പാലക്കാട്: എനർജി മീറ്റർ കാലിബറേഷൻ ചെയ്യാതെ കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ കീശ കാലിയാക്കുന്നു. അഞ്ചു വർഷത്തിലൊരിക്കൽ മീറ്റർ കാലിബറേഷൻ ചെയ്യണമെന്നാണ് നിയമമെങ്കിലും വർഷങ്ങളായി അത്തരം നടപടികൾ ചെയ്യാറില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
പാലക്കാട് കൽപ്പാത്തി സെക്ഷന് കീഴിൽ ആകെ 20,830 കണക്ഷനുകളാണുള്ളത്. അതിൽ 9,637 എണ്ണവും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നൽകിയ പുതിയ കണക്ഷനുകളാണ്. ബാക്കി 11,193 മീറ്ററുകൾ കാലിബറേഷൻ ചെയ്തിട്ടില്ലെന്ന് കൽപ്പാത്തി സെക്ഷൻ സീനിയർ സുപ്രണ്ട് ആർ.സ്വപ്ന നൽകിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കെ.എസ്.ഇ.ബി മീറ്ററുകൾക്ക് പ്രതിമാസം കൃത്യമായി വാടകയും മൂന്നുമാസത്തെ വൈദ്യുത നിരക്ക് കരുതൽ നിക്ഷേപമായും ഈടാക്കാറുണ്ട്. വാടകയും ഡെപ്പോസിറ്റും പിരിക്കുന്ന കെ.എസ്.ഇ.ബി നിയമം അനുശാസിക്കുന്ന വിധം ഉപഭോക്താവിന് കൃത്യമായ അളവിൽ വൈദ്യുതി വിതരണം ചെയ്യുക എന്നത് നിയമപരമായ ബാധ്യതയാണ്. ആ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന കെ.എസ്.ഇ.ബിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത ആവശ്യപ്പെട്ടു.
കൃത്യമായ അളവിലുള്ള സാധനമോ സേവനമോ ലഭിക്കുകയെന്നത് ഒരു ഉപഭോക്താവിന്റെ അവകാശമാണ്. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്ത് അളവ് തൂക്ക വിഭാഗം പ്രവർത്തിക്കുന്നത്. നിശ്ചിത കാലാവധിയിൽ അളവ് തൂക്ക ഉപകരണങ്ങൾ പരിശോധിച്ച് കൃതൃത ഉറപ്പാക്കുന്നു. ലീഗൽ മെട്രോളജി നിയമപ്രകാരം അളവ് തൂക്ക ഉപകരണങ്ങൾ സമയബന്ധിതമായി പരിശോധിച്ച് മുദ്ര വയ്ക്കാത്തത് കുറ്റകരമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ട് ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |