ഉന്നതശീർഷനായ ദൈവശാസ്‌ത്രജ്ഞൻ ആണെങ്കിലും സാധാരണക്കാരനായിരുന്നു ബെനഡിക്‌ട് പതിനാറാമൻ പിതാവ്. അദ്ദേഹത്തിന്റെ പുഞ്ചിരിയും വാക്കുകളും സമീപനത്തിലെ നൈർമല്യവും എന്നെ ആകർഷിച്ചിട്ടുണ്ട്. മലങ്കര സഭയുടെ ആർച്ച് ബിഷപ്പായി ചുമതലയേൽക്കുമ്പോൾ പിതാവ് വത്തിക്കാനിൽ എന്നെ സ്വീകരിച്ചതും വളരെനേരം സംസാരിച്ചതും പിന്നീട് കർദ്ദിനാളായി നിയമിച്ചതുമെല്ലാം ഞാൻ ഓർക്കുന്നു. സുതാര്യതയാണ് അദ്ദേഹത്തെ ജനങ്ങളിലേക്ക് അടുപ്പിച്ചത്. വാക്കുകളിൽ നിശ്‌ചയദാർഢ്യം, സമീപനങ്ങളിൽ കൃത്യത, നിലപാടുകളിൽ വ്യക്തത. ഹൃദ്യതയാണ് ആളുകളിലേക്ക് പിതാവിനെ ചേർത്തുനിറുത്തിയത്.
ഭാരതത്തിൽ വരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഭാരതത്തിലെ മതസൗഹാർദത്തോട് ഉള്ളുതുറന്ന് അടുപ്പം കാട്ടി. ഇന്ത്യയിലെ എല്ലാ സഭയിലെ പിതാക്കന്മാരുമായും നല്ല ബന്ധമായിരുന്നി. പൗരസ്‌ത്യ ഓർത്തഡോക്‌സ് സഭയിലെ മേലദ്ധ്യക്ഷന്മാരുമായും രാഷ്‌ട്ര തലവന്മാരുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ ആരാധനാ രീതികൾ പ്രത്യേകം ശ്രദ്ധിച്ചു. ദൈവശാസ്‌ത്രജ്ഞൻ എന്ന നിലയിൽ എല്ലാ കാര്യങ്ങളും സൂക്ഷ്‌മമായി നിരീക്ഷിച്ചു.
ആധുനിക കാലത്ത് സഭയെ ദിശാബോധത്തോടെ നയിച്ച പരിശുദ്ധ ബെനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പ ദൈവശാസ്‌ത്ര പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ നടത്തിയ സാമൂഹികമായ ഇടപെടലുകൾ നിരവധിയാണ്. സഭയ്‌ക്കുള്ളിൽ നവീകരണം നടത്തിയ ആധുനിക കാലത്തെ മാർപ്പാപ്പയാണ് അദ്ദേഹം. ജോൺ പോൾ രണ്ടാമൻ എന്ന ജനകീയ മാർപ്പാപ്പ, ജനമദ്ധ്യത്തിലായിരിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഇവർ രണ്ട് പേരുടെയും കാലത്തിന് മദ്ധ്യേ നിശബ്‌ദമായും ഏകാഗ്രമായും സഭയെ നയിച്ച പിതാവാണ്. എട്ട് വർഷം സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന അദ്ദേഹം 23 വർഷം സഭയുടെ വിശ്വാസ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. മൂന്ന് വർഷം കർദ്ദിനാൾ സംഘത്തിന്റെ ഡീനായും സേവനമനുഷ്‌ഠിച്ചു.
ലോകമറിയുന്ന വേദപണ്ഡിതനായ അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. എഴുത്തും വായനയും ഒരിക്കലും മുടക്കിയിരുന്നില്ല. പരിശുദ്ധ പിതാവാണ് എന്നെയും സീറോ മലബാർ സഭയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയേയും കർദ്ദിനാൾ സംഘത്തിൽ നിയമിച്ചത്. ബെനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പ തീരുമേനിയുടെ നിര്യാണത്തിലുള്ള അനുശോചനവും പ്രാർത്ഥനയും സഭാ മക്കളേയും ഏവരെയും ഞാൻ അറിയിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |