കണ്ണൂർ : കൊവിഡ് കാലത്ത് വർക്ക് ഫ്രം ഹോമിന്റെ മടുപ്പിൽനിന്നും രക്ഷതേടാനാണ് രാജിഷ ചിത്രംവരയെ കൂട്ടുപിടിച്ചത്. വരച്ചുവന്നപ്പോൾ സംഗതി സീരിയസായി. ചിത്രങ്ങൾ വിട്ട് രാജിഷ വരച്ചുണ്ടാക്കുന്നത് ഒന്നാന്തരം കലണ്ടറുകളാണ്.
2021-ൽ ‘പാട്ട് ചെമ്പകങ്ങൾ’ എന്ന് പേരിട്ട് ഇഷ്ടപ്പെട്ട സംഗീതജ്ഞരുടെ ചിത്രങ്ങളും വരികളും വരച്ച് കലണ്ടർ പുറത്തിറക്കിയതോടെയാണ് രാജിഷയുടെ വരതെളിഞ്ഞത്. വി. ദക്ഷിണാമൂർത്തി, പി. ഭാസ്കരൻ, വയലാർ രാമവർമ, യേശുദാസ് തുടങ്ങിയവരുടെ ചിത്രങ്ങളും അവരുടെ പാട്ടുകളും വെച്ച് ചെയ്ത കലണ്ടർ സെലിബ്രിറ്റികൾക്കിടയിലും സോഷ്യൽ മീഡിയയിലും ക്ലിക്കായി. 2022-ൽ ‘അക്ഷരനക്ഷത്രങ്ങൾ’ എന്ന് പേരിട്ട് മലയാളത്തിലെ സമകാലീന എഴുത്തുകാരുടെ ചിത്രങ്ങളും എഴുത്തും വരച്ച് കലണ്ടർ ചെയ്തു. മന്ത്രി എം. ബി. രാജേഷാണ് ‘അക്ഷരനക്ഷത്രങ്ങൾ’ പ്രകാശനം ചെയ്തത്.
‘സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴോന്നും ചിത്രംവര പരീക്ഷിച്ചിട്ടില്ല. തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് കോവിഡ് വരുന്നത്. വർക്ക് ഫ്രം ഹോമിനിടെ വെറുതേ വരയ്ക്കാൻ തുടങ്ങി, അതെല്ലാം ഫെയ്‌സ്‍ബുക്കിൽ പങ്കുവെച്ചു. ഇപ്പോൾ എൻജിനിയറിങ് ജോലിയൊക്കെ വിട്ടു. ആവശ്യക്കാർക്ക് ചിത്രങ്ങൾ വരച്ചുകൊടുക്കുകയാണ് ഷിംലയിൽ പണി’. ചെറുകുന്ന് ചുണ്ട കൊളങ്ങരയത്ത് വീട്ടിൽ കെ. രാജന്റെയും വിശാലാക്ഷിയുടെയും മകളായ രാജിഷയ്ക്ക് വൈൽഡ് ലൈഫ് വരയ്ക്കാനാണ് ഏറെയിഷ്ടം. മ്യൂറൽ പെയിന്റിങ് പഠിക്കുന്നുമുണ്ട്. ഷിംലയിൽ ഫോറസ്റ്റ് ഓഫീസറായ ഭർത്താവ് എൻ. രവിശങ്കറാണ് ഇക്കാര്യത്തിൽ രാജിഷയ്ക്ക് പിന്തുണ.
മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്രയാണ് രാജിഷയുടെ 2023 കലണ്ടറിന്റെ തീം. പാടിത്തുടങ്ങിയതുമുതൽ ഇതുവരെയുള്ള കെ. എസ്. ചിത്രയുടെ 12 ചിത്രങ്ങളാണ് കലണ്ടറിൽ വരച്ചിട്ടുള്ളത്. ചിത്രയുടെ 12 പ്രിയപ്പെട്ട പാട്ടുകളും ചേർത്ത് ‘ചിത്രഗീതങ്ങൾ’ എന്ന് പേരിട്ട കലണ്ടർ മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ പുറത്തിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |