തൃശൂർ: ക്ഷീരവികസന രംഗത്തെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാന ക്ഷീരകർഷക സംഗമം ഫെബ്രുവരിയിൽ മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ മൂന്നു ദിവസങ്ങളിലായി നടക്കും. സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷയായി.
ക്ഷീരമേഖലയെ മാറ്റങ്ങൾക്ക് വിധേയമാക്കി ഉത്പാദനവും ആദായവും വർദ്ധിപ്പിക്കാനുള്ള നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകർഷകർക്ക് വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ കോൾ സെന്റർ തുടങ്ങും. കർഷകരുടെ വീട്ടുമുറ്റത്ത് ഡോക്ടർമാരുടെ സേവനം എത്തിക്കാൻ ആദ്യം തിരുവനന്തപുരത്തും തുടർന്ന് ജില്ലകളിലും വാഹനം നൽകും.
അടിയന്തരഘട്ടത്തിൽ സഞ്ചരിക്കുന്നതിന് ആംബുലൻസ് സൗകര്യം പ്രയോജനപ്പെടും. ആംബുലൻസിൽ ഡോക്ടർ, ഡ്രൈവർ കം അറ്റൻഡർ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പാലിനൊപ്പം മുട്ട, മാംസം, പച്ചക്കറി എന്നിവയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യവുമായാണ് മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് പുൽക്കൃഷി വ്യാപകമായി നടപ്പാക്കുന്നുണ്ട്. ചോളക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. ക്ഷീര മേഖലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് പുതിയ തലമുറയെ കൂടി ഭാഗമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ജെ. ചിഞ്ചുറാണി, ഡോ. ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ എം.പി തുടങ്ങിയവരെ ഉൾപ്പെടുത്തി മന്ത്രി കെ. രാജൻ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |