3 A.M -1.30 P.M
3.P.M- 11.30 PM
പത്തനംതിട്ട/തിരുവനന്തപുരം: ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായ സാഹചര്യത്തിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടി ദിവസം 19 മണിക്കൂറാക്കി.പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് 1.30വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ 11.30 വരെയുമാണ് സമയം. പ്രതിദിനം 90,000 പേർക്ക് ദർശനം നടത്താം. മിനിട്ടിൽ ദർശനം നടത്തുന്നത് 85 പേരാണ്.
പുലർച്ചെ അരമണിക്കൂർ നേരത്തേ നട തുറക്കും. രാത്രി അരമണിക്കൂർ വൈകി അടയ്ക്കും.അഷ്ടാഭിഷേകം 15 ആയി നിയന്ത്രിക്കും. ഈ സമയത്ത് വഴിപാടുകാർക്കു മാത്രമേ ദർശനം അനുവദിച്ചിരുന്നുള്ളൂ. ഇനി മുതൽ ഈ സമയത്ത് ഒരുവരിയായി തീർത്ഥാടകരെ കടത്തിവിടും.
നിലയ്ക്കലിലെ പാർക്കിംഗ് സൗകര്യം കൂട്ടും. 12000 വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യാം.
ദർശനസമയം കൂട്ടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ച പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനമെടുത്തത്. ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ, പൊലീസ് മേധാവി അനിൽകാന്ത്, പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, ദർശന ക്യൂ ഇന്നലെയും 12-13 മണിക്കൂർ നീണ്ടു. കുട്ടികളടക്കം തളർന്നുവീണു. കാത്തുനില്പ് ഇന്നലെ രാത്രി ശരംകുത്തി വരെ നീണ്ടു. എഴുപത്തയ്യായിരം തീർത്ഥാടകർ വൈകിട്ട് 7വരെ ദർശനം നടത്തി.
തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയ സന്നിധാനം എസ്.പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കു മാറ്റി. പമ്പയുടെ ചുമതലയുണ്ടായിരുന്ന സുദർശനാണ് സന്നിധാനം എസ്.പി.
വാഹന നിയന്ത്രണം
വാഹനങ്ങൾക്ക് പമ്പ, നിലയ്ക്കൽ, ളാഹ, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇലവുങ്കലിൽ ഇരുവശത്തേക്കും വാഹനങ്ങൾക്കു പോകാനാവത്ത വിധം കുരുക്കുണ്ടായി. മഴയിൽ നിലയ്ക്കലിൽ വാഹനങ്ങൾ പുതഞ്ഞു.
ദർശനത്തിന് ഒരു വരികൂടി
അഷ്ടാഭിഷേക വഴിപാട് പ്രതിദിനം 15 എണ്ണമാക്കി കുറച്ചത് നന്നായെന്ന് ഇന്നലെ ഹൈക്കോടതി നിരീക്ഷിച്ചു. വഴിപാടു നടത്തുന്നവരെ ഒരു നിരയാക്കി നിറുത്തുന്നതോടെ ശ്രീകോവിലിനു മുന്നിൽ ഭക്തർക്ക് ഒരു വരികൂടി ലഭ്യമാകുമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. വാഹനങ്ങൾ തടഞ്ഞിടുമ്പോൾ ചുക്കുവെള്ളവും ബിസ്‌കറ്റും നൽകാൻ മതിയായ വോളന്റിയർമാരെ നിയോഗിക്കണം.
1,19,480
ഇന്നലെ ബുക്ക് ചെയ്തവർ
രണ്ടു സെക്കൻഡ് എങ്കിലും ദർശനത്തിന് അവസരം ഉറപ്പാക്കാണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്
കെ. രാധാകൃഷ്ണൻ, ദേവസ്വം മന്ത്രി
നിയന്ത്രണങ്ങൾ,
സൗകര്യങ്ങൾ
പമ്പയിൽ: ഗണപതി ക്ഷേത്രത്തിന് താഴെയുള്ള നടപ്പന്തലിൽ വടം കെട്ടും. പരമാവധി ഒരു മണിക്കൂർ കാത്തുനിൽക്കണം. കുടിവെള്ളം നൽകും.
നീലിമല: രണ്ട് - മൂന്ന് മണിക്കൂർ കാത്തിരിപ്പ്. മേൽക്കൂരയുള്ള ക്യൂ കോംപ്ളക്സിൽ വിശ്രമത്തിന് സൗകര്യം. കുടിവെള്ളവും ലഘുഭക്ഷണവും
മരക്കൂട്ടം: നാല് മണിക്കൂർ വരെ കാത്തുനിൽപ്പ്. തീർത്ഥാടകർ വശങ്ങളിൽ ഇറങ്ങാതെ പൈപ്പു വേലിയുള്ള ക്യൂവിൽ നിൽക്കണം
ശരംകുത്തി: അഞ്ച് മണിക്കൂർ വരെ ക്യൂ. ക്യൂ കോംപ്ളക്സിൽ വിശ്രമിക്കാം. ലഘുഭക്ഷണവും കുടിവെള്ളവും നൽകാൻ കൂടുതൽ പേർ
ശരംകുത്തി - സന്നിധാനം: സാവധാനം കടത്തിവിടും. തിരക്കുള്ളപ്പോൾ പലയിടത്തും നിയന്ത്രിച്ചു നിറുത്തും. ചുക്കുവെള്ളം
വലിയ നടപ്പന്തൽ: പരമാവധി ഒരു മണിക്കൂർ കാത്ത് നിൽപ്പ്. നട തുറക്കുന്നതിന് അരമണിക്കൂർ മുൻപ് പതിനെട്ടാം പടി കയറ്റി ഫ്ളൈ ഓവർ നിറയ്ക്കും
പതിനെട്ടാം പടി
മിനിട്ടിൽ പരമാവധി 90 പേരെ കടത്തി വിടും. കഴിഞ്ഞ ദിവസം 45പേർ മാത്രമായപ്പോൾ ക്യൂ 14 മണിക്കൂർ നീണ്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |