേശിക കായികതാരങ്ങളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നു. ഈ വഴിയിൽ നേരത്തേതന്നെ മികവ് കാട്ടിയിട്ടുള്ള പാലക്കാട്ടെ പറളിയും മുണ്ടൂരും കല്ലടിയും ഇക്കുറിയും നിരാശരാക്കിയില്ല.

ഇത്തരത്തിലുള്ള ചെറിയ മുന്നേറ്റങ്ങളെ തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട പ്രോത്സാഹനം നൽകാൻ സർക്കാർ മുന്നിട്ടിറങ്ങിയാൽ കൊവിഡ് കാലത്തെ തളർച്ച മറികടന്ന് കേരളത്തിന് വീണ്ടും അത്‌ലറ്റിക്സിന്റെ തലപ്പത്തേക്ക് എത്താനാകുമെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SCHOOL ATHLETICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.